Quantcast

'അടിക്കല്ല മെസ്സ്യേ, നാട്ടിലെ ചെക്കമ്മാര് സ്വൈര്യം തരൂല...' വൈറലായി മലയാളി അഭ്യർത്ഥന

കോപ അമേരിക്ക ഫൈനലിൽ ഷൂട്ടൗട്ട് കിക്ക് നഷ്ടപ്പെടുത്തിയ മെസ്സി, കിക്കെടുക്കാൻ വരുമ്പോൾ ബ്രസീൽ ആരാധകരുടെ മനസ്സിലും അർജന്റീനാ ഫാൻസിന്റെ മനസ്സിലും ഒരേ ആധിയായിരുന്നു.

MediaOne Logo

  • Published:

    16 Nov 2019 1:29 PM IST

അടിക്കല്ല മെസ്സ്യേ, നാട്ടിലെ ചെക്കമ്മാര് സ്വൈര്യം തരൂല... വൈറലായി മലയാളി അഭ്യർത്ഥന
X

സൗദി അറേബ്യയിലെ റിയാദിൽ നടന്ന ബ്രസീൽ - അർജന്റീന സൗഹൃദമത്സരം പ്രവാസി മലയാളികൾക്ക് വെറുമൊരു ഫുട്‌ബോൾ മത്സരമായിരുന്നില്ല. കോപ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീലിനെ ലയണൽ മെസ്സിയുടെ ഏകഗോളിൽ അർജന്റീന കീഴടക്കിയതിന്റെ ആഘോഷമാണ് സമൂഹമാധ്യമങ്ങളിലും വാട്ട്‌സാപ്പിലുമെല്ലാം. അർജന്റീന ഫാൻസിന്റെ ആഘോഷത്തിന് മറുപടിയുമായി ബ്രസീൽ ഫാൻസും രംഗത്തുണ്ട്. അതിനിടയിലാണ്, മത്സരത്തിൽ മെസ്സി പെനാൽട്ടിയെടുക്കാനൊരുങ്ങുമ്പോൾ ഗാലറിയിലുണ്ടായിരുന്ന മലയാളി നടത്തുന്ന അഭ്യർത്ഥന വൈറലാകുന്നത്.

ये भी पà¥�ें- മെസി കരുത്തില്‍ കാനറികളെ തകര്‍ത്ത് അര്‍ജന്‍റീന

മത്സരത്തിന്റെ പത്താംമിനുട്ടിൽ ബ്രസീലിന് അനുകൂലമായി പെനാൽട്ടി ലഭിച്ചെങ്കിലും ഗബ്രിയേൽ ജേസുസ് എടുത്ത കിക്ക് പുറത്തേക്ക് പോവുകയായിരുന്നു.

തൊട്ടുപിന്നാലെ 13-ാം മിനുട്ടിൽ അർജന്റീനക്കും പെനാൽട്ടി കിട്ടി. പന്തുമായി മുന്നേറിയ മെസ്സിയെ ബ്രസീൽ ഡിഫന്റർ ബോക്‌സിൽ വീഴ്ത്തിയതിനാണ് ന്യൂസിലാന്റുകാരനായ മാത്യു കോങ്ഗർ സ്‌പോട്ടിലേക്ക് വിരൽചൂണ്ടിയത്. കോപ അമേരിക്ക ഫൈനലിൽ ഷൂട്ടൗട്ട് കിക്ക് നഷ്ടപ്പെടുത്തിയ മെസ്സി, കിക്കെടുക്കാൻ വരുമ്പോൾ ബ്രസീൽ ആരാധകരുടെ മനസ്സിലും അർജന്റീനാ ഫാൻസിന്റെ മനസ്സിലും ഒരേ ആധിയായിരുന്നു.

പെനാൽട്ടിയെടുക്കാനായി മെസ്സി പന്ത് സ്‌പോട്ടിൽവെക്കുമ്പോഴാണ് പോസ്റ്റിനു പിറകിലെ ഗാലറിയിൽ നിന്ന് ഉച്ചത്തിൽ മലയാളിയുടെ അഭ്യർത്ഥന മുഴങ്ങിയത്. 'മെസ്സ്യേ... അടിക്കണ്ട മെസ്സ്യേ, അടിക്കല്ല മെസ്സ്യേ. നാട്ടിലെ ചെക്കമ്മാര് സൈ്വര്യം തര്‌ല മെസ്സ്യേ... മാവൂര്‌ലെ ചക്കമ്മാര് സൈ്വര്യം തര്‌ല മെസ്സ്യേ... ' എന്നാണ് വാട്ട്‌സാപ്പിൽ വ്യാപകമായി പ്രചരിക്കുന്ന ക്ലിപ്പിലെ വാചകം. ഇതിനൊപ്പം മലയാളികളെന്നു കരുതപ്പെടുന്ന മറ്റുള്ളവർ ബ്രസീലിയൻ ഗോൾകീപ്പർ അലിസ്സനെ 'അലിസ്സാ' എന്നു വിളിക്കുന്നതും കേൾക്കാം. മെസ്സിയുടെ കിക്ക് വലത്തോട്ട് ചാടി അലിസ്സൻ തട്ടിയകറ്റിയപ്പോഴുള്ള ആഹ്ലാദശബ്ദങ്ങളും വീഡിയോയിലുണ്ട്. എന്നാൽ റീബൗണ്ടിൽ പന്ത് വലയിലാക്കി മെസ്സി ടീമിനെ മുന്നിലെത്തിച്ചപ്പോൾ അർജന്റീന ഫാൻസാണ് ആരവമുയർത്തിയത്.

റിയാദ് കിങ് സൗദ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗഹൃദമത്സരം പ്രവാസി മലയാളികൾക്ക് തങ്ങളുടെ ഇഷ്ടതാരങ്ങളെയും ടീമുകളെയും നേരിൽകാണാനുള്ള അവസരമായിരുന്നു. കാൽലക്ഷത്തോളം സീറ്റുകളുള്ള മത്സരം നിറഞ്ഞുകവിഞ്ഞപ്പോൾ അതിൽ വലിയൊരു വിഭാഗവും മലയാളികളായിരുന്നു.

Next Story