Quantcast

ചാമ്പ്യന്‍സ് ലീഗിലെ അമ്പരപ്പിക്കുന്ന തിരിച്ചുവ‌ര‌വുക‌ള്‍

2005ലെ എ.സി മിലാന്‍ - ലിവ‌ര്‍പൂള്‍ ഫൈന‌ല്‍ മ‌ത്സ‌ര‌ത്തെ അനുസ്മ‌രിപ്പിക്കുന്ന‌തായിരുന്നു ക‌ഴിഞ്ഞ‌ ദിവസത്തെ ബാഴ്സ‌ലോണ‌ - ലിവ‌ര്‍പൂള്‍ സെമിഫൈന‌ല്‍ 

MediaOne Logo

അര്‍ഷക്

  • Published:

    9 May 2019 7:20 AM GMT

ചാമ്പ്യന്‍സ് ലീഗിലെ അമ്പരപ്പിക്കുന്ന തിരിച്ചുവ‌ര‌വുക‌ള്‍
X

ലിവ‌ര്‍പൂള്‍ - ബാഴ്സ‌ലോണ‌ | 2019

ഇത്ത‌വണ‌ യുവേഫ ചാമ്പ്യ‌ന്‍സ് ലീഗ് ഫൈന‌ലിന് ചില‌ പ്ര‌ത്യേക‌ത‌ക‌ളുണ്ട്. ആദ്യ‌പാദ സെമിഫൈന‌ലില്‍ തോറ്റുനിന്ന‌ ശേഷം അവിശ്വസനീയമായ തിരിച്ചുവ‌ര‌വ് ന‌ട‌ത്തിയ‌ ര‌ണ്ട് ഇംഗ്ലീഷ് ടീമുക‌ളാണ് ഇത്ത‌വ‌ണ‌ ഫൈന‌ലില്‍ ഏറ്റുമുട്ടുക‌. ബാഴ്സ‌ലോണ‌യെ മ‌ല‌ര്‍ത്തിയ‌ടിച്ച ലിവ‌ര്‍പൂളും അയാക്സിനെ വീഴ്ത്തിയ‌ ടോട്ട‌ന‌വും ത‌മ്മിലായിരിക്കും മ‌ത്സ‌രം. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റമ്പിയ ശേഷം സ്വ‌ന്തം ത‌ട്ട‌ക‌മായ‌ ആന്‍ഫീല്‍ഡില്‍ വെച്ച് മടക്കമില്ലാത്ത നാല് ഗോളുകൾ അടിച്ചുകയറ്റിയാണ് തുടർച്ചയായ രണ്ടാം വർഷവും ലിവ‌ര്‍പൂള്‍ ഫൈനലിൽ പ്രവേശിച്ച‌ത്.

മത്സ‌രം തുടങ്ങി ഏഴാം മിനിറ്റിലായിരുന്നു ലിവര്‍പൂളിന്റെ ആദ്യഗോള്‍. മൽസരത്തിന്റെ ഗതി നിർണയിച്ച നാലു ഗോളും പിറന്നത് രണ്ടു പകരക്കാരുടെ ബൂട്ടിൽനിന്നാണ് എന്ന‌താണ് മ‌റ്റൊരു സവിശേഷ‌ത‌. മുഹമ്മദ് സലാ, റോബർട്ടോ ഫിർമീനോ എന്നീ താര‌ങ്ങ‌ള്‍ ഇല്ലാതെയാണ് ചെമ്പ‌ട‌യുടെ അവിശ്വ‌സ‌നീയ‌ തിരിച്ചുവ‌ര‌വ്.

