Quantcast

ആന്‍ഫീല്‍ഡില്‍ തീപാറുമോ? 

ഇന്ന് മെസിയെ ക്ലോപ്പിന്റെ ചെമ്പടക്ക് പ്രതിരോധിക്കാനാവുമോ എന്ന് തന്നെയാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്

MediaOne Logo

Web Desk

  • Published:

    7 May 2019 7:18 PM IST

ആന്‍ഫീല്‍ഡില്‍ തീപാറുമോ? 
X

ചാമ്പ്യൻസ് ലീഗ് സെമി രണ്ടാം പാദ മത്സരത്തിൽ ഇന്ന് ബാഴ്സലോണ ലിവർപൂളിനെ അവരുടെ തട്ടകത്തിൽ നേരിടും. ആദ്യപാദ മത്സരത്തിൽ ബാഴ്സ എതിരില്ലാത്ത മൂന്ന് ഗോളിന് ലിവർപൂളിനെ തകർത്തിരുന്നു. മെസി ഇരട്ട ഗോൾ കണ്ടെത്തിയ മത്സരത്തിൽ സുവാരസാണ് ലിവർപൂൾ വലകുലുക്കിയ മറ്റൊരു താരം. എന്നാൽ മൂന്ന് ഗോൾ നേടി ബാഴ്സ ആധികാരിക ജയം സ്വന്തമാക്കിയിരുന്നെങ്കിലും മത്സരത്തിൽ ലിവർപൂൾ മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.

ആന്‍ഫീല്‍ഡിലെ ലിവർപൂളിനെ എഴുതിതള്ളാനായിട്ടില്ല. പ്രീമിയർ ലീഗിൽ ഈ സീസണിൽ ഒരൊറ്റ മത്സരം മാത്രമാണ് ലിവർപൂൾ പരാജയപ്പെട്ടിട്ടുള്ളൂ. അതുകൊണ്ട് തന്നെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കെൽപുള്ള ടീം തന്നെയാണ് ലിവർപൂൾ. എന്നാൽ പരിക്കിന്റെ പിടിയിലായ സലാഹും ഫിർമിനോയും കളിക്കാത്തത് ചെമ്പടക്ക് വലിയ നഷ്ടം തന്നെയായിരിക്കും. ആ വിടവ് ക്ലോപ്പ് എങ്ങനെ പരിഹരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.

ബാഴ്സലോണ ശക്തമാണ്. ഇതിനകം സ്പാനിഷ് ലീഗ് സ്വന്തമാക്കിയ കറ്റാലിയന്മാർ കഴിഞ്ഞ മത്സരത്തിൽ സൂപ്പർ താരങ്ങളെയെല്ലാം ബെഞ്ചിലിരുത്തിയാണ് സെൽറ്റാവിഗോക്കെതിരെ ടീമിലെ ഇറക്കിയത്. മെസിയും സുവാരസും ബുസ്ക്വറ്റ്സും റാക്കിറ്റിച്ചും പിക്വയുമെല്ലാം വിശ്രമത്തിലായിരുന്നു. അതുകൊണ്ട് തന്നെ ശക്തമായ ഒരുക്കത്തോടെയാണ് മെസിയും പിള്ളേരും ആന്‍ഫീല്‍ഡിലേക്ക് വിമാനം കയറിയിരിക്കുന്നത്.

ലിവർപൂളിന് സ്വന്തം തട്ടകത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് പരിചയവുമുണ്ട്. 2016ല്‍ ഡോര്‍ട്മുണ്ടിനെതിരെ 24 മിനിറ്റിനുള്ളില്‍ 4-2ന് തകര്‍ന്ന ലിവര്‍പൂള്‍ തിരിച്ചുവന്ന ചരിത്രമുണ്ട്. ബാഴ്സയാണെങ്കില്‍ എവേ മത്സരത്തില്‍ പലകുറി അടിപതറിയിട്ടുമുണ്ട്.

ആദ്യപാദത്തില്‍ എവേഗോൾ വഴങ്ങാതെ മൂന്ന് ഗോളിന്റെ വിജയം സ്വന്തമാക്കിയത് എന്തുകൊണ്ടും ബാഴ്സക്ക് ആത്മവിശ്വാസം നൽകും. ഓരോ ദിവസം കൂടുംതോറും മെസിയെ പിടിച്ചുകെട്ടാൻ സാധ്യമല്ല എന്ന് താരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ലിവർപൂളിനെതിരെ ആദ്യപാദത്തിലും യുണൈറ്റഡിനെതിരെയുമെല്ലാം മെസി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഇന്ന് മെസിയെ എങ്ങനെ പ്രതിരോധിക്കാനാവും എന്നത് തന്നെയാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്. അതുകൊണ്ട് തന്നെ എന്തും പ്രതീക്ഷിക്കാം. ആന്‍ഫീല്‍ഡില്‍ തീപാറും.

TAGS :

Next Story