ഐ.എസ്.എല്‍ കിരീടം ബംഗളൂരു എഫ്.സിക്ക്
118ആം മിനുറ്റില്‍ രാഹുല്‍ ബേക്ക നേടിയ ഗോളിലൂടെയാണ് ബംഗളൂരു എഫ്.സി കന്നി ഐ.എസ്.എല്‍ കിരീടത്തില്‍ മുത്തമിട്ടത്.

എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട കലാശപോരാട്ടത്തില്‍ എഫ്.സി ഗോവയെ ഒരു ഗോളിന് തോല്‍പ്പിച്ച് ബംഗളൂരു എഫ്.സിക്ക് ഐ.എസ്.എല്‍ കിരീടം. 118ആം മിനുറ്റില്‍ രാഹുല്‍ ബേക്ക നേടിയ ഗോളിലൂടെയാണ് ബംഗളൂരു എഫ്.സി ഐ.എസ്.എല്ലിലെ കന്നി കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാവാതെ വന്നതോടെ കിരീടത്തിനായുള്ള പോരാട്ടം അധിക സമയത്തിലേക്ക് നീളുകയായിരുന്നു.
സെമിഫൈനലില്‍ ഉള്‍പ്പടെ ഈ സീസണില്‍ 41 ഗോളുകള്‍ അടിച്ച എഫ്.സി ഗോവക്കും 33 ഗോളുകള്‍ അടിച്ച ബംഗളൂരു എഫ്.സിക്കും ലക്ഷ്യത്തിലേക്ക് ഒരു തവണപോലും പന്ത് പായിക്കാന്‍ സാധിക്കാതെയാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാംപകുതിയില്‍ ഇരുടീമുകളും ഗോള്‍ തേടിയിറങ്ങിയതോടെ മത്സരത്തിന് വേഗവും ആവേശവും കൂടി.
എണ്‍പതാം മിനുറ്റില്‍ ബംഗളൂരു എഫ്.സിയുടെ മിക്കുവിന് ഒന്നാന്തരം അവസരം ലഭിച്ചു. ഉദാന്ത സിംഗിന്റെ ക്രോസ് ഛേത്രി നെഞ്ചിലേറ്റുവാങ്ങി സിസ്‌കോക്ക് നല്‍കി. ബോക്‌സില്‍ സിസ്‌കോയുടെ ബാക്ക് ഹീല്‍ പാസ് മിക്കുവിന്റെ കാലിലെത്തുമ്പോള്‍ മുന്നില്‍ ഗോളി മാത്രം. മിക്കുവിന്റെ ഷോട്ട് ഗോവ ഗോളിയെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടി പുറത്തേക്ക്.
മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന ഐ.എസ്.എല്‍ ഫൈനലില്‍ കന്നികിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ രണ്ടു ടീമുകള്‍ക്കും നിശ്ചിത സമയത്ത് ഗോള്‍ നേടാനായില്ല.
അധിക സമയക്കളിയുടെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍(105') എഫ്.സി ഗോവയുടെ അഹമ്മദ് ജാഹു രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. മിക്കുവിന്റെ ഫൗളിനെ തുടര്‍ന്നുള്ള മറിച്ചിലിനിടെ ജാഹു മിക്കുവിനെ തിരിച്ചു ചവിട്ടിയതാണ് കാര്‍ഡിലേക്ക് വഴിവെച്ചത്. അവസാന പതിനഞ്ചു മിനുറ്റുകളില്‍ പത്തു പേരുമായാണ് എഫ്.സി ഗോവ കളിച്ചത്. ഇത് മത്സരത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. ഐ.എസ്.എല്‍ ഫൈനലില്‍ ആദ്യമായാണ് ഒരുതാരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുന്നത്.
മത്സരത്തിന്റെ 118ആം മിനുറ്റിലാണ് നിര്‍ണ്ണായകമായ ഗോള്‍ പിറക്കുന്നത്. ബംഗളൂരു എഫ്.സിക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് നേരെ വന്നത് മാര്‍ക്ക് ചെയ്യാതെ നിന്ന പ്രതിരോധ താരം രാഹുല്‍ ബേക്കെയുടെ തലയിലേക്ക്. ഉഗ്രനൊരു ഹെഡ്ഡറിലൂടെ രാഹുല്‍ ലഭിച്ച അവസരം ഗോളാക്കി മാറ്റുകയും ഫൈനലിലെ താരമായി ഉദിച്ചുയരുകയും ചെയ്തു.
ഇരുടീമുകളും രണ്ടാം തവണയാണ് ഐ.എസ്എല്ലില്‍ ഫൈനല്‍ കളിച്ചത്. രണ്ടാം ഫൈനല്‍ ബംഗളൂരുവിന് കിരീട മധുരം സമ്മാനിച്ചപ്പോള്‍ എഫ്.സി ഗോവ ഐ.എസ്.എല്‍ കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് രണ്ടാം പകുതിയില്‍ എഫ്.സി ഗോവ ബംഗളൂരു എഫ്.സി കളിക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് കളിക്കാനിറങ്ങിയത്.
Adjust Story Font
16

