കരിയറിലെ പത്താം ലാലീഗ കിരീടം ഉയര്‍ത്തി മെസി
മെസി നായകനായുള്ള ആദ്യത്തെ ലാലീഗ കിരീടമാണ് താരം ഉയര്‍ത്തുന്നത്.

ഈ സീസണിൽ മൂന്ന് മത്സരം അവശേഷിക്കെ എതിരാളികളാരുമില്ലാതെ ലാലീഗ കിരീടം നൗ കാമ്പിലെത്തിച്ചിരിക്കുകയാണ് മെസിയും പിള്ളേരും. ഇത് മെസിയുടെ മാസ്മരിക കരിയറിലെ പത്താമത്തെ ലീഗ് കിരീടമാണ്. ബാഴ്സക്കായി ഇനിയസ്റ്റ ഒമ്പതും ചാവി എട്ടും ലീഗ് ടൈറ്റിലുകൾ നേടിയിട്ടുണ്ട്. മെസി ഇനിയും ഈ പ്രകടനം തുടർന്നാൽ ലീഗ് കിരീടങ്ങളുടെ എണ്ണം വർധിക്കാൻ തന്നെയാണ് സാധ്യത.
15 സീസണുകള്‍ പൂര്‍ത്തിയായിരിക്കുന്നു സ്പാനിഷ് പുല്‍മൈതാനത്ത് ഈ ഇടംകാല്‍ മായാജാലം കാണിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്നും ആ 31കാരനെ എങ്ങനെ പൂട്ടുമെന്ന് ലോകത്തൊരു പ്രതിരോധത്തിനും നിശ്ചയമില്ലെന്നാണ് താരത്തിന്റെ പ്രകടനം തെളിയിക്കുന്നത്. കളി നെയ്തും ഗോളടിച്ചും കളി മൈതാനങ്ങളെ അടക്കി ഭരിക്കുന്ന മെസി ഈ സീസണിലും 34 ഗോളും 13 അസിസ്റ്റും നേടിയിട്ടുണ്ട്.
👑 Leo #Messi
— FC Barcelona (@FCBarcelona_cat) April 27, 2019
Guanyar la teva lliga número 10 i celebrar-ho amb els que més estimes 💙❤ #WeColorLaLiga pic.twitter.com/UWK3C7Ulgb
ബാഴ്സക്കായി മിശിഹാ ഇതിനകം 34 കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇനിയസ്റ്റ 32 കിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും, ഈ സീസണിലെ കോപ്പ ഡെല്‍റേയും ചാമ്പ്യൻസ് ലീഗും നേടിയാൽ ഈ സീസണിൽ തന്നെ മെസി ബഹുദൂരം മുന്നിലെത്തും.
മിശിഹാ ഇനിയും എത്തിപിടിച്ചിട്ടില്ലാത്ത റെക്കോർഡുകൾ
ലാലീഗയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതൽ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുന്നത് റയലിന്റെ മുന്‍ താരം ഫ്രാൻസിസ്ക്കോ ഹെന്റോയാണ്. തന്‍റെ കരിയറില്‍ 12 ലീഗ് കിരീടം അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, തൊട്ടുപിറകിലായി 10 കിരീടവുമായി മെസിയുമുണ്ട്. എന്നിരുന്നാലും ഈ റെക്കോര്‍ഡ് എത്തിപിടിക്കാന്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് സീസണെങ്കിലും മെസി കാത്തിരിക്കേണ്ടിവരും.
ബാഴ്സലോണക്കായി നാല് ചാമ്പ്യന്‍സ് ലീഗ് കിരീടം, ആറ് കോപ്പ ഡെൽറെ, പത്ത് ലാലീഗ കിരീടം എന്നിവയടക്കം 34 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് മെസി.

1990 മുതൽ 2014 വരെയുള്ള സീസണിൽ യുണൈറ്റഡിനായി 36 കിരീടങ്ങൾ നേടിയിട്ടുണ്ട് റയാൻ ഗിഗ്സ്. ഒരു ക്ലബിനായി ഏറ്റവും കൂടുതൽ കിരീടം നേടുന്ന എന്നത്തേയും മികച്ച താരമാണ് ഗിഗ്സ്. ഈ റെക്കോർഡ് മറികടക്കാന്‍ കുറഞ്ഞത് ഒരു സീസണ്‍ വരെയെങ്കിലും മെസി കാത്തിരിക്കേണ്ടി വരും.
Adjust Story Font
16

