തടസ്സംനിന്ന വൈസ് പ്രസിഡണ്ട് രാജിവെച്ചു, നെയ്മർ ബാഴ്‌സയിലേക്ക്?
നെയ്മറിനു പകരം നാല് താരങ്ങളെ വരെ നൽകാൻ ബാഴ്‌സ തയ്യാറെന്ന് റിപ്പോർട്ട്

മാഡ്രിഡ്: സൂപ്പർ താരം നെയ്മർ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ, താരത്തിന്റെ തിരിച്ചുവരവിനെ എതിർത്തിരുന്ന ബാഴ്‌സലോണ വൈസ് പ്രസിഡണ്ട് യോർദി മെസ്‌ത്രെ രാജിവെച്ചു. ക്ലബ്ബ് പ്രസിഡണ്ട് യോസപ് മരിയ ബർതമ്യൂവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് 2014 മുതൽ വഹിച്ചുപോന്ന സ്‌പോർട്ടിങ് വൈസ് പ്രസിഡണ്ട് പദവി അദ്ദേഹം ഉപേക്ഷിച്ചത്.
2010 മുതൽ ബാഴ്‌സ ബി ടീം, വനിതാ ടീം, ട്രെയിനിങ് വിഭാഗങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന മെസ്‌ത്രെ, ബർതമ്യു പ്രസിഡണ്ടായതിനു പിന്നാലെയാണ് പുതിയ പദവിയിലെത്തിയത്. ഹോട്ടൽ ബിസിനസ് രംഗത്തെ പരിചയസമ്പന്നനായ അദ്ദേഹം ബാഴ്‌സയുടെ ട്രാൻസ്ഫർ അടക്കമുള്ള കാര്യങ്ങളിൽ ഇടപെട്ടിരുന്നു. 2017-ൽ നെയ്മർ ക്ലബ്ബ് വിട്ട രീതിയിൽ അദ്ദേഹം അതൃപ്തനുമായിരുന്നു.
പി.എസ്.ജിയിൽ മനംമടുത്ത നെയ്മർ ബാഴ്‌സയിലേക്ക് തിരികെ വരുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ഫെബ്രുവരിയിൽ മെസ്‌ത്രെ തള്ളിയിരുന്നു. ബ്രസീലിയൻ താരത്തിനു വേണ്ടി വൻതുക ചെലവഴിക്കാൻ ക്ലബ്ബിനു കഴിയില്ലെന്നും മര്യാദയില്ലാതെ വിട്ടുപോയ താരത്തെ തിരിച്ചെടുക്കുക സാധ്യമല്ലെന്നും 'സ്‌പോർട്ടി''നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വേതനം അടക്കമുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് തിരിച്ചുവരാൻ സന്നദ്ധത അറിയിച്ച നെയ്മറിന് അനുകൂലമായ നിലപാട് ബർതമ്യു കൈക്കൊണ്ടതാണ് മെസ്‌ത്രെയെ ചൊടിപ്പിച്ചത് എന്നാണ് സൂചന. നെയ്മറിനു പകരമായി ഫിലിപ്പ് കുട്ടിന്യോ, ഇവാൻ റാകിറ്റിച്, സാമുവൽ ഉംതിതി, ഉസ്മാൻ ഡെംബലെ എന്നീ നാല് കളിക്കാരെ പി.എസ്.ജിക്കു നൽകാൻ വരെ ബാഴ്‌സ തയ്യാറാണെന്ന് മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നു. ലയണൽ മെസ്സിയടക്കമുള്ള സീനിയർ താരങ്ങളും കോച്ച് ഏണസ്‌റ്റോ വൽവെർദെയും നെയ്മറിന്റെ തിരിച്ചുവരവിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം, 222 ദശലക്ഷം യൂറോ വിലയുള്ള താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് പി.എസ്.ജി ഇതുവരെ ഒന്നും വിട്ടുപറഞ്ഞിട്ടില്ല.
Adjust Story Font
16

