ഗ്രീസ്മാന്റെ ബാഴ്‌സയിലേക്കുള്ള വരവ് ഗുണമോ ദോഷമോ?
ട്രാന്‍സ്ഫര്‍ വിപണിയില്‍ ഈ സീസണില്‍ 326 ദശലക്ഷം ഡോളര്‍ ബാഴ്‌സലോണ മുടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

അന്റോണിയോ ഗ്രീസ്മാന്‍ അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നും ബാഴ്‌സലോണയിലേക്ക് വരുന്നുവെന്നതാണ് ക്ലബ് ഫുട്‌ബോളിലെ ഏറ്റവും ചൂടേറിയ വാര്‍ത്ത. അത്‌ലറ്റികോ മാഡ്രിഡിലെ അഞ്ച് വര്‍ഷം നീണ്ട കരിയറിന് ശേഷം ഏകദേശം 980 കോടി രൂപക്ക് ബാഴ്‌സലോണ ഗ്രീസ്മാനെ വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രീസ്മാന്റെ ഈ കൂടുമാറ്റം ബാഴ്‌സലോണ നടത്തുന്ന വലിയ ചൂതുകളിയായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ട്രാന്‍സ്ഫര്‍ വിപണിയില്‍ ഈ സീസണില്‍ 326 ദശലക്ഷം ഡോളര്‍ ബാഴ്‌സലോണ മുടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിലൊന്ന് മാത്രമാണ് 140 മില്യണ്‍ ഡോളറിന്റെ ഗ്രീസ്മാന്റെ കൂടുമാറ്റം. അയാക്‌സിലെ മധ്യനിരതാരം ഡി ജോങ് 96 മില്യണ്‍ ഡോളറിനാണ് ബാഴ്‌സലോണ വാങ്ങിയത്. ഇതിന്റെ നടപടിക്രമങ്ങള്‍ ജൂലൈയില്‍ പൂര്‍ത്തിയാകും. ഡി ജോങിനൊപ്പം കളിക്കുന്ന മാത്തിസ് ഡി ലൈറ്റും ബാഴ്‌സലോണയിലേത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ബാഴ്‌സലോണ കോച്ച് ഏണസ്‌റ്റോ വാല്‍വെര്‍ദെ നടത്തുന്ന വലിയ ചൂതുകളിയാണ് ഗ്രീസ്മാനെ ടീമിലെത്തിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. മുന്‍നിരക്കാര്‍ക്ക് പിന്നില്‍ കളിമെനയാന്‍ മെസിയുള്ളപ്പോള്‍ അതേ റോളില്‍ കളിക്കുന്ന ഗ്രീസ്മാനെ എങ്ങനെ ബാഴ്‌സനിരയില്‍ ഉള്‍ക്കൊള്ളിക്കുമെന്നതാണ് പ്രധാന ചോദ്യം.
അന്റോണിയോ ഗ്രീസ്മാന്വാല്വെര്ദെക്കു കീഴില്‍ ബാഴ്‌സ സ്ഥിരമായി ഇറങ്ങാറുള്ള 4-4-2 പൊസിഷനില്‍ ലൂയി സുവാരസിന് പിന്നില്‍ മെസിയാണ് കളി മെനയുന്ന സ്ഥാനത്തുള്ളത്. ഗ്രീസ്മാന്റെ വരവ് ബാഴ്‌സ ടീമിന്റെ തന്ത്രങ്ങളില്‍ പോലും മാറ്റങ്ങള്‍ വന്നേക്കാം. സുവാരസും ഡെംബലയും അടക്കമുള്ള ബാഴ്‌സയിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ഗ്രീസ്മാന്റെ വരവോടെ അന്തിമ ഇലവനില്‍ സ്ഥാനം ലഭിക്കുമെന്ന ഉറപ്പില്ലാത്ത നിലയാണുള്ളത്.

28കാരനായ ഗ്രീസ്മാനെ ഇത്രയും വലിയ തുകയ്ക്ക് ടീമിലെത്തിക്കുന്നത് ക്ലബിന് നഷ്ടക്കച്ചവടമായേക്കുമെന്ന മുന്നറിയിപ്പുകളും ഉയരുന്നുണ്ട്. അതേസമയം മെസിയില്‍ വലിയ തോതില്‍ ആശ്രയിക്കുന്നുവെന്ന യാഥാര്‍ഥ്യം മനസിലാക്കിയാണ് ക്ലബിന്റെ നീക്കമെന്നും സൂചനയുണ്ട്. ബാഴ്‌സലോണയുടെ ബുദ്ധികേന്ദ്രവും കാലുകളും ഇപ്പോഴും മെസി തന്നെയാണ്. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണ നേടിയ 54 ശതമാനം ഗോളുകളും മെസി നേടിയതോ മെസി ഒരുക്കികൊടുത്തതോ ആയിരുന്നു. ഗ്രീസ്മാന്റെ വരവ് മെസിയുടെ ജോലിഭാരം കുറക്കുമെങ്കില്‍ അത് ബാഴ്‌സലോണക്ക് വലിയ അനുഗ്രഹമാവുകയും ചെയ്യും.
Adjust Story Font
16