ടോട്ട‌ന‍ം - അയാക്സ് | 2019

സ‌മാന‌മായ‌ തിരിച്ചുവ‌ര‌വാണ് ഒരു ദിവ‌സ‌ത്തിന് ശേഷം ന‌ട‌ന്ന‌ ര‌ണ്ടാം സെമിയിലും സംഭ‌വിച്ച‌ത്. ആദ്യപകുതിയിൽ ഇരുപാദത്തിലുമായി മൂന്ന് ഗോളിന് പിന്നിലായ ടോട്ട‌ന‍ം രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ച‌ടിച്ച് എവേ ഗോളിന്‍റെ പിന്‍ബ‌ല‌ത്തോടെയാണ് ഫൈന‌ല്‍ ടിക്ക‌റ്റ് ഉറ‌പ്പാക്കിയ‌ത്. ബ്രസീലിയൻ സ്ട്രൈക്കർ ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് സ്പേഴ്സിന് അത്ഭുതവിജയം സമ്മാനിച്ചത്. അവസാന വിസിലിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഫൈനൽ ടിക്കറ്റ് ഉറപ്പിച്ച ഗോൾ ഇരുപ‌ത്തിയാറുകാര‌നില്‍ നിന്ന് പിറന്നത്.

അയാക്സ് - പ‌നാതിനൈകോസ് | 1996

ചാമ്പ്യ‌ന്‍സ് ലീഗ് ച‌രിത്ര‌ത്തില്‍ സെമി ഫൈന‌ലില്‍ ആദ്യ‌പാദ‌ത്തില്‍ സ്വ‌ന്തം ത‌ട്ട‌ക‌ത്തില്‍ പ‌രാജ‌യപ്പെട്ട് ര‌ണ്ടാം പാദ‌ത്തില്‍ ജ‌യിച്ചുക‌യ‌റുന്ന‌ ര‌ണ്ടാമ‌ത്തെ ടീമാണ് ടോട്ട‌നം. മുമ്പ് 1995 - 96 സീസ‌ണില്‍ അയാക്സാണ് അങ്ങ‌നെ ഫൈന‌ലിലെത്തിയ‌ ടീം. അന്ന് പ‌നാതിനൈകോസിനെതിരെ ആദ്യ‌പാദ‌ത്തില്‍ എതിരില്ലാത്ത‌ ഒരു ഗോളിന് തോറ്റ‌ ശേഷം ര‌ണ്ടാം പാദ‌ത്തില്‍ മൂന്ന് ഗോളുക‌ള്‍ തിരിച്ച‌ടിച്ചായിരുന്നു അയാക്സിന്‍റെ പ്ര‌തികാരം.

എ.സി മിലാന്‍ - ലിവ‌ര്‍പൂള്‍ | 2005

ഇത്ത‌രം തിരിച്ചുവ‌ര‌വുക‌ള്‍ ചാമ്പ്യ‌ന്‍സ് ലീഗില്‍ വേറെയുമുണ്ട്. 2005ലെ എ.സി മിലാന്‍-ലിവ‌ര്‍പൂള്‍ ഫൈന‌ല്‍ മ‌ത്സ‌ര‌ത്തെ അനുസ്മ‌രിപ്പിക്കുന്ന‌തായിരുന്നു ര‌ണ്ട് ദിവ‌സം മുമ്പ് ക‌ഴിഞ്ഞ‌ ബാഴ്സ‌ലോണ‌-ലിവ‌ര്‍പൂള്‍ സെമി ഫൈന‌ല്‍. അതിസാഹ‌സിക‌മായ‌ തിരിച്ചുവ‌ര‌വാണ് അന്ന് സ്റ്റീവ‌ന്‍ ജെറാര്‍ഡിന്‍റെ നേതൃത്വ‌ത്തില്‍ ന‌ട‌ന്ന‌ത്. അന്ന് ഒന്നാം പ‌കുതിക്ക് പിരിയുമ്പോള്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടു നില്‍ക്കുക‌യായിരുന്നു എ.സി മിലാന്‍. പോളൊ മ‌ള്‍ഡീനി, ക‌ക്ക‌, ഷെവ്ചെങ്കൊ തുട‌ങ്ങിയ‌ പ്ര‌മുഖ‌ താര‌ങ്ങ‌ള‌ട‌ങ്ങിയ‌ ടീമിന് പ‌ക്ഷെ ര‌ണ്ടാം പ‌കുതിയില്‍ മൂന്ന് ഗോളുക‌ള്‍ വ‌ഴ‌ങ്ങേണ്ടി വ‌ന്നു. ജെറാര്‍ഡ്, സാബി അലോന്‍സോ, വ്ലാഡിമിര്‍ സ്മിറ്റ‌സ‌ര്‍ എന്നിവ‌രാണ് ചെമ്പ‌ട‌ക്ക് വേണ്ടി ഗോളുക‌ള്‍ നേടിയിരുന്ന‌ത്. തുട‌ര്‍ന്ന് ഷൂട്ടൗട്ടില്‍ 3-2 സ്കോറില്‍ ക‌പ്പ് ലിവ‌ര്‍പൂൾ സ്വന്തമാക്കി.

