കോപ്പ അമേരിക്ക; ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം
രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീലിന്റെ വരവ്.

കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ആതിഥേയരായ ബ്രസീലും പരാഗ്വെയും തമ്മിലാണ് ആദ്യ മത്സരം. രാവിലെ 6 മണിക്ക് ആരംഭിക്കും. രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീലിന്റെ വരവ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളടിച്ച അവര്‍ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ ചെറിയ താളപ്പിഴകള്‍ ഉണ്ടായെങ്കിലും പെറുവിനെതിരെ കാനറികള്‍ മികവിലേക്കുയര്‍ന്നു.
മുന്നേറ്റ നിര താളം കണ്ടെത്തിയത് ടിറ്റെയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു, ആര്‍തര്‍ തിരിച്ചെത്തിയത് മധ്യനിരക്ക് ഉണര്‍വ്വ് നല്‍കിയിട്ടുണ്ട്. പക്ഷെ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട കസമേറോയുടെ അഭാവം വെല്ലുവിളിയാണ്. ഗ്രൂപ്പ് ബിയില്‍ നിന്നും മൂന്നാം സ്ഥാനക്കാരായാണ്. പരാഗ്വെയുടെ വരവ്. കൊളംബിയയോട് തോറ്റ അവര്‍ അര്‍ജന്റീനയെയും ഖത്തറിനെയും സമനിലയില്‍ തളച്ചിരുന്നു.
മെസിയെയും സംഘത്തെയും വിറപ്പിച്ച അവരെ എഴുതിത്തള്ളാനാവില്ല. ബ്രസീല്‍ ആക്രമണത്തെ ശക്തമായ പ്രതിരോധം കൊണ്ടാകും പരാഗ്വെ നേരിടുക. 2015ലും 11 ലും നോക്കൌട്ടില്‍ ബ്രസീലിനെ തോല്‍പ്പിച്ചതും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.
Adjust Story Font
16

