ചെല്‍സിയെ പൂട്ടി ലിവര്‍പൂള്‍
മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വെസ്റ്റ്ഹാം അട്ടിമറിച്ചപ്പോള്‍ ആസ്റ്റണ്‍ വില്ലയെ ആഴ്സണല്‍ തോല്‍പ്പിച്ചു.

എതിരാളികളെ അവരുടെ മടയില്‍ കീഴടക്കി ലിവര്‍പൂള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ചെല്‍സിക്കെതിരെ ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയമാണ് സ്വന്താക്കിയത്. ഒന്നിന് എതിരെ രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ വിജയം. മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വെസ്റ്റ്ഹാം അട്ടിമറിച്ചപ്പോള്‍ ആസ്റ്റണ്‍ വില്ലയെ ആഴ്സണല്‍ തോല്‍പ്പിച്ചു.
ആദ്യപകുതിയില്‍ തന്നെ അതിഥികള്‍ ജയം ഉറപ്പിച്ചു. അലക്സാണ്ടര്‍ അര്‍നോള്‍ഡ്, റോബര്‍ട്ടൊ ഫിര്‍മീഞ്ഞോ എന്നിവര്‍ വിജയശില്‍പ്പികളായി. രണ്ടാം പകുതിയില്‍ കാന്റെ ഒരു ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു. ഇതേസമയം, വെസ്റ്റ്ഹാം യുണൈറ്റഡിനോട് അപ്രതീക്ഷിതമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തോല്‍വി. വെസ്റ്റ്ഹാമിന്റെ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സംഘത്തിന് മറുപടി ഉണ്ടായില്ല. മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയോട് തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ച് വരികയായിരുന്നു ആഴ്സണല്‍. രണ്ട് തവണ പിന്നില്‍ നിന്ന ശേഷം 3-2ന് ഗണ്ണേഴ്സ് മത്സരം സ്വന്തമാക്കി.
ലാ ലീഗയിൽ സെവിയയ്ക്ക് എതിരെ റയൽ മാഡ്രിഡ് മിന്നുന്ന ജയം നേടി. 64 ാം മിനുട്ടില്‍ കരീം ബെന്‍സേമ നേടിയ ഗോളാണ് റയല്‍ മാഡ്രിഡിന് ജയം സമ്മാനിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താനും റയലിനായി. അത്‍ലറ്റിക്കോ ബില്‍ബാവോയാണ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഏഴ് പോയിന്റുമായി ചാന്പ്യന്‍മാരായ ബാഴ്സലോണ എട്ടാം സ്ഥാനത്താണ്.
Adjust Story Font
16

