ഇറാന്‍റെ ഫുട്ബോള്‍ മൈതാനങ്ങളില്‍ മാറ്റത്തിന്‍റെ ‘വലകുലുക്കം’; ഫുട്ബോള്‍ കളി കാണാന്‍ ഇനി സ്ത്രീകളും!
ഫുട്ബോള്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കി ഇറാന്‍, ടിക്കറ്റു വില്‍പന റെക്കോര്‍ഡു വേഗത്തില്‍

ഇറാനിലെ ഫുട്ബോള്‍ മൈതാനങ്ങളിലെ ആര്‍പ്പു വിളികള്‍ക്ക് ഇനി മുതല്‍ വിപ്ലവത്തിന്‍റെ ശബ്ദം. മാറ്റത്തിന്‍റെ ചിന്തയിലേക്കെത്താന്‍ ഇറാന്‍ ഭരണകൂടത്തിനു വേണ്ടി വന്നത് 40 വര്‍ഷം. കളി കാണാന്‍ അനുമതി ലഭിച്ചതിനു ശേഷം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചയുടനെ 3500 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. ആദ്യഘട്ടത്തിൽ 4600 ടിക്കറ്റുകളാണ് വനിതകൾക്ക് ഒരുക്കിയിരിക്കുന്നത്. 78000 പേർക്ക് കളി കാണാന്‍ സൗകര്യമുള്ള ആസാദി സ്‌റ്റേഡിയത്തിൽ താരതമ്യേന അനുവദിച്ച സീറ്റുകള്‍ കുറവാണെങ്കിലും വലിയൊരു മാറ്റത്തിനു വഴിയൊരുക്കിയതായാണ് ഫുട്ബോള്‍ ലോകം ഇതിനെ വിലയിരുത്തുന്നത്. വ്യാഴാഴ്‌ച നടക്കുന്ന ഇറാൻ-കംബോഡിയ ലോകകപ്പ് യോഗ്യതാ മത്സരമാണ് ചരിത്രം രേഖപ്പെടുത്തുക. 40 വർഷങ്ങൾ നീണ്ട ഇടവേളക്കു ശേഷം ടെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തിൽ വനിതകളുടെ കയ്യടിയും ആഹ്ലാദവും അലയടിക്കും.
പുരുഷന്മാരെപ്പോലെ കളി കാണാന്‍ അവകാശം ലഭിക്കാതെ വന്ന സ്ത്രീകള്‍ ഇതിനു മുമ്പ് പല രീതികളിലും കളി കാണാന്‍ ശ്രമിച്ചിരുന്നു. ആള്‍മാറാട്ടം നടത്തിയും, വേഷം മാറിയുമൊക്കെ കളി കാണാനെത്തിയ സ്ത്രീകളെ അധികാരികള്‍ പല തവണ പിടികൂടി ശിക്ഷിച്ചു. ഏറ്റവും ഒടുവിലായി വേഷം മാറി കളി കാണാനെത്തിയ സഹര്‍ കൊദയാരി എന്ന ആരാധികയെ നിയമം ലംഘിച്ചതിന് സ്റ്റേഡിയത്തില്‍ വെച്ച് പിടി കൂടി. വിചാരണക്കായി കോടതി മുറ്റത്തെത്തിച്ച സഹർ കൊദയാരി അവിടെ വെച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ ഇറാന്‍റെ നയത്തിനെതിരെ വലിയ രീതിയില്‍ പ്രതിഷേധ സ്വരം ഉയര്‍ന്നു. വിമര്‍ശനങ്ങളുടെ സ്വരത്തിനു മൂര്‍ച്ച കൂടിയതോടെ പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ ഫിഫ ഇടപെട്ടു. മിലാനിലെ ഫിഫയുടെ പുരസ്‌കാര ചടങ്ങിൽ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ ഇറാനിൽ വനിതകൾക്ക് മത്സരം കാണാൻ അവസരമൊരുക്കുമെന്ന് പ്രഖ്യാപിച്ചു.
ഫിഫയുടെ സമ്മർദത്തിനുമുന്നിൽ ഇറാന് വഴങ്ങേണ്ടി വന്നു. അതോടെ പൊളിഞ്ഞു വീണത് 40 വര്‍ഷം സ്ത്രീകളുടെ സ്വാതന്ത്രത്തിനു മേല്‍ പണിതുയര്‍ത്തിയ ക്രോസ്ബാര്‍. സഹർ കൊദയാരിയുടെ ധീരതക്ക് അര്‍ത്ഥം ഉണ്ടായെന്ന് ഫുട്ബോള്‍ ലോകം ഒറ്റക്കെട്ടായി പറയുമ്പോള്‍ ആ 'നീലപ്പെൺകുട്ടി' ചിരിക്കുന്നുണ്ടാകും, സ്വാതന്ത്രത്തിന്‍റെ ചിരി!
Adjust Story Font
16

