Quantcast

ഫേസ്ബുക്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഫുട്‌ബോൾ ലീഗ്; രണ്ടാം സീസണിന് തുടക്കം 

നാല് വർഷക്കാലമായി കേരളത്തിലുള്ള പല അക്കാദമികളെയും നല്ല രീതിയിൽ സഹായിക്കുന്ന ഒരു കൂട്ടായ്മയാണ് ജസ്റ്റ് ഫുട്‌ബോൾ ഗ്രൂപ്പ്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഫുട്‌ബോൾ പ്രേമികളാണ് ഗ്രൂപ്പിലെ അംഗങ്ങൾ.

MediaOne Logo

Sports Desk

  • Published:

    27 Oct 2019 2:58 PM IST

ഫേസ്ബുക്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഫുട്‌ബോൾ ലീഗ്; രണ്ടാം സീസണിന്  തുടക്കം 
X

ഫുട്‌ബോൾ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ 'ജസ്റ്റ് ഫുട്‌ബോൾ' ഫേസ്ബുക്ക് ഗ്രൂപ്പും അസോസിയേഷൻ ഓഫ് ഫുട്‌ബോൾ അക്കാദമീസും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ ഫുട്‌ബോൾ ലീഗ് രണ്ടാം സീസണിന് ഇന്ന് തുടക്കം. എറണാകുളം മാഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന 'ലെറ്റ് ദെം പ്ലേ ഫുട്‌ബോൾ സീസൺ 2' ഉദ്ഘാടന മത്സരത്തിൽ വൈകീട്ട് ആറു മണിക്ക്് ജാസ്‌പേഴ്‌സ് ഇടപ്പള്ളിയും സെവൻ ആരോസ് വൈപ്പിനും ഏറ്റുമുട്ടും. അണ്ടർ 10 വിഭാഗത്തിലാണ് ഈ മത്സരം. അണ്ടർ 12 വിഭാഗത്തിൽ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഗാർഡിയൻ എയ്ഞ്ചൽസ് ജാസ്പർസ് ഇടപ്പള്ളിയെ നേരിടും. ഫ്‌ളഡ് ലൈറ്റിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് 4.00 മണിക്ക് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.

നാലു മാസത്തോളം നീണ്ടുനിൽക്കുന്ന ഹോം ആൻഡ് എവേ അക്കാദമി ലീഗാണ് സംഘടിപ്പിക്കുന്നത് ജസ്റ്റ് ഫുട്‌ബോളും എ.എഫ്.എയും ചേർന്ന് സംഘടിപ്പിക്കുന്നത്. നാല് വർഷക്കാലമായി കേരളത്തിലുള്ള പല അക്കാദമികളെയും നല്ല രീതിയിൽ സഹായിക്കുന്ന ഒരു കൂട്ടായ്മയാണ് ജസ്റ്റ് ഫുട്‌ബോൾ ഗ്രൂപ്പ്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഫുട്‌ബോൾ പ്രേമികളാണ് ഗ്രൂപ്പിലെ അംഗങ്ങൾ. വളർന്നുവരുന്ന കുട്ടികൾക്ക് മത്സര പരിചയം ഉണ്ടാക്കി കൊടുക്കുകയും മികച്ച താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അക്കാദമി ലീഗ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ പറയുന്നു. ആദ്യഘട്ടമെന്ന നിലയിൽ എറണാകുളം ജില്ലയിലെ ആക്കാദമികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ടൂർണമെന്റ് നടക്കുന്നത്. എറണാകുളം ജില്ലയിൽ നിന്നുള്ള 17 അക്കാദമികളാണ് സീസൺ രണ്ടിൽ പങ്കെടുക്കുന്നത്.

ഗ്രൂപ്പംഗങ്ങൾ തന്നെയാണ് ടൂർണമെന്റ് നടത്തിപ്പിന് ആവശ്യമായ പണവും മറ്റ് സൗകര്യങ്ങളും കണ്ടെത്തുന്നത് എന്നതാണ് ടൂർണമെന്റിന്റെ സവിശേഷത. സെൻട്രൽ, ഈസ്റ്റേൺ, വെസ്റ്റേൺ ഇങ്ങിനെ മൂന്നു സോണായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ബ്രിട്ടീഷ് കമ്പനിയായ ലോഗർഹെഡ്‌സ് ആണ് ടൂർണമെന്റിനാവശ്യമായ പന്തുകൾ സംഭാവന ചെയ്തത്. ഇതിനുപുറമെ, പങ്കെടുക്കുന്ന അക്കാദമികളും പന്തുകൾ സൗജന്യമായി നൽകും. വരും സീസണുകളിൽ കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കുകയും സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ജസ്റ്റ് ഫുട്‌ബോൾ ഗ്രൂപ്പ് പ്രതിനിധി നിർമൽ ഖാൻ പറഞ്ഞു.

സീസൺ രണ്ടിൽ പങ്കെടുക്കുന്ന ടീമുകൾ: മിലാൻ ഫുട്‌ബോൾ അക്കാദമി പല്ലാരിമംഗലം (കോതമംഗലം), ആശ്രമം ഫുട്‌ബോൾ അക്കാദമി പെരുമ്പാവൂർ, ബുൾ ഫീൽഡ് അക്കാഡമി പുത്തൻകുരിശ്, ഫുട്‌ബോൾ അക്കാദമി രാമമംഗലം പിറവം, അഡ്വഞ്ചേഴ്‌സ് ഫുട്‌ബോൾ അക്കാദമി പാമ്പാക്കുട, സെൻമേരിസ് ഫുട്‌ബോൾ അക്കാഡമി കണ്ടനാട്, ഫുട്‌ബോൾ അക്കാദമി തിരുവാങ്കുളം, കെ എ.എഫ്.എ മരട്, ഗാഡിയൻസ് ഏഞ്ചൽസ് ഏലൂർ, എ.എ അക്കാദമി ഏലൂർ, ജാസ്‌പേഴ്‌സ് അക്കാദമി എടപ്പള്ളി, സിറ്റി സോക്കർ പറവൂർ, സെവൻ ആരോസ് നായരമ്പലം, സാൻഡോസ് ഫോർട്ട് കൊച്ചി, എസ്.എച്ച് സി.എം.ഐ തേവര, ഭഗത് സോക്കർ തൃപ്പൂണിത്തുറ, ഇ.എഫ്.എ എളമക്കര.

TAGS :

Next Story