Quantcast

റയല്‍ മാഡ്രിഡിന് തിരിച്ചടിയായി വിനീഷ്യസ് ജൂനിയറിന്റെ പരിക്ക്

ഇതോടെ വിനീഷ്യസ് ജൂനിയര്‍ ഇല്ലാതെയായിരിക്കും സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ റയല്‍മാഡ്രിഡ് ഇറങ്ങുക...

MediaOne Logo

Web Desk

  • Published:

    6 March 2019 9:23 PM IST

റയല്‍ മാഡ്രിഡിന് തിരിച്ചടിയായി വിനീഷ്യസ് ജൂനിയറിന്റെ പരിക്ക്
X

ചാമ്പ്യന്‍സ് ലീഗില്‍ തോറ്റു പുറത്തായതിന് പിന്നാലെ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന് കൂടുതല്‍ തിരിച്ചടിയായി സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയറിന്റെ പരിക്ക്. റയല്‍ 4-1ന് തോറ്റ അയാക്‌സിനെതിരായ മത്സരത്തിനിടെയാണ് വിനീഷ്യസ് ജൂനിയറിന് പരിക്കേറ്റത്. തുടക്കത്തില്‍ പരിക്ക് സാരമുള്ളതല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും രണ്ട് മാസത്തോളം കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരുമെന്നാണ് ഒടുവില്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന.

ചൊവ്വാഴ്ച്ച രാത്രി അയാക്‌സുമായി നടന്ന മത്സരത്തിന്റെ ആദ്യപകുതിയിലാണ് വിനീഷ്യസ് ജൂനിയര്‍ പരിക്കേറ്റ് കളം വിട്ടത്. താരത്തിന്റെ വലംകാല്‍ മുട്ടില്‍ പരിക്കേറ്റെന്ന് ബുധനാഴ്ച്ച റയല്‍മാഡ്രിഡ് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് കളത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെങ്കിലും രണ്ട് മാസമെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നതെന്നും ക്ലബ് വ്യക്തമാക്കി. അതോടെ വിനീഷ്യസ് ജൂനിയര്‍ ഇല്ലാതെയായിരിക്കും സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ റയല്‍മാഡ്രിഡ് ഇറങ്ങുകയെന്ന് ഏതാണ്ട് ഉറപ്പായി.

റയല്‍മാഡ്രിഡ് ക്ലബിലെ ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പരിക്ക് ഗുരുതരമല്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പരിക്ക് സാരമാണെന്ന് കണ്ടെത്തിയത്. ഇതോടെ റയല്‍മാഡ്രിഡ് കോച്ച് സാന്തിയാഗോ സൊളാരി കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സീസണില്‍ കഴിഞ്ഞ 12 മത്സരങ്ങളിലും തുടര്‍ച്ചയായി വിനീഷ്യസ് ജൂനിയര്‍ റയല്‍മാഡ്രിഡിനായി ഇറങ്ങിയിരുന്നു. കഴിഞ്ഞ 17 റയല്‍മാഡ്രിഡ് മത്സരങ്ങളില്‍ 16ലും 18കാരനായ ഈ ബ്രസീലുകാരന്‍ കളിച്ചിരുന്നു.

TAGS :

Next Story