പുതുവര്‍ഷത്തില്‍ ടോട്ടന്നത്തിനും യുണൈറ്റഡിനും തോല്‍വി
രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിയും നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ജയിച്ചു...

പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ടോട്ടന്നവും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തോല്‍വികളോടെ പിന്നിലേക്ക് പോയി. ഇതോടെ ചെല്‍സി നാലാം സ്ഥാനം 36 പോയിന്റോടെ സുരക്ഷിതമാക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അഴ്‌സണലും(2-0) ടോട്ടന്നത്തെ സൗത്താംപ്ടണുമാണ്(1-0) തോല്‍പിച്ചത്.
അലിറേസ ജഹാന്‍ബക്ഷിന്റെ ഓവര്‍ഹെഡ് കിക്കാണ് ബ്രിംങ്ടണ് ചെല്‍സിക്കെതിരെ 1-1ന്റെ സമനില നേടിക്കൊടുത്തത്. ഇതോടെ ചെല്‍സിക്ക് 21 കളികളില്‍ നിന്നും 36 പോയിന്റായി. അഞ്ചാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 31ഉം ടോട്ടന്നത്തിനും വോള്‍വ്‌സിനും 30 വീതം പോയിന്റുകളുമാണുള്ളത്.
നിക്കോളസ് പെപെയുടേയും സോക്രട്ടീസിന്റേയും ഗോളുകളാണ് അഴ്‌സണലിനെ യുണൈറ്റഡിനെ അട്ടിമറിക്കാന്‍ സഹായിച്ചത്. അഴ്‌സണല്‍ പരിശീലകസ്ഥാനത്തെത്തിയ മൈക്കല്‍ അര്‍ട്ടേറ്റ ആദ്യ മത്സരം തന്നെജയിച്ചു. ഇതോടെ അഴ്‌സണല്‍ പോയിന്റ് നിലയില്‍ പത്താം സ്ഥാനത്തെത്തി.
71ആം മിനുറ്റുമുതല്‍ പത്തു പേരായി ചുരുങ്ങിയിട്ടും വാറ്റ്‌ഫോര്‍ഡ് വോള്‍വ്‌സിനെ 2-1ന് തോല്‍പിച്ചു കളഞ്ഞു. ഡിയേഗോ ജോട്ടയെ ഫൗള്‍ ചെയ്തതിന് വാറ്റ്‌ഫോര്‍ഡ് താരം ക്രിസ്റ്റിയന്‍ കബസെലെയാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്.
പുതുവര്‍ഷത്തിലെ ഏറ്റവും ആധികാരികമായ ജയം ആഘോഷിച്ചത് വെസ്റ്റ്ഹാമായിരുന്നു. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് വെസ്റ്റ്ഹാം ബോണ്‍മൗത്തിനെ തകര്‍ത്തത്. മാര്‍ക്ക് നോബിള്‍ ആദ്യ പകുതിയില്‍ തന്നെ ഇരട്ടഗോളുകള്‍ നേടി. സെബാസ്റ്റിയന്‍ ഹല്ലറും ഫിലിപ്പ് ആന്‍ഡേഴ്‌സണും ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ന്യൂകാസിലിനെ 3-0ത്തിന് തോല്‍പിച്ചാണ് ലെസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനം സുരക്ഷിതമാക്കിയത്. അയോസെ പെരസ്, ജെയിംസ് മാഡിസണ്‍, പകരക്കാരന്‍ ഹംസ ചൗധരി എന്നിവരായിരുന്നു ലെസ്റ്ററിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ഇതോടെ 21 കളികളില്‍ നിന്നും ലെസ്റ്ററിന് 45 പോയിന്റായി.
മൂന്നാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടണെതിരെ 2-1ന് തോല്‍പ്പിച്ചു. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ജീസസ് ഇരട്ടഗോളുമായി സിറ്റിക്കായി തിളങ്ങി. ലിവര്‍പൂളുമായി 11 പോയിന്റ് വ്യത്യാസമുണ്ടെങ്കിലും ലെസ്റ്ററുമായി ഒരുപോയിന്റ് മാത്രമാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് അകലമുള്ളത്.
Adjust Story Font
16

