Quantcast

ഇതെന്താ വീഡിയോ അസിസ്റ്റ് റയല്‍ മാഡ്രിഡോ?

അയാക്‌സ് ആദ്യ പകുതിയില്‍ നേടിയ ഗോള്‍ വാര്‍ പരിശോധനക്കൊടുവില്‍ റഫറി നിരസിച്ചതാണ് വിവാദമായിരിക്കുന്നത്...

MediaOne Logo

Web Desk

  • Published:

    14 Feb 2019 11:10 AM IST

ഇതെന്താ വീഡിയോ അസിസ്റ്റ് റയല്‍ മാഡ്രിഡോ?
X

ചാമ്പ്യന്‍സ് ലീഗില്‍ വീഡിയോ അസിസ്റ്റ് സംവിധാനം അവതരിപ്പിച്ചതിന് പിന്നാലെ വിവാദങ്ങള്‍ക്കും തുടക്കമായി. പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ അയാക്‌സും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരഫലത്തെ പോലും വാറിന്റെ വരവ് ബാധിച്ചു. ഇത്തവണ വാര്‍ തുണച്ചത് റയല്‍ മാഡ്രിഡിനെയാണ്. അയാക്‌സ് ആദ്യ പകുതിയില്‍ നേടിയ ഗോള്‍ വാര്‍ പരിശോധനക്കൊടുവില്‍ റഫറി നിരസിക്കുകയായിരുന്നു.

വീഡിയോ അസിസ്റ്റ് റയല്‍ മാഡ്രിഡ് എന്നാണ് പലരും ഈ മത്സരശേഷം വാറിനെ വിശേഷിപ്പിച്ചത് തന്നെ. ആംസ്റ്റഡാമില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ വിറപ്പിച്ച ശേഷമാണ് അയാക്‌സ് കീഴടങ്ങിയത്. മത്സരത്തിന്റെ മുപ്പത്തിയേഴാം മിനുറ്റില്‍ നികോളസ് ടാഗ്ലിയാഫികോയാണ് അയാക്‌സിന് ആവേശമായി റയല്‍ വല ചലിപ്പിച്ചത്. കോര്‍ണര്‍ കിക്കിലെ റീബൗണ്ടില്‍ തലവെച്ചായിരുന്നു അര്‍ജന്റീനക്കാരനായ നികോളസ് അയാക്‌സിനായി ഗോള്‍ നേടിയത്.

എന്നാല്‍ ഈ ഗോള്‍ വാര്‍ പരിശോധനക്കൊടുവില്‍ റഫറി നിഷേധിച്ചതാണ് വിവാദമായത്. റയല്‍ മാഡ്രിഡ് ഗോളി കുര്‍ട്ടോയിസിനെ ഓഫ് സൈഡായി നിന്നിരുന്ന ടാഡിക് തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് റഫറി ഗോള്‍ നിഷേധിച്ചത്. സാങ്കേതികമായി ഇത് ശരിയാണെങ്കിലും വാര്‍ ഇല്ലായിരുന്നെങ്കില്‍ മത്സരത്തില്‍ അയാക്‌സ് 1-0ത്തിന് മുന്നിലെത്തിയേനേ.

ഈ ഗോള്‍ നിഷേധവിവാദത്തിനു ശേഷം ആദ്യപകുതി ഇരു ടീമുകളും ഗോള്‍ രഹിതമായാണ് പിരിഞ്ഞത്. പിന്നീട് മത്സരത്തിന്റെ അറുപതാം മിനുറ്റില്‍ കരിം ബെന്‍സെമയിലൂടെയാണ് റയല്‍ മാഡ്രിഡ് മുന്നിലെത്തിയത്. അയാക്‌സ് 75ആം മിനുറ്റില്‍ സിയെച്ച് വഴി ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ കളിതീരാന്‍ മൂന്ന് മിനുറ്റ് മാത്രം ബാക്കി നില്‍ക്കേ അസെന്‍സിയോ പെനല്‍റ്റിയിലൂടെ റയലിനെ കളി ജയിപ്പിക്കുകയായിരുന്നു. അതും വാര്‍ പരിശോധനക്കൊടുവില്‍ അനുവദിച്ച പെനല്‍റ്റിയിലൂടെ. അതുകൊണ്ടുതന്നെ ആരെങ്കിലും വീഡിയോ അസിസ്റ്റ് റയല്‍ എന്ന വാറിനെ വിശേഷിപ്പിച്ചാല്‍ കുറ്റം പറയാനൊക്കുമോ?

TAGS :

Next Story