ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം
ലുക്കാക്കു കളം നിറഞ്ഞ് കളിച്ചപ്പോള്‍ യുണൈറ്റഡ് സതാംപ്റ്റണെ പരാജയപ്പെടുത്തി

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. ലുക്കാക്കു കളം നിറഞ്ഞ് കളിച്ചപ്പോള്‍ യുണൈറ്റഡ് സതാംപ്റ്റണെ തകര്‍ത്തു. മെഹ്റസിന്റെ ഏകഗോളില്‍ സിറ്റി ബേണ്‍മൌത്തിനെ പരാജയപ്പെടുത്തി. വാശിയേറിയ ആഴ്സണല്‍ ടോട്ടനം മത്സരം സമനിലയില്‍ കലാശിച്ചു.

റുമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോളിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സതാംപ്റ്റണെ 3-2ന് തകര്‍ത്തു. ഒരു ഗോളിന് പിന്നിലായ ശേഷം തിരിച്ചുവരുകയായിരുന്നു ചുവപ്പ് ചെകുത്താന്മാർ. 26ാം മിനിറ്റിൽ യൻ വാലറിയാണ് യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഗോൾ നേടിയത്. എന്നാൽ യുണൈറ്റഡ് മധ്യനിര താരം ആൻഡ്രിയാസ് പെരേര 53ാം മിനിറ്റിൽ മത്സരം സമനിലയാക്കി. ആറ് മിനിറ്റിനുള്ളിൽ ലുക്കാക്കു വീണ്ടും സതാംപ്റ്റണിന്റെ വലകുലുക്കി. എന്നാൽ 75ാം മിനിറ്റിൽ സതാംപ്റ്റൺ തിരിച്ചടിച്ചു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ലുക്കാക്കു യുണൈറ്റഡിനായി വീണ്ടും ലക്ഷ്യം കണ്ടു.
മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍മൌത്തിനെ പരാജയപ്പെടുത്തി ലീഗില്‍ ഒന്നാം സ്ഥാനം നിലനിർത്തി. റിയാദ് മെഹ്റസാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. നിലവിൽ 29 മത്സരങ്ങളിൽ നിന്നും 71 പോയന്റുമായി ഒന്നാം സ്ഥാനത്താണ് സിറ്റി. എന്നാൽ രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന്റെ ഈ വാരത്തിലെ മത്സരം എവർട്ടനുമായി നടക്കാനിരിക്കുന്നതേയുള്ളൂ.
മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാം ആഴ്സനലിനെ സമനിലയില്‍ തളച്ചു. ഇതോടെ യുണൈറ്റഡ് നാലാം സ്ഥാനം തിരിച്ചുപിടിച്ചു. സമനിലയോടെ 29 മത്സരങ്ങളിൽ നിന്നും 57 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ആഴ്സണൽ.
Adjust Story Font
16

