Quantcast

ഖത്തര്‍ ലോകകപ്പിന് 48 ടീമുകളുണ്ടാകുമോ ?

ഫിഫയുടെ സാധ്യതാ പഠനത്തില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് അനുകൂലമായ നിര്‍ദേശങ്ങളാണുള്ളത്

MediaOne Logo

Web Desk

  • Published:

    16 March 2019 8:34 AM IST

ഖത്തര്‍ ലോകകപ്പിന് 48 ടീമുകളുണ്ടാകുമോ ?
X

ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2022 ഫിഫ ലോകകപ്പില്‍ ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തണമോയെന്ന കാര്യത്തില്‍ വരുന്ന ജൂണില്‍ അന്തിമതീരുമാനം എടുക്കും. മിയാമിയില്‍ ഇന്ന് ചേര്‍ന്ന ഫിഫ ഉന്നതാധികാര സമിതി യോഗത്തിന്‍റെതാണ് തീരുമാനം.

ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കണമോയെന്ന കാര്യം മുഖ്യ അജണ്ടയാക്കിയാണ് മിയാമിയില്‍ ഫിഫ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നത്. വിഷയത്തില്‍ ഫിഫയുടെ സാധ്യതാപഠനത്തിന്റെ വിശദാംശങ്ങളും പ്രാദേശിക സംഘാടകരായ ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി നടത്തിയ പഠന റിപ്പോര്‍ട്ടും കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു.

വിശദമായ ചര്‍ച്ചയ്ക്ക് ശേഷം വിഷയത്തില്‍ അന്തിമ തീരുമാനം വരുന്ന ജൂണില്‍ എടുക്കുമെന്ന് നേതാക്കള്‍ പ്രതികരിച്ചു. ഫിഫയുടെ സാധ്യതാ പഠനത്തില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് അനുകൂലമായ നിര്‍ദേശങ്ങളാണുള്ളത്.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തീരുമാനം നടപ്പാകുകയാണെങ്കില്‍ ഖത്തറിന്റെ അയല്‍രാജ്യങ്ങളെ സഹ ആതിഥേയത്വത്തിനായി പരിഗണിക്കേണ്ടിവരും.

എന്നാല്‍ ഇക്കാര്യത്തില്‍ ഖത്തറിന്‍റെ തീരുമാനത്തിനും നിലപാടിനോടും യോജിക്കുന്ന സമീപനമാകും ഫിഫ സ്വീകരിക്കുക. നിലവിലെ 32 ടീം ഘടനയിലുള്ള തയാറെടുപ്പുകളാണ് ഖത്തര്‍ നടത്തി വരുന്നത്. സാധ്യമാണെങ്കില്‍ മറ്റു സാധ്യതകളും പരിഗണിക്കാന്‍ ഖത്തര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ടീമുകളുടെ എണ്ണം ഉയര്‍ത്തിയാല്‍ നിലവിലെ 64 മത്സരങ്ങളെന്നത് 80 ആയി ഉയരും. അങ്ങനെ സംഭവിച്ചാലും ഗ്രൂപ്പ് ഘട്ടത്തിലെ കുറച്ച് മത്സരങ്ങള്‍ മാത്രമാകും സഹ ആതിഥേയത്വ രാജ്യങ്ങളില്‍ നടക്കുക. നോക്കൌട്ട് മുതലുള്ള മത്സരങ്ങളെല്ലാം ഖത്തറില്‍ വെച്ച് തന്നെയാകും നടക്കുക

TAGS :

Next Story