മെസിയെ സ്വന്തമാക്കി നോര്‍വീജിയന്‍ ക്ലബ്ബ്; അടുത്തത് റൊണാള്‍ഡോ !
നോര്‍വീജിയയില്‍ നടന്ന ഒരു ചെറിയ താരക്കൈമാറ്റമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്

ഫുട്ബോള്‍ ലോകത്ത് നൂറു കണക്കിന് കോടി ഡോളര്‍ ഒഴുക്കി താരക്കൈമാറ്റങ്ങള്‍ കൊഴുക്കുമ്പോള്‍ നോര്‍വീജിയയില്‍ നടന്ന ഒരു ചെറിയ താരക്കൈമാറ്റമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ലയണല്‍ മെസിയെ നോര്‍വീജിയന്‍ ക്ലബ്ബായ ഐ.കെ ജന്‍കെറന്‍ സ്വന്തമാക്കിയെന്നതാണ് വാര്‍ത്ത. ആദ്യമെ പറയാം, ഇത് ബാഴ്സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയല്ല. മെസിയെന്ന സൂപ്പര്‍താരത്തിന്റെ പേരുള്ള വേറൊരു 16 കാരന്‍ മെസിയെയാണ് നോര്‍വീജിയന്‍ ക്ലബ്ബ് സ്വന്തമാക്കിയത്.

ഡാനിയേല്‍ ആര്‍നട്സണ്‍ എന്ന പേര് മാറ്റി ഈ കൌമാരതാരം തന്റെ ഇഷ്ട താരമായ മെസിയുടെ പേര് സ്വീകരിച്ചത് അടുത്തിടെയാണ്. വെറുതെ പേര് മാറ്റുകയല്ല, അതിന്റെ നിയമപരമായ നടപടി ക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കിയാണ് ഈ വമ്പന്‍ പേര് മാറ്റം. പേര് മാത്രമല്ല, മെസിയുടെ കേളീശൈലി കൂടി കടംകൊണ്ടാണ് ഈ കുഞ്ഞു മെസിയുടെ പ്രകടനം. മെസിയെ പോലെ കളിക്കളത്തില്‍ കൊടുങ്കാറ്റാകുകയാണ് ഈ 16 കാരന്റെ മോഹവും. മെസിയെ പോലെ പന്തുമായി കുതിക്കാനുള്ള വേഗവും പന്തടക്കവും തനിക്കുണ്ടെന്ന് ഇദ്ദേഹം പറയുന്നു. പക്ഷേ സാക്ഷാല്‍ മെസിയുടെ സകല പ്രതിഭയും തന്നിലേക്ക് ആവാഹിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ നോര്‍വീജിയന്‍ മെസിക്ക് സംശയമുണ്ട്.

ഏതായാലും ലോകത്തിലെ തന്നെ സൂപ്പര്‍താരമായ ലയണല്‍ മെസിയുടെ പേരുകാരനായ താരത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ ക്ലബ്ബും സന്തോഷത്തിലാണ്. അടുത്തത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരുള്ള താരത്തെ സ്വന്തമാക്കാനാണ് ക്ലബ്ബിന്റെ നീക്കം. പേരിനൊപ്പം കളി മികവ് കൂടിയുണ്ടെങ്കില്‍ ആ റൊണാള്‍ഡോയെയും സ്വന്തം പാളയത്തിലെത്തിക്കുമെന്ന് ക്ലബ്ബ് പ്രതിനിധികള്‍ പറയുന്നു.
Adjust Story Font
16

