പ്രീമിയര്‍ ലീഗ്; സിറ്റിക്കും ലിവര്‍പ്പൂളിനും യുണൈറ്റഡിനും ജയം
ഇന്നലെ നടന്നതിലെ ഏറ്റവും വലിയ സ്റ്റാര്‍ പോരാട്ടം ആര്‍സനലും ചെല്‍സിയും തമ്മിലായിരുന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ വമ്പന്മാരെല്ലാം കളത്തിലിറങ്ങി. മാഞ്ചസ്റ്റര്‍ സിറ്റിക്കും, ലിവര്‍പൂളിനും മാന്‍റസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും ജയിക്കാനായപ്പോള്‍ ടോട്ടനം സമനിലയില്‍ കുരുങ്ങി.
ഷെഫ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. സെര്‍ജിയോ അഗ്വേറോയും കെവിന്‍ ഡി ബ്രൂയിനേയും സിറ്റിക്കായി ഗോള്‍ നേടി. തോല്‍വിയറിയാതെ ഈ സീസണില്‍ കുതിക്കുന്ന ക്ലോപ്പിന്‍റെ ലിവര്‍പ്പൂള്‍ ശക്തരായ വോള്‍വ്സിനെയാണ് പരാജയപ്പെടുത്തിയത്. സാഡിയോ മാനേയുടെ ഗോളിന്‍റെ ബലത്തിലാണ് ലിവര്‍പൂളിന്‍റെ വിജയം.
ബേണ്‍ലി എഫ്സിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം കൈവരിച്ചത്. നാല്‍പ്പത്തിനാലാം മിനിറ്റില്‍ ആന്‍റണി മാര്‍ഷലും എക്ട്രാ ടൈമിന്‍റെ അവസാന മിനിറ്റില്‍ റാഷ്ഫോര്‍ഡും യുണൈറ്റഡിനായി ലക്ഷ്യം കണ്ടു.
ഇന്നലെ നടന്നതിലെ ഏറ്റവും വലിയ സ്റ്റാര്‍ പോരാട്ടം ആര്‍സനലും ചെല്‍സിയും തമ്മിലായിരുന്നു. കടുത്ത മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെല്‍സി ആഴ്സനലിനെ തോല്‍പ്പിച്ചു. പതിമൂന്നാം മിനിറ്റില്‍ തന്നെ ഔബമേയാങിലൂടെ ലീഡ് നേടി അവസാന നിമിഷം വരെ വിജയം ഉറപ്പിച്ച ആഴ്സനലിനെ ഞെട്ടിച്ചുകൊണ്ടാണ് ചെല്‍സി മത്സരത്തിലേക്ക് തിരിച്ചുവന്നത്. എണ്‍പത്തിമൂന്നാം മിനിറ്റില്‍ ജൊര്‍ഡീനോയിലൂടെ ആദ്യ ഗോള്‍ നേടിയ ചെല്‍സി നാല് മിനിറ്റിനുള്ളില്‍ വീണ്ടും ആഴ്സനല്‍ വല കുലുക്കി. താമി എബ്രഹാമിലൂടെ രണ്ടാം ഗോള്‍ നേടിയ ചെല്‍സി ഏവരെയും ഞെട്ടിച്ച് ഗംഭീര വിജയം നേടി. നോര്‍വിച്ച് സിറ്റിക്കെതിരെ ടോട്ടനം സമനില വഴങ്ങി. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം അടിച്ചു.
Adjust Story Font
16

