പെനല്‍റ്റി വേണ്ട, അത് ഫൗളല്ല... തുറന്നുപറഞ്ഞ മെസിക്ക് തംസ് അപ്പ് നല്‍കി റഫറിയും
പെനല്‍റ്റി ബോക്‌സില്‍ അഞ്ച് താരങ്ങള്‍ക്കിടയിലൂടെയാണ് മെസി ഗോളിനുള്ള പഴുത് കണ്ടെത്താന്‍ ശ്രമിച്ചത്.

കളിയിലെ മാന്യതയില്‍ മറ്റേത് ഫുട്‌ബോള്‍ താരത്തേക്കാളും ഒരു പടി മുന്നിലാണ് ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസി. ബാഴ്‌സയുടെ റയോ വല്ലക്കാനേക്കെതിരെ നടന്ന മത്സരത്തിനിടയിലും മെസിയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് പ്രകടമാക്കുന്ന ഒരു സംഭവം നടന്നു. പെനല്‍റ്റി ബോക്‌സില്‍ എതിര്‍ താരം ഫൗള്‍ ചെയ്തിട്ടില്ലെന്ന് മെസി തന്നെ റഫറിയോട് പറയുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് റയോ വല്ലക്കാനോയായിരുന്നു. വൈകാതെ ബാഴ്‌സ പിക്വെയുടെ ഹെഡറിലൂടെ സമനില നേടുകയും ചെയ്തു. ആദ്യ പകുതി തീരും മുമ്പെയായിരുന്നു മെസിയുടെ നീക്കം റയോ വല്ലക്കാനോ പ്രതിരോധത്തെ അങ്കലാപ്പിലാക്കിയത്. പെനല്‍റ്റി ബോക്‌സില്‍ അഞ്ച് താരങ്ങള്‍ക്കിടയിലൂടെയാണ് മെസി ഗോളിനുള്ള പഴുത് കണ്ടെത്താന്‍ ശ്രമിച്ചത്. ഇതിനിടെ റയോ പ്രതിരോധക്കാരന്റെ കാലില്‍ തട്ടി ബാലന്‍സ് തെറ്റി മെസി വീഴുകയും ചെയ്തു.
ബോക്‌സില്‍ മെസി വീഴുന്നത് കണ്ട് പെനല്‍റ്റിയെന്ന സുവര്‍ണ്ണാവസരത്തിനുവേണ്ടി ബാഴ്‌സ താരങ്ങള്‍ ഓടിയടുത്തു. റഫറി വാറിന്റെ സഹായം തേടുകയും ചെയ്തു. ഇതിനിടെയാണ് മെസി റഫറിയോട് താന്‍ ബാലന്‍സ് തെറ്റി വീഴുകയായിരുന്നുവെന്നും അത് ഫൗളല്ലായിരുന്നുവെന്നും തുറന്നു പറഞ്ഞത്. മെസിയുടെ മാന്യമായ പെരുമാറ്റത്തെ തംസ് അപ്പിലൂടെ പ്രോത്സാഹിപ്പിക്കാനും റഫറി മറന്നില്ല. മെസിയുടെ അസിസ്റ്റിന്റേയും പെനല്‍റ്റി ഗോളിന്റേയും സഹായത്തില്‍ ബാഴ്‌സലോണ 3-1ന് ജയിക്കുകയും ചെയ്തു. സീസണില്‍ 31കാരനായ മെസി ഇതുവരെ 26 ഗോളുകള്‍ നേടുകയും 12 അസിസ്റ്റുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16

