ഏഷ്യന്‍ കപ്പ് ഫുട്ബോള്‍: ചരിത്രം കുറിച്ച് ഖത്തര്‍
നാല് തവണ ചാമ്പ്യന്‍ പട്ടം നേടിയ ജപ്പാനെയാണ് വെള്ളിയാഴ്ച അബൂദബി സായിദ് സ്പോര്‍ട്സ് സിറ്റില്‍ ഖത്തറിന് നേരിടേണ്ടത്.

യു.എ.ഇയെ മറുപടിയില്ലാത്ത നാല് ഗോളിന് തകര്‍ത്ത് ഖത്തര്‍ ഏഷ്യന്‍കപ്പ് ഫുട്ബാള്‍ ഫൈനലില്‍. വെള്ളിയാഴ്ച അബൂദബിയില്‍ നടക്കുന്ന ഫൈനല്‍ മല്‍സരത്തില്‍ ഖത്തര്‍ ജപ്പാനെ നേരിടും. ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ഏഷ്യന്‍കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
യു.എ.ഇ ആരാധകര്‍ തിങ്ങിനിറഞ്ഞ അബൂദബിയിലെ മൈതാനിയില്‍ എണ്ണം പറഞ്ഞ നാലു ഗോളുകള്‍ക്ക് ആതിഥേയരെ കറക്കിയെറിഞ്ഞാണ് ഖത്തര്‍ ഏഷ്യന്‍ കപ്പിന്റെ ഫൈനലിലേക്ക് എത്തുന്നത്. ഏഷ്യന്‍ കപ്പില്‍ ആദ്യമായി സെമി കണ്ട ഖത്തര്‍ ഫൈനല്‍ കൂടി ഉറപ്പിച്ചതോടെ ഫുട്ബാളില്‍ പുതിയ ചരിത്രം കുറിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ ഗോള്‍ വഴങ്ങാതെ അജയ്യരായാണ് ഖത്തറിന്റെ തേരോട്ടം എന്നത് കൂടി ശ്രദ്ധേയമാണ്. കളിയുടെ ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് ഖത്തര്‍ മുന്‍തൂക്കം നേടിയിരുന്നു. 22 മിനിറ്റില്‍ ബുആലിം ഖൂഖിയും 37ആം മിനിറ്റില്‍ മുആസം അലിയും യു.എ.ഇയെ വിറപ്പിച്ചു.
മറുപടി നല്‍കാനുള്ള ഓരോ ശ്രമവും ഖത്തര്‍ ഗോള്‍ കീപ്പര്‍ അല്‍ശീബും പ്രതിരോധ നിരയും തകര്‍ത്തു. ഇടവേളക്ക് ശേഷം 80 മിനിറ്റില്‍ ഹസന്‍ അല്‍ ഹൈദ്രോസിന്റെ വകയായിരുന്നു മൂന്നാമത്തെ പ്രഹരം. എക്സ്ട്രാ ടൈമില്‍ ഹമീദ് ഇസ്മായില്‍ നാലാം ഗോള്‍ നേടി. ഇതിനിടെ ഖത്തർ താരത്തെ മുഖത്ത് ഇടിച്ചതിന് യു.എ.യുടെ ഇസ് മാഈൽ അഹ്മദ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. നാല് തവണ ചാമ്പ്യന്‍ പട്ടം നേടിയ ജപ്പാനെയാണ് വെള്ളിയാഴ്ച അബൂദബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ ഖത്തറിന് നേരിടേണ്ടത്.
Adjust Story Font
16

