അവിശ്വസനീയം ! ചരിത്രം കുറിച്ച് ടോട്ടനം
എന്നാല്‍ പിന്നീടാണ് ക്രൈഫിന്റെ ആംസ്റ്റര്‍ഡാം അരീനയില്‍ സാക്ഷാല്‍ ലൂക്കാസ് മോറ അവതരിച്ചത്.

അവിശ്വസനീയം എന്നേ ഇന്നത്തെ അയാക്സ്, ടോട്ടനം മത്സരത്തെ വിശേഷിപ്പിക്കാനാവൂ.. ആദ്യപകുതിയിൽ ഇരുപാദത്തിലുമായി മൂന്ന്
ഗോളിന് പിന്നിലായ ടോട്ടനം രണ്ടാം പകുതിയിൽ തിരിച്ച് മൂന്ന് ഗോൾ അടിച്ച് അരീനയിൽ അയാക്സിനെ തരിപ്പണമാക്കി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക്.
ചാമ്പ്യന്‍സ് ലീഗ് ആദ്യപാദത്തില്‍ എതിരില്ലാത്ത ഏകഗോളിന്‍റെ നേരിയ മുന്‍തൂക്കത്തിലാണ് അയാക്സ് സ്വന്തം തട്ടകത്തില്‍ പന്ത് തട്ടിതുടങ്ങിയത്. തുടക്കം മുതല്‍ തന്നെ അക്രമിച്ച് കളിക്കുകയായിരുന്നു അയാക്സ്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ അയാക്സ് ടോട്ടനത്തിന്‍റെ വലകുലുക്കി. ലാസ്സി ഷോണിന്റെ സുന്ദരമായ കോര്‍ണര്‍ ഡി ലൈറ്റ് അതിമനോഹരമായി പോസ്റ്റിന്റെ വലത് മൂലയിലേക്ക് കുത്തിയിടുകയായിരുന്നു.

മത്സരത്തിന്റെ 35ാം മിനിറ്റില്‍ സിയച്ചിലൂടെ വീണ്ടും അയാക്സ് ടോട്ടനത്തിന്‍റെ വലകുലുക്കി. ആദ്യപകുതി അവസാനിക്കുമ്പോള്‍ 3-0ന് അയാക്സ് മുന്നില്‍. ഇനി അവശേഷിക്കുന്ന 45 മിനിറ്റിനുള്ളില്‍ അയാക്സിന്‍റെ തട്ടകത്തില്‍ ടോട്ടനം മൂന്ന് ഗോള്‍ കണ്ടെത്തണമായിരുന്നു. എല്ലാവരും അയാക്സ് ഫൈനലിലേക്കെന്ന് ഉറപ്പിച്ച നിമിഷം.. എന്നാല്‍ പിന്നീടാണ് ക്രൈഫിന്റെ ആംസ്റ്റര്‍ഡാം അരീനയില്‍ സാക്ഷാല്‍ ലൂക്കാസ് മോറ അവതരിച്ചത്.

രണ്ടാം പകുതിയില്‍ പൊച്ചെറ്റീനോയുടെ ടോട്ടനം എല്ലാം മറന്ന് അക്രമിക്കാന്‍ തുടങ്ങിയതോടെ അയാക്സിന്റെ പേരുകേട്ട പ്രതിരോധനിര ആടിയുലയാന്‍ തുടങ്ങി. രണ്ടാം പകുതിയില്‍ നാല് മിനിറ്റിടയില്‍ രണ്ട് ഗോളുകള്‍ കണ്ടെത്തി ലൂക്കാസ് മോറ അയാക്സിന് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയും നല്‍കി. ഇനിയും ഒരുഗോള്‍ കണ്ടെത്തണമായിരുന്നു ടോട്ടനത്തിന് ഫൈനലിലെത്താന്‍.

എന്നാല്‍ അന്നേരവും അക്രമിച്ച് കളിച്ച അയാക്സ് വീണ്ടും ടോട്ടനത്തിന്‍റെ പ്രതിരോധത്തെ പരീക്ഷിച്ചു. സിയച്ചിന്റെ രണ്ട് ഷോട്ടുകള്‍ ബാറില്‍ തട്ടി അകന്നുപോയി. അന്നേരം പ്രധാനപ്പെട്ട മാറ്റങ്ങള്‍ കൊണ്ടുവന്ന് ടോട്ടനം അക്രമിച്ച് കളിച്ചു. അവസാനം 95ാം മിനിറ്റില്‍ ഏവരെയും അത്ഭുതപ്പെടുത്തി ഡെലെ അലിയുടെ കണ്ണഞ്ചിപ്പിക്കുന്ന പാസ് സുന്ദരമായി ലൂക്കാസ് മോറ തന്നെ അയാക്സിന്റെ വലയിലേക്ക് ഇറക്കിയപ്പോള്‍ ആംസ്റ്റര്‍ഡാം അരീന ഒരു നിമിഷത്തേക്ക് നിശബ്ദമായി. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഹാട്രിക്ക് പിറന്നപ്പോള്‍ ടോട്ടനം ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക്.. വീണ്ടും അത്ഭുതങ്ങള്‍ സംഭവിച്ചിരിക്കുന്നു.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ സെമിഫൈനലില്‍ ആദ്യപാദത്തില്‍ സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ട് രണ്ടാം പാദത്തില്‍ ജയിച്ചുകയറുന്ന രണ്ടാമത്തെ ടീമാണ് ടോട്ടനം. ഇതിന് മുമ്പ് 1995-96 സീസണില്‍ അയാക്സാണ് അങ്ങനെ ഫൈനലിലെത്തിയ ടീം.
Adjust Story Font
16

