ഒമാനെ ഇന്ത്യക്ക് ജയിക്കാം; പക്ഷേ ഭയമില്ലാതെ കളിക്കണം: ഗുര്‍പ്രീത്
ഞങ്ങൾ ഞങ്ങളുടെ കഴിവിനനുസരിച്ച് വിജയിക്കാൻ വേണ്ടി കളിക്കും. എതിരാളിയെ പിടിച്ചുകെട്ടാന്‍ ശ്രമിക്കും. പരമാവധി പോയിന്റുകൾ നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ

ഇന്ത്യന്‍ ടീം ഒറ്റക്കെട്ടായി, ഭയമില്ലാതെ കളിക്കണമെന്ന് ഗോള്‍കീപ്പര്‍ ഗുർപ്രീത് സിങ് സന്ധു. ഫിഫ ലോകകപ്പ് ഖത്തർ 2022, എ.എഫ്.സി ഏഷ്യൻ കപ്പ് ചൈന 2023 എന്നിവയ്ക്കുള്ള യോഗ്യതാ റൌണ്ടില്‍ ഇന്ത്യ ഒമാനുമായി ഏറ്റുമുട്ടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഗുര്‍പ്രീതിന്റെ പരാമര്‍ശം. ''ഇന്ത്യന്‍ ടീം ഒറ്റക്കെട്ടായി കളിക്കണം, ഭയമില്ലാതെ. മികച്ചൊരു തുടക്കം ലഭിക്കുന്നത് പ്രധാനമാണ്.'' ഗുര്‍പ്രീത് പറഞ്ഞു.
''ഞങ്ങൾ ഞങ്ങളുടെ കഴിവിനനുസരിച്ച് വിജയിക്കാൻ വേണ്ടി കളിക്കും. എതിരാളിയെ പിടിച്ചുകെട്ടാന്‍ ശ്രമിക്കും. പരമാവധി പോയിന്റുകൾ നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ'' - ഗുര്‍പ്രീത് പറഞ്ഞു. ഒമാനും ഇന്ത്യയും തമ്മിലുള്ള അവസാന ഏറ്റുമുട്ടൽ 2018 ഡിസംബറിലായിരുന്നു. അന്ന് അബുദാബിയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഗോൾരഹിത സമനിലയായിരുന്നു മത്സരഫലം. "ഒമാനെ അവസാനമായി നേരിട്ടപ്പോൾ എന്താണ് സംഭവിച്ചതെന്ന് ഓർമ്മിക്കുന്നത് നല്ലതാണ്. അതിനൊപ്പം ടീമിന്റെ ദൌത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. ഞങ്ങളുടെ സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ കാണികൾക്ക് മുന്നില്‍ മികച്ച പ്രകടനം ഉറപ്പാക്കേണ്ടതുണ്ട്.'' - ഗുര്‍പ്രീത് പറഞ്ഞു. ഒമാനെ നേരിടുന്നതിന് മുമ്പ് ഗോവയിൽ നടന്ന പ്രത്യേക ക്യാമ്പിൽ ടീം പങ്കെടുത്തിരുന്നു.
Adjust Story Font
16

