‘അഗ്യൂറോ പകരക്കാരനില്ലാത്ത കളിക്കാരന്‍’ പെപ്
മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തേയും വലിയ ഗോള്‍ സ്‌കോററാണ്(244) അഗ്യൂറോ. ഗോളടി മാത്രമല്ല, അഗ്യൂറോയെ വിടാതെ പിടിക്കാന്‍ ഗ്വാര്‍ഡിയോളക്ക് വേറെയും കാരണങ്ങളുണ്ട്...

അഗ്യൂറോയുടെ പകരക്കാരനെ കണ്ടെത്തുകയെന്നതാകും മാഞ്ചസ്റ്റര്‍ സിറ്റി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പരിശിലീകന്‍ പെപ് ഗ്വാര്‍ഡിയോള. പകരം വെക്കാനില്ലാത്ത താരമെന്നാണ് സെര്‍ജിയോ അഗ്യൂറോയെ പെപ് വിശേഷിപ്പിച്ചത്. 31കാരനായ അഗ്യൂറോയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍(244) നേടിയിട്ടുള്ള താരം.
2021ല്‍ അഗ്യൂറോയുമായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ കരാര്‍ അവസാനിക്കുമെങ്കിലും ക്ലബില്‍ തുടരാന്‍ അഗ്യൂറോ തയ്യാറാകുമെന്ന പ്രതീക്ഷയും പെപ് ഗ്വാര്‍ഡിയോള പ്രകടിപ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ 2011ലാണ് അഗ്യൂറോ എത്തുന്നത്. അന്ന് 38 മില്യണ്‍ യൂറോക്കാണ്(ഏകദേശം 237 കോടിരൂപ) അഗ്യൂറോയെ അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നും സിറ്റി പൊക്കിയത്.
ഗ്വാര്‍ഡിയോളയും അഗ്യൂറോയുംകഴിഞ്ഞ രണ്ട് സീസണുകളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി 62 ഗോളുകളാണ് അഗ്യൂറോ അടിച്ചുകൂട്ടിയത്. ഈ സീസണില്‍ ഇതുവരെ 13 ഗോളുകള്‍ അഗ്യൂറോ നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും ക്ലബിന്റെ ടോപ് ഗോള്‍സ്‌കോററും അഗ്യൂറോ ആയിരുന്നു. അഗ്യൂറോ സമ്മതിച്ചാല്‍ കരാര്‍ തുടരാന്‍ സിറ്റിക്ക് താത്പര്യമുണ്ടെന്നാണ് പെപ് വ്യക്തമാക്കിയിരിക്കുന്നത്. ഗോളടി മാത്രമല്ല അതിന്റെ കാരണമായി പരിശീലകരിലെ സൂപ്പര്‍സ്റ്റാര്‍ നിരത്തുന്നത്.
ഇത്രയേറെ വിനയമുള്ള തമാശ പറയുന്ന മറ്റൊരു ഫുട്‌ബോള്‍ സൂപ്പര്‍താരത്തേയും ഇതുവരെ കണ്ടിട്ടില്ലെന്നാണ് പെപ് പറയുന്നത്. തന്റെ കളിക്ക് ഗുണമാവില്ലെന്ന് മനസിലാകുന്ന പരിശീലകന്റെ തീരുമാനങ്ങളെ പോലും അഗ്യൂറോ എതിര്‍ക്കാറില്ലെന്നും അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള സൂപ്പര്‍താരങ്ങള്‍ സാധാരണ ഈ വിട്ടുവീഴ്ച്ചക്ക് തയ്യാറാകില്ലെന്നും ഗ്വാര്‍ഡിയോള ഓര്‍മ്മിപ്പിക്കുന്നു.
സ്പാനിഷ് മിഡ്ഫീല്‍ഡറായ ഡേവിഡ് സില്‍വയുമായുള്ള കരാറും അവസാനിക്കാനിരിക്കയാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി പത്തുവര്‍ഷമായി കളിക്കുന്നയാളാണ് ഡേവിഡ് സില്‍വ. 33കാരനായ സില്‍വയുമായുള്ള ക്ലബിന്റെ കരാര്‍ ഈ സീസണോടെ തീരും.
Adjust Story Font
16

