Quantcast

പിടിവിടാതെ ബാഴ്‌സ; നെയ്മറിനു വേണ്ടി പുതിയ ഓഫർ 

പണത്തിനു പുറമെ ഫിലിപ്പ് കുട്ടിന്യോ, ഉസ്മാൻ ഡെംബലെ, ഇവാൻ റാകിറ്റിച്ച്, നെൽസൻ സെമഡോ, മാൽക്കം, മറ്റൊരു കളിക്കാരൻ എന്നിവരിൽ നിന്ന് രണ്ടു പേരെ എടുക്കാമെന്ന വാഗ്ദാനമാണ് ബാഴ്‌സയുടേത്

MediaOne Logo

Web Desk

  • Published:

    19 July 2019 11:31 AM IST

പിടിവിടാതെ ബാഴ്‌സ; നെയ്മറിനു വേണ്ടി പുതിയ ഓഫർ 
X

ബ്രസീലിയൻ താരം നെയ്മർ വിവിധ ക്ലബ്ബുകളുമായി ചർച്ച നടത്തിയെന്ന വാർത്തകൾക്കു പിന്നാലെ, സൂപ്പർ താരത്തെ സ്വന്തം തട്ടകത്തിൽ തിരിച്ചെത്തിക്കാനുള്ള ശ്രമവുമായി വീണ്ടും ബാഴ്‌സലോണ. രണ്ട് കളിക്കാർക്കു പുറമെ 100 ദശലക്ഷം യൂറോ (775 കോടി രൂപ) എന്ന ഓഫർ ബാഴ്‌സ പി.എസ്.ജിക്കു മുന്നിൽ വെച്ചതായി സ്‌കൈ ജർമൻ റിപ്പോർട്ട് ചെയ്തു. നെയ്മറിനു പകരമായി കളിക്കാരെ മാത്രമേ നൽകൂ എന്ന നിലപാട് മാറ്റിയാണ് ബാഴ്‌സ പണം കൂടി ഉൾപ്പെടുത്തിയ പുതിയ ഫോർമുലയിൽ എത്തിയത്.

പണത്തിനു പുറമെ, ഫിലിപ്പ് കുട്ടിന്യോ, ഉസ്മാൻ ഡെംബലെ, ഇവാൻ റാകിറ്റിച്ച്, നെൽസൻ സെമഡോ, മാൽക്കം, മറ്റൊരു കളിക്കാരൻ എന്നിവരിൽ നിന്ന് ഇഷ്ടപ്പെട്ട രണ്ടു പേരെ എടുക്കാമെന്ന വാഗ്ദാനമാണ് ബാഴ്‌സ പി.എസ്.ജിക്കു മുന്നിൽ വെക്കുന്നത്. രണ്ടു വർഷം മുമ്പ് നെയ്മറിനു വേണ്ടി ചെലവഴിച്ച 222 ദശലക്ഷം യൂറോ തിരിച്ചുകിട്ടാതെ താരത്തെ വിട്ടുതരില്ലെന്ന നിലപാടിലുള്ള പി.എസ്.ജി ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുകയെന്നത് വ്യക്തമല്ല.

ക്ലബ്ബ് വിടാനുള്ള തീരുമാനം കോപ അമേരിക്കക്കു മുമ്പു തന്നെ നെയ്മർ അറിയിച്ചിരുന്നുവെന്ന് പി.എസ്.ജി കോച്ച് തോമസ് ടുക്കൽ വെളിപ്പെടുത്തിയിരുന്നു. ശരിയായ ഓഫറുമായി ആരെങ്കിലും വന്നാൽ താരത്തെ വിട്ടുനൽകാൻ ഒരുക്കമാണെന്ന്് സ്‌പോർട്ടിംഗ് ഡയറക്ടർ ലിയനർഡോയും വ്യക്തമാക്കി. ബാഴ്‌സയും പി.എസ്.ജിയുമായുള്ള ചർച്ചകൾ എങ്ങുമെത്താതെ പോയതോടെ നെയ്മർ യുവന്റസ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മാഡ്രിഡ് എന്നീ ക്ലബ്ബുകളുമായി ചർച്ചയാരംഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നെയ്മറിന്റെ പിതാവ് യുവന്റസ് ആസ്ഥാനമായ ടൂറിനിൽ എത്തിയിട്ടുണ്ടെങ്കിലും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

TAGS :

Next Story