Quantcast

ബാഴ്സയും റയലും കളിക്കളത്തില്‍ ഇത്രമേല്‍ ശത്രുക്കളാവാന്‍ കാരണമെന്ത്?

ശത്രുതക്കു പിന്നില്‍ കളിക്കളത്തിനപ്പുറത്ത് ചരിത്രപരവും രാഷ്ട്രീയപരവുമായ ഒട്ടനവധി കാരണങ്ങളുണ്ട്.

MediaOne Logo

Web Desk

  • Published:

    2 March 2019 5:22 PM GMT

ബാഴ്സയും റയലും കളിക്കളത്തില്‍ ഇത്രമേല്‍ ശത്രുക്കളാവാന്‍ കാരണമെന്ത്?
X

ലോകത്തിലെ തന്നെ ഏറ്റവും വാശിയേറിയ ഡെർബിയാണ് ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള എൽ ക്ലാസിക്കോ പോരാട്ടം. ശത്രുതക്കു പിന്നില്‍ കളിക്കളത്തിനപ്പുറത്ത് ചരിത്രപരവും രാഷ്ട്രീയപരവുമായ ഒട്ടനവധി കാരണങ്ങളുണ്ട്. പ്രധാന അഞ്ച് കാരണങ്ങൾ നോക്കാം.

1. സ്പെയിൻ vs കാറ്റലോണിയ

300 വർഷങ്ങൾക്ക് മുമ്പ് കാറ്റലോണിയ സ്വതന്ത്ര പ്രദേശമായിരുന്നു. നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവിൽ 1714ലാണ് കാറ്റലോണിയ സ്പെയിനിന്റെ ആധിപത്യത്തിന് കീഴടങ്ങുന്നത്. സ്പെയിനിൽ നിന്നുള്ള സ്വാതന്ത്രം ഓരോ കാറ്റലോണിയക്കാരന്റെയും ഇന്നും മരിക്കാത്ത ആഗ്രഹമാണ്. അതുകൊണ്ട് തന്നെ കാറ്റലോണിയക്കാര്‍ക്ക് മാഡ്രിഡിന്റെ ഭരണത്തോട് വെറുപ്പായിരുന്നു. എന്നാൽ മത്സരത്തിലെ ശത്രുത ആരംഭിക്കുന്നത് ജനറൽ ഫ്രാങ്കോയുടെ ഭരണകാലത്താണ്. അദ്ദേഹത്തിന്റെ ഗവൺമെന്റിന്റെ പ്രതിനിധികളായി റയൽ മാഡ്രിഡ് മാറുകയും എഫ്. സി ബാഴ്സലോണ കാറ്റലോണിയൻ പ്രതിരോധത്തിന്റെ പ്രതീകമാവുകയും ചെയ്തതോടെയാണ് ശത്രുത ശക്തിയാര്‍ജിക്കുന്നത്.

2. സംശയത്തിന്‍റെ നിഴലിലായ മത്സരങ്ങൾ

1943ൽ കോപ്പ ഡെല്‍ റേയില്‍ ഇരുവരും ഏറ്റുമുട്ടിയ മത്സരം ഈ ശത്രുതയുടെ വ്യാപ്തി കൂട്ടി. ആദ്യപാദത്തിൽ ബാഴ്സ 3-0ന് ജയിച്ചെങ്കിലും രണ്ടാം പാദം 11-1ന് അമ്പേ പരാജയപ്പെടുകയായിരുന്നു. അതോടെ മുതിർന്ന സൈനികൻ ബാഴ്സക്കുമേൽ സമ്മർദ്ദം ചെലുത്തിയതാണെന്ന് വാദമുയർന്നു. ആഭ്യന്തരയുദ്ധമവസാനിച്ച് നാല് വർഷത്തിടയിൽ നടന്ന മത്സരമായതിനാൽ ആ വാദത്തിന് വലിയ ശ്രദ്ധകിട്ടി. 1970ലെ കപ്പ് മത്സരത്തിൽ സംശയം ഉളവാക്കുന്ന പെനാൽറ്റിയുടെ ആനുകൂല്യത്തിൽ റയൽ മത്സരത്തിന്റെ സെമിയിൽ കടന്നതും വിവാദത്തിൽ കലാശിച്ചു.

3. കലുഷിതമായ ട്രാൻസ്ഫറുകൾ

1953ൽ ഡി സ്റ്റിഫാനോ ബാഴ്സലോണയുമായി കരാർ ഒപ്പിടാൻ ആഗ്രഹിച്ചെങ്കിലും അവസാനം റയലുമായാണ് കരാർ ഒപ്പിട്ടത്. 11 വർഷം അദ്ദേഹം റയലിനായി ബൂട്ടുകെട്ടി. ഇരു ടീമുകളും ഈ താരത്തിനായി കോടതി വരെ കയറിയിരുന്നു. പലരും ഇതിനു പിന്നിൽ ചരട് വലിച്ചത് ഫ്രാങ്കോയാണെന്ന് സംശയിച്ചു.

അതുപോലെ തന്നെ ഫിഗോയുടെ റയലിലേക്കുളള കൂടുമാറ്റം തെല്ലൊന്നുമല്ല ഈ ശത്രുത ഉയർത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ചതിയായാണ് കാറ്റലോണിയക്കാർ ഈ കൂടുമാറ്റത്തെ വിശേഷിപ്പിച്ചത്

4. അഞ്ച് ഗോളിന്റെ ആഘോഷം

അഞ്ചു ഗോളിന്‍റെ വിജയമെന്നത് എൽ ക്ലാസിക്കോയില്‍ സാധാരണമാണ്. വിടർത്തിയ വിരലുകൾ ഉയർത്തിയുള്ള ആഘോഷം ഈ ശത്രുതയുടെ ആക്കം കൂട്ടി. 1953ൽ റയലിനായി ഡി സ്റ്റിഫാനോയുടെ കൈ ഉയര്‍ത്തിയുള്ള ആഘോഷം ചരിത്രത്തിൽ മറക്കാനാവാത്ത ഒന്നാണ്. 1974ലെ ക്രൈഫിന്റെ തിരിച്ചുള്ള ആഘോഷവും പ്രസിദ്ധമാണ്.

5. 18 ദിവസത്തിനിടയില്‍ നാല് എൽ ക്ലാസിക്കോകൾ

2011ൽ 18 ദിവസത്തിനിടയിൽ നാല് എൽ ക്ലാസിക്കോകൾ നടന്നു. മത്സര ഫലങ്ങളെക്കാൾ മത്സരങ്ങളിലുടനീളം സംഘർഷം പ്രകടമായിരുന്നു.
ഗാർഡിയോളയും മൗറീഞ്ഞോയും തമ്മിലുള്ള ശത്രുതയും മത്സരത്തെ ബാധിച്ചു.

TAGS :

Next Story