സിറ്റിക്ക് സമനിലക്കുരുക്ക്, ചെല്‍സിക്ക് അപ്രതീക്ഷിത തോല്‍വി
എതിരാളികളെ പിന്തുടര്‍ന്നുപിടിക്കുന്ന ചെന്നായ്ക്കള്‍ തങ്ങള്‍ തന്നെയെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു വോള്‍വ്‌സിന്റേത്. രണ്ട് ഗോള്‍ വഴങ്ങിയ ശേഷമാണ് അവര്‍ സൗത്താംപ്ടണെ തോല്‍പിച്ചത്...

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ കുരുങ്ങിയതോടെ ലിവര്‍പൂളിന്റെ കിരീടത്തിലേക്കുള്ള അകലം വീണ്ടും കുറഞ്ഞു. പരിക്കുസമയത്തെ ഗോളിലാണ് ചെല്‍സിയെ ഏകപക്ഷീയമായ ഒരുഗോളിന് ന്യൂകാസില്‍ തകര്‍ത്തത്. രണ്ട് ഗോളിന് പുറകില്‍ നിന്ന ശേഷം വോള്‍വ്‌സ് നടത്തിയ തിരിച്ചുവരവില്‍ സൗത്താംപ്ടണും(3-2) തോറ്റുപോയി.
എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന ജയിച്ചുവെന്ന് തോന്നിച്ച മത്സരത്തിലാണ് അവസാന മിനുറ്റുകളില്‍ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍വി വഴങ്ങിയത്. സെര്‍ജിയോ അഗ്യൂറോയുടെ ഇരട്ടഗോളുകള്‍ക്ക് 90ആം മിനുറ്റുവരെ ക്രിസ്റ്റല്‍ പാലസിന്റെ മറുപടി സെന്‍ക് ടോസന്റെ ഗോള്‍ മാത്രമായിരുന്നു. എന്നാല്‍ തൊണ്ണൂറാം മിനുറ്റില്‍ ഫെര്‍ണാണ്ടിനോയുടെ സെല്‍ഫ് ഗോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ ഒതുക്കി.
ഇപ്പോഴും 23 മത്സരങ്ങളില്‍ നിന്നും 48 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട് മാഞ്ചസ്റ്റര്‍ സിറ്റി. 22 കളികളില്‍ നിന്നും 45 പോയിന്റുമായി ലെസ്റ്റര്‍ പിന്നാലെയുണ്ട്. ഇതൊന്നും ശ്രദ്ധിക്കുകപോലും ചെയ്യാതെ 21 മത്സരം മാത്രം കളിച്ച് 61 പോയിന്റുമായി അതിവേഗം കിരീടത്തിലേക്ക് കുതിക്കുകയാണ് ലിവര്‍പൂള്‍.
ഷെഫീല്‍ഡിനെതിരെയും സമനിലയായതോടെ സീസണില്‍ ഏറ്റവും കൂടുതല്‍ സമനില വഴങ്ങുന്ന ടീമായി അഴ്‌സണല്‍ മാറി. ക്യാപ്റ്റന്‍ ഒബമെയാങ് ഇല്ലാതെ കളത്തിലിറങ്ങിയതിന്റെ കുറവ് അഴ്‌സണലിന്റെ മുന്നേറ്റത്തിലും പ്രകടമായിരുന്നു. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ 45ാം മിനുറ്റിലെ ഗോളിന് ഷെഫീല്‍ഡ് യുണൈറ്റഡ് 83ആം മിനുറ്റില്‍ ജോണ്‍ ഫ്‌ളെക്കിലൂടെയായിരുന്നു മറുപടി നല്‍കിയത്. ഇതോടെ സീസണില്‍ കളിച്ച 23 മത്സരങ്ങളില്‍ 11ലും അഴ്‌സണല്‍ സമനില വഴങ്ങി.
പ്രീമിയര്‍ ലീഗില്‍ എതിരാളികളെ പിന്തുടര്‍ന്നുപിടിക്കുന്ന ചെന്നായ്ക്കള്‍ തങ്ങള