Quantcast

ചാമ്പ്യന്‍സ് ലീഗ്: ടോട്ടന്നത്തിന്റെ തിരിച്ചുവരവ്, ഗോളടിയന്ത്രമായി ലെവന്‍ഡോവ്‌സ്‌കി, പി.എസ്.ജി റയല്‍ സമനില

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചവര്‍- പി.എസ്.ജി, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിച്ച്, ടോട്ടന്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ്... 

MediaOne Logo

Web Desk

  • Published:

    27 Nov 2019 3:25 AM GMT

ചാമ്പ്യന്‍സ് ലീഗ്: ടോട്ടന്നത്തിന്റെ തിരിച്ചുവരവ്, ഗോളടിയന്ത്രമായി ലെവന്‍ഡോവ്‌സ്‌കി, പി.എസ്.ജി റയല്‍ സമനില
X

രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് മൗറീന്യോയുടെ ടോട്ടന്‍ഹാം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ബയേണ്‍ മ്യൂണിച്ച് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ തിളങ്ങിയത് ലെവന്‍ഡോവ്‌സ്‌കി. പി.എസ്.ജിക്കെതിരെ രണ്ട് ഗോളിന് മുന്നിലെത്തിയിട്ടും സമനില വഴങ്ങി റയല്‍ മാഡ്രിഡ്.

പത്ത് മാസത്തിനിടെ ടോട്ടന്നത്തിന്റെ ആദ്യ എവേ വിജയം നേടിക്കൊണ്ടാണ് മൗറീന്യോ ചാമ്പ്യന്‍സ് ലീഗിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചത്. 19 മിനുറ്റിനിടെ രണ്ട് ഗോള്‍ ടോട്ടന്നത്തിന്റെ വലയിലെത്തിച്ച് ഒളിംപിയാക്കോസ് ഞെട്ടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡെലെ അലി ഒരു ഗോള്‍ മടക്കി. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹാരികെയ്‌നിന്റെ ഡബിളും സെര്‍ജി ഓറിയറിന്റെ ഗോളും കൂടിയായപ്പോള്‍ മത്സരം 4-2ന് ടോട്ടന്‍ഹാം ജയിച്ചു. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ടോട്ടന്‍ഹാം ഒരു മത്സരം ബാക്കി നില്‍ക്കേ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

കരിം ബെന്‍സമ സീസണിലെ ഫോം തുടര്‍ന്നപ്പോള്‍ റയല്‍ മാഡ്രിഡ് മത്സരം ജയിക്കുമെന്ന് തോന്നിപ്പിച്ചതായിരുന്നു. ഇരുപകുതികളിലുമായി ബെന്‍സെമയുടെ ഗോളുകളില്‍ റയല്‍ എണ്‍പതാം മിനുറ്റുവരെ 2-0ത്തിന് മുന്നിലുമായിരുന്നു. എന്നാല്‍ 81ആം മിനുറ്റില്‍ എംപബെയും 83ആം മിനുറ്റില്‍ പാബ്ലോ സറാബിയയും നേടിയ ഗോളുകളിലൂടെ പി.എസ്.ജി സമനിലയും എ ഗ്രൂപ്പിലെ അപ്രമാദിത്യവും ഉറപ്പിച്ചു. അഞ്ച് കളികളില്‍ നിന്ന് ഈ സമനില ഒഴികെ നാല് കളികളിലും വിജയിച്ച പി.എസ്.ജിക്ക് 13 പോയിന്റും രണ്‍ വീതം ജയവും സമനിലയുമുള്ള റയലിന് എട്ട് പോയിന്റുമാണുള്ളത്.

റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ചിറകില്‍ ബയേണ്‍ മ്യൂണിച്ചും ചാമ്പ്യന്‍സ് ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്നു. റെഡ് സ്റ്റാറിന്റെ വലയിലേക്ക് ആറ് ഗോളുകളാണ് ബയേണ്‍ അടിച്ചത്. ഇതില്‍ നാലും അടിച്ചത് ബയേണിന്റെ ഗോളടിയന്ത്രം ലെവന്‍ഡോവ്‌സ്‌കി.

യുവന്റസ് അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തിലെ ഏറ്റവും മനോഹരമായ നിമിഷം ഡിബാലയുടെ ആദ്യ പകുതിയിലെ ഫ്രീകിക്ക് ഗോളായിരുന്നു. ഈ ഡിബാല ഗോളോടെ അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പിച്ച യുവന്റസ് 13 പോയിന്റുമായി അവസാന പതിനാറ് ഉറപ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി ശാക്തര്‍ ഡോണസ്റ്റക് മത്സരം ഓരോ ഗോളുകള്‍ അടിച്ച് സമനിലയില്‍ അവസാനിച്ചെങ്കിലും സിറ്റി ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്.

ചാമ്പ്യന്‍സ് ലീഗില്‍ എട്ട് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടാനാവുക. മൂന്നാം സ്ഥാനക്കാര്‍ക്ക് യൂറോപ്പ ലീഗ് ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത ലഭിക്കും. ഓരോ ടീമും ഗ്രൂപ്പിലെ മറ്റു മൂന്നു ടീമുകളുമായി രണ്ട് കളി വീതം കളിക്കും.

TAGS :

Next Story