Quantcast

കറ്റാലന്‍ പടയെ തളച്ചത് ഒരു കാനറിപ്പക്ഷി 

സൂപ്പർ താരങ്ങളായ സലാഹും ഫിർമീന്യോയും ഇല്ലാതെ ബാഴ്സലോണക്കെതിരെ വിജയം നേടിയ ലിവർപൂളിന് അലിസൺ കൂടുതൽ പ്രിയപ്പെട്ടവനാകുന്നു.

MediaOne Logo

Web Desk

  • Published:

    8 May 2019 1:34 PM IST

കറ്റാലന്‍ പടയെ തളച്ചത് ഒരു കാനറിപ്പക്ഷി 
X

തുടർച്ചയായ രണ്ടാം തവണയാണ് ആദ്യ പാദത്തിൽ ലഭിച്ച മൂന്ന് ഗോൾ ലീഡ് കളഞ്ഞ്കുളിച്ച് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗിൽ നിന്ന് പുറത്താകുന്നത്. എന്നാൽ ഈ രണ്ട് പുറത്താകലിലും എതിർ ടീമുകളുടെ വല കാത്തത് ഒരാൾ തന്നെയാണ് എന്നതാണ് ഈ തോൽവികളിലെ പ്രത്യേകത.

2018 ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിൽ എ.എസ് റോമയോട് തോൽവി വഴങ്ങി ബാഴ്സലോണ പുറത്താകുമ്പോൾ എതിർ ടീമിന്റെ ഗോൾവലക്കു മുന്നിൽ പാറ പോലെ ഉറച്ചു നിന്ന അലിസൺ ബക്കർ എന്ന ബ്രസീലിയൻ ഗോൾകീപ്പർ തന്നെയാണ്, ഈ വർഷം ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിൽ ബാഴ്സലോണ പുറത്താകുമ്പോൾ ലിവർപൂളിന്റെ വല കാത്തതും.

ലയണൽ മെസ്സിയുടെ ഇരട്ട ഗോളിന്റെ മികവിൽ സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ മൂന്ന് ഗോളിന്റെ എകപക്ഷീയ വിജയം സ്വന്തമാക്കിയിരുന്നു ബാഴ്സലോണ. അന്ന് അലിസണ്‍ ബക്കറെ കീഴ്പ്പെടുത്തിയെങ്കിലും രണ്ടാം പാദത്തില്‍ ഗോൾവലക്കുമുന്നിൽ അലിസൺ ഒരു വൻമതിൽ തീർത്തതോടെ മെസ്സിയുടെയും കൂട്ടരുടെയും മുനയൊടി‍യുകയായിരുന്നു.

മെസ്സിയുടെ രണ്ട് ഷോട്ടുകളടക്കം എട്ട് ഷോട്ടുകളാണ് അലിസണ്‍ ബക്കര്‍ തടുത്തിട്ടത്. സമാന അവസ്ഥ തന്നെ ആയിരുന്നു 2018ലും ഉണ്ടായത്. ആദ്യ പാദത്തിൽ 4-1ന്റെ ലീഡ് നേടിയിട്ടും രണ്ടാം പാദത്തിൽ മൂന്ന് ഗോളിന്റെ തോൽവി വഴങ്ങി പുറത്തായപ്പോൾ ഒമ്പത് സേവുകളുമായി അലിസൺ തന്നെയായിരുന്നു താരം.

2018 ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിൽ തങ്ങളോട് തോറ്റ റോമയുടെ വിശ്വസ്ഥനായ ഗോൾകീപ്പറെ പൊന്നുംവിലകൊടുത്ത് സ്വന്തമാക്കിയപ്പോൾ ലിവർപൂളിന് ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നിരിക്കണം. ആ കണക്കുകൂട്ടലുകൾ ശരിവെക്കുന്നതാണ് അലിസണിന്റെ പ്രകടനങ്ങൾ. ചാമ്പ്യന്‍സ് ലീഗിലും പ്രീമിയർ ലീഗിലും ഒരു വിജയം അകലെ കിരീടം കാത്ത് നിൽക്കുന്ന ലിവർപൂളിന്റെ ജൈത്ര യാത്രയിൽ അലിസണിന്റെ പങ്ക് ചെറുതല്ല.

സീരീഎയിലെ ഇന്ററില്‍ നിന്ന് തന്റെ കരിയർ ആരംഭിച്ച അലിസൺ 2016ൽ റോമയിലേക്ക് ചേക്കേറി. അവിടെ നിന്ന് കഴിഞ്ഞ സീസൺ അവസാനത്തോടെ ലിവർപൂളിലേക്കും. സ്വന്തം തട്ടകങ്ങളിൽ അലിസൺ പുലർത്തുന്ന മികവ് എതിര്‍ടീമുകളുടെ ജൈത്രയാത്രക്ക് തുരങ്കം വെക്കുന്നു എന്നതിൽ സംശയമില്ല. സൂപ്പർ താരങ്ങളായ സലാഹും ഫിർമീന്യോയും ഇല്ലാതെ ബാഴ്സലോണക്കെതിരെ വിജയം നേടിയ ലിവർപൂളിന് അലിസൺ കൂടുതൽ പ്രിയപ്പെട്ടവനാകുന്നു.

TAGS :

Next Story