ബാഴ്സ‌ലോണ‌ - റോമ‌ | 2018

ഈ വ‌ര്‍ഷം സെമിയില്‍ ലിവ‌ര്‍പൂളിന്‍റെ തിരിച്ചുവ‌ര‌വാണ് ബാഴ്സ‌ലോണ‌യെ പുറ‌ത്താക്കിയ‌ത് എങ്കില്‍ ക‌ഴിഞ്ഞ‌ വ‌ര്‍ഷം ക്വാര്‍ട്ട‌റില്‍ റോമ‌യുടെ തിരിച്ചുവ‌ര‌വാണ് ബാഴ്സ‌ക്ക് അടിയായ‌ത്. ആദ്യ‌പാദ‌ത്തില്‍ 4-1 സ്കോറിന് വിജ‌യിച്ച‌ ബാഴ്സ‌ക്ക് പ‌ക്ഷെ ര‌ണ്ടാം പാദ‌ത്തില്‍ എതിരില്ലാത്ത‌ മൂന്ന് ഗോളിന് തോല്‍ക്കേണ്ടി വ‌ന്നു. എഡിൻ സെക്കോയും ഡാനിയേൽ ഡി റോസിയും കോസ്റ്റാനസ് മിനോലാസുമായിരുന്നു അന്ന‌ത്തെ സ്കോറ‌ര്‍മാര്‍. "ഞ‌ങ്ങ‌ള്‍ വിജ‌യിക്കുമെന്ന് ആരും വിശ്വ‌സിച്ചിരുന്നില്ല‌. അഞ്ച് ശ‌ത‌മാനം വിജ‌യ‌സാധ്യ‌ത‌ ക‌ല്‍പിച്ച‌വ‌രുണ്ട്. ഈ വിജ‌യം വിശ‌ദീക‌ര‌ണ‌ങ്ങ‌ള്‍ക്കും അപ്പുറ‌മാണ്" മ‌ത്സ‌ര‌ ശേഷം സെക്കോയുടെ പ്ര‌തിക‌ര‌ണം ഇങ്ങ‌നെയായിരുന്നു. ഇനി ചാമ്പ്യൻസ് ലീഗ് കളിക്കില്ലെന്ന് ആന്ദ്രേ ഇനിയേസ്റ്റയും ജീവിതത്തിൽ ഇതുപോലൊരു മോശം അനുഭവമില്ലെന്ന് സെർജിയോ ബുസ്ക്വെറ്റ്സും പ്ര‌തിക‌രിച്ച‌ത് ഈ മ‌ത്സ‌ര‌ ശേഷ‌മാണ്.

ചെല്‍സി - നാപോളി | 2012

ചെല്‍സിക്കുമുണ്ട് സ‌മാന‌ ച‌രിത്രം. 2012ല്‍ നാപോളിക്കെതിരെ 3 - 1ന് പിന്നിട്ട് നിന്ന‌ ശേഷം ര‌ണ്ടാം പാദ‌ത്തില്‍ ഒന്നിനെതിരെ നാല് ഗോളുക‌ള്‍ തിരിച്ച‌ടിച്ചായിരുന്നു ചെല്‍സിയുടെ പ്ര‌തികാരം. ദ്രോഗ്ബ‌യുടെ ചിറ‌കിലേറി ആ വ‌ര്‍ഷം ചാമ്പ്യ‌ന്മാരായ‌തും ചെല്‍സിയാണ്. തിരിച്ചുവ‌ര‌വിന്റെ ച‌രിത്രം ആവ‌ര്‍ത്തിക്കാനുള്ള‌താണ്. കാല‌ത്തിന്‍റെ നിയ‌മ‌മാണ‌ത്. അതിനിയും തുട‌രും...

TAGS :

Next Story