എട്ട് ഉറുഗ്വെ താരങ്ങളെ നോക്കുകുത്തിയാക്കി മെസിയുടെ കുതിപ്പ്
മെസിയുടെ ഈ നീക്കം സ്വാഭാവികമായും സോഷ്യല്‍മീഡിയയില്‍ വൈറലായി...

എതിര്‍ടീമിലെ ഒന്നിലേറെ കളിക്കാരെ ഒരേ സമയം കബളിപ്പിച്ചുകൊണ്ട് മുന്നേറുന്ന മെസി കളിക്കളത്തിലെ സ്ഥിരം കാഴ്ച്ചയാണ്. പന്തിനായിവരുന്ന എതിര്‍ടീം കളിക്കാരുടെ എണ്ണം കൂടും തോറും മെസിയുടെ ആവേശവും ഏറുകയാണ് പതിവ്. ഉറുഗ്വെക്കെതിരായ സൗഹൃദമത്സരത്തിനിടയില്‍ ഈ അര്‍ജന്റീന താരം എട്ട് കളിക്കാരെയാണ് ഒറ്റനീക്കത്തിനിടെ കബളിപ്പിച്ചത്.
പ്രതീക്ഷിച്ച പോലെ ഉറുഗ്വെ അര്‍ജന്റീന മത്സരത്തിലെ ശ്രദ്ധാകേന്ദ്രം മെസി തന്നെയായിരുന്നു. കളിയുടെ 22ആം മിനുറ്റിലായിരുന്നു മെസി മാജിക്ക്. മൈതാനത്തിന്റെ മധ്യത്തിലെ സര്‍ക്കിളില്‍ നിന്നും ലഭിച്ച പന്തുമായി പാഞ്ഞ മെസി ഓരോ ഉറുഗ്വെ താരങ്ങളെയായി വകഞ്ഞു മാറ്റി. ഇതെത്ര എളുപ്പമെന്ന് തോന്നിപ്പിക്കും വിധമായിരുന്നു മെസിയുടെ ആ ഓട്ടം.
ബോക്‌സിന് തൊട്ടുമുമ്പ് അഗ്യൂറോക്ക് പന്തു നല്‍കി തിരിച്ചു വാങ്ങാനുള്ള ശ്രമത്തിനിടെ ലൂക്കസ് ടോറിയയുടെ പ്രതിരോധശ്രമത്തില്‍ തട്ടി വീഴുമ്പോഴേക്കും എണ്ണം പറഞ്ഞ എട്ടുപേരെ മെസി മറികടന്നിരുന്നു. വീണു കിടക്കുമ്പോഴും പന്തിനുമേലുള്ള ആധിപത്യം ഉറപ്പാക്കി സ്വന്തം ടീമിലെ കളിക്കാരന് തന്നെ നല്‍കാനും മെസിക്കായി. സ്വാഭാവികമായും ഈ പ്രകടനം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തു.
ഫ്രീകിക്കിലൂടെ അഗ്യൂറോയുടെ ഗോളിന് വഴിയൊരുക്കിയ മെസി തന്നെയാണ് 92ആം മിനുറ്റില്‍ അര്‍ജന്റീനക്കായി സമനില ഗോള്‍ നേടിയതും. മത്സരത്തില്‍ അര്‍ജന്റീനയും ഉറുഗ്വെയും രണ്ട് ഗോളുകളാണ് നേടിയത്.
Adjust Story Font
16

