നെയ്മറെ ബാഴ്സയിലേക്ക് വിടുമോ ? പി.എസ്.ജി പരിശീലകന്റെ മറുപടി ഇങ്ങനെ...
ലീഗ് 1 ചാമ്പ്യന്‍ഷിപ്പില്‍ പി.എസ്.ജിക്ക് റെന്നസിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെയാണ് ടൂഹൽ നെയ്മറിന്റെ കാര്യത്തില്‍ നയം വ്യക്തമാക്കിയത്.

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് വേണ്ടി വലയെറിഞ്ഞ സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. ഉടനെയൊന്നും നെയ്മറിന് ബാഴ്സയുടെ കുപ്പായം അണിയാന്‍ കഴിയില്ലെന്നാണ് പി.എസ്.ജി പരിശീലകന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. നെയ്മറിന് പകരംവെക്കാന്‍ തക്ക പ്രതിഭയുള്ള ഒരു താരം ടീമിലേക്ക് വരാതെ താരത്തിന് പി.എസ്.ജി വിടാന്‍ കഴിയില്ലെന്ന് പരിശീലകൻ തോമസ് ടൂഹൽ വ്യക്തമാക്കി.
ലീഗ് 1 ചാമ്പ്യന്‍ഷിപ്പില്‍ പി.എസ്.ജിക്ക് റെന്നസിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെയാണ് ടൂഹൽ നെയ്മറിന്റെ കാര്യത്തില്‍ നയം വ്യക്തമാക്കിയത്. നെയ്മറിന്റെ അഭാവം ടീമിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് ടൂഹല്‍ പറഞ്ഞു. "ബ്രസീലിയന്‍ താരത്തിന്റെ പ്രതിഭയോളം വരുന്ന ഒരു പകരക്കാരൻ ഇല്ലാതെ നെയ്മർ ക്ലബ്ബ് വിടില്ല, അത് അസാധ്യമാണ്. നെയ്മർ ടീമില്‍ തുടരുകയാണെങ്കിൽ ഞങ്ങളുടെ തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്കും വിജയങ്ങള്‍ക്കും ഏറെ സഹായകരമാകും'' - ടൂഹൽ പ്രതികരിച്ചു. പരിക്ക് ഭേദമായെങ്കിലും പരിശീലനം വേണ്ട വിധത്തില്‍ നടക്കാത്തതിനാല്‍ നെയ്മറിന് കളിക്കാന്‍ കഴിഞ്ഞില്ല. നിലവിലെ സാഹചര്യത്തില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, നെയ്മറിനു വേണ്ടി സ്പാനിഷ് ക്ലബ്ബുകളായ റയൽ മാഡ്രിഡും ബാഴ്‌സലോണയും സമർപ്പിച്ച ബിഡ്ഡുകൾ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി തള്ളിയിരുന്നു. നൂറ് ദശലക്ഷം യൂറോയും (795 കോടി രൂപ) ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടിന്യോയെയും നൽകാമെന്ന ബാഴ്‌സയുടെ വാഗ്ദാനവും, പണത്തിനു പുറമെ ഗരത് ബെയ്‌ലിനെയും ഹാമിസ് റോഡ്രിഗസിനെയും നൽകാമെന്ന റയലിന്റെ ഓഫറുമാണ് പി.എസ്.ജി നിരസിച്ചത്. 2017-ൽ 222 ദശലക്ഷം യൂറോ എന്ന റെക്കോർഡ് തുകയ്ക്ക് ബാഴ്‌സ വിട്ട് പി.എസ്.ജിയിൽ ചേർന്ന നെയ്മറിനെ 180 ദശലക്ഷം നൽകിയാലേ വിട്ടുനൽകൂ എന്നാണ് പി.എസ്.ജി നിലപാട് സ്വീകരിച്ചത്.
കോച്ച് സൈനദിൻ സിദാന് അനഭിമതനായ സ്‌ട്രൈക്കർ ഗാരത് ബെയ്ൽ, മിഡ്ഫീൽഡർ ഹാമിസ് റോഡ്രിഗസ് എന്നിവർക്കു പുറമെ പണവും നൽകാമെന്നായിരുന്നു റയലിന്റെ ഓഫർ. എന്നാൽ, യുവതാരം വിനീഷ്യസ് ജൂനിയറിനെ കൂടി നൽകണമെന്ന് പി.എസ്.ജി ആവശ്യപ്പെട്ടു. ഇത് റയലിന് സ്വീകാര്യമായിരുന്നില്ല. ബാഴ്‌സയേക്കാൾ നെയ്മറിനെ സ്വന്തമാക്കാൻ സാധ്യത റയൽ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16

