‘വിരമിക്കും മുമ്പ് രാജ്യത്തിന് വേണ്ടി കിരീടം നേടണം’
ക്രിസ്റ്റ്യാനോയുടെ ടീം മാറ്റം സ്പാനിഷ് ലീഗിന് കടുത്ത നഷ്ടമാണെന്നും മെസി പറഞ്ഞു

രാജ്യന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കും മുമ്പ് രാജ്യത്തിനായി കുറച്ച് കിരീടം നേടണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ഫോക്സ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്‍റെ സ്വപ്നം വെളിപ്പെടുത്തിയത്.
ഒരു ലോകകപ്പ്, മൂന്ന് കോപ്പ അമേരിക്ക എന്നിങ്ങനെ നാല് കിരീടങ്ങളാണ് മെസിക്ക് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടിരുന്നു. ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്കയില്‍ കപ്പ് നേടുകയാണ് തന്‍റെ ലക്ഷ്യമെന്നും മെസി പറഞ്ഞു.

കളിക്കളത്തിലേല്‍ക്കുന്ന തോല്‍വിയുടെ വേദനകളില്‍ നിന്നും മുക്തനാകാന്‍ തന്‍റെ കുഞ്ഞുങ്ങള്‍ തന്നെ സഹായിക്കുന്നതായി താരം പറഞ്ഞു. തന്‍റെ കുട്ടികളാണ് ജീവിതത്തിലെ പ്രധാന ഘടകമെന്നും ലിയോ കൂട്ടിച്ചേര്‍ത്തു.
തന്‍റെ കിരീട നേട്ടത്തില്‍ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടിരുന്ന മെസിയും സംഘവും ലിവര്‍പൂളിനെതിരെ വന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ലിവര്‍പൂളില്‍ ഇങ്ങനെയൊരു തോല്‍വി താന്‍ പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ രണ്ടാം പാദത്തില്‍ ശാരീരിക കരുത്തില്‍ മുന്നിലായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഒരുപാട് തെറ്റുകള്‍ ആ മത്സരത്തില്‍ സംഭവിച്ചു. ഞങ്ങള്‍ക്ക് അവരോട് ഒന്ന് പോരാടാന്‍ പോലും സാധിച്ചില്ല. ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിയെക്കുറച്ച് താരം പറയുന്നു.

ഇതിന് പിന്നാലെ കോപ്പ ഡെല്‍റേ ഫൈനലിലും ബാഴ്സ തോല്‍വി വഴങ്ങിയിരുന്നു. ഈ തോല്‍വികളില്‍ നിന്നും മുക്തമാകാന്‍ സഹായിച്ചത് തന്‍റെ മക്കളാണെന്നും സൂപ്പര്‍ താരം പറയുന്നു. തിയാഗോ, മറ്റിയോ, സിറൊ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് മെസിക്ക്. കളിക്കൂട്ടുകാരി ആന്‍റണല്ലോ ആണ് ജീവിത പങ്കാളി. പിതാവായതില്‍ പിന്നെ താന്‍ കൂടുതല്‍ പക്വത കൈവരിച്ചെന്നും താരം പറയുന്നു.
ഇതുവരെ കാര്യമായ പരിക്കുകളൊന്നും തന്നെ വേട്ടയാടുന്നില്ല. അതിനാല്‍ തന്നെ 2022 ലോകകപ്പില്‍ കളിക്കാന്‍ കഴിയുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു. ക്രിസ്റ്റ്യാനോയുടെ ടീം മാറ്റം സ്പാനിഷ് ലീഗിന് കടുത്ത നഷ്ടമാണെന്നും മെസി പറഞ്ഞു. റോണാല്‍ഡോ റയല്‍ മാഡ്രിഡിനെ ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചിരുന്നതെന്നും മെസി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

