ഹൈദരാബാദിനെ ഗോള്‍മഴയില്‍ മുക്കി എ.റ്റി.കെ
ആത്യന്തം ആക്രമണ ഫുട്ബോളിന്‍റെ മനോഹാരിത കാഴ്ചവെച്ച എ.റ്റി.കെ ഹൈദരാബാദിനെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കുകയായിരുന്നു.(5-0) ത്തിനാണ് എ.റ്റി.കെയുടെ വിജയം

ആദ്യ പകുതി മുതല്‍ ആക്രമിച്ചു കളിച്ച എ.റ്റി.കെയുടെ കൈയ്യില്‍ തന്നെയായിരുന്നു കളിയുടെ സമഗ്രാധിപത്യം. ആത്യന്തം ആക്രമണ ഫുട്ബോളിന്‍റെ മനോഹാരിത കാഴ്ചവെച്ച എ.റ്റി.കെ ഹൈദരാബാദിനെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കുകയായിരുന്നു. ബോള്‍ പൊസഷനില്‍ മാത്രമാണ് അല്‍പമെങ്കിലും ഹൈദരാബാദിന് മുന്‍തൂക്കമുണ്ടായിരുന്നത്. അപ്പോഴും അക്രമണത്തിന്‍റെ മൂര്‍ച്ചയില്‍ എ.റ്റി.കെ ഹൈദരാബാദിന്‍റെ വല തുളച്ചുകൊണ്ടിരുന്നു.
റോയ് കൃഷ്ണയും ഡേവിഡ് വില്ല്യംസും ചേർന്ന അപകടകരമായ മുന്നേറ്റ നിരയെ തളക്കാന്‍ ഹൈദരാബാദ് പ്രതിരോധം ഏറെ പണിപ്പെട്ടു. പലപ്പോഴും ഗോൾ കീപ്പർ കമൽജിത് സിംഗിന്‍റെ മികവാണ് ഹൈദരാബാദിന്‍റെ രക്ഷക്കെത്തിയത്. എന്നാല്‍ പ്രതിരോധങ്ങളുടെ എല്ലാ കോട്ടകളെയും തകര്‍ത്ത് 25ആം മിനുട്ടില്‍ ഡേവിഡ് വില്ല്യംസ് ഹൈദരാബാദിന്‍റെ വല കുലുക്കി. ജാവിയർ ഹെർണാണ്ടസ് നൽകിയ മനോഹരമായ ത്രൂ ബോൾ വലയിലേക്ക് തട്ടിയിടുകയായിരുന്നു വില്ല്യംസ്.
രണ്ടു മിനുട്ടിന് ശേഷം റോയ് കൃഷ്ണ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതു വിങ്ങിലൂടെ പന്തുമായ് മുന്നേറിയ വില്യംസ് ബോക്സിനു പുറത്തു നിന്ന് കൊടുത്ത പാസിലായിരുന്നു റോയ് കൃഷ്ണയുടെ ഗോള്‍. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഡേവിഡ് വില്യംസ് തന്‍റെ രണ്ടാം ഗോളും കണ്ടെത്തി. സ്കോര്‍ 3-0
രണ്ടാം പകുതിയില്‍ കരുതി കളിച്ച ഹൈദരാബാദ് പ്രതിരോധം ശക്തമാക്കി. എന്നാല്‍ 88ആം മിനുട്ടില്‍ എഡു ഗാര്‍ഷ്യ ഹൈദരാബാദിന്‍റെ പൂട്ടു പൊളിച്ച് ഗോള്‍ നേടി. നാലു ഗോള്‍ ലീഡോടെ കളിയുടെ ഇന്‍ജുറി ടൈമിലേക്ക് കടന്ന എ.റ്റി.കെയുടെ പട്ടിക പൂര്‍ത്തിയാക്കി ഗാര്‍ഷ്യയയുടെ രണ്ടാം ഗോള്‍ വന്നു. ഇന്‍ജുറി ടൈമിന്‍റെ നാലാം മിനുട്ടിലായിരുന്നു ഗാര്‍ഷ്യയുടെ രണ്ടാം ഗാള്‍.
Adjust Story Font
16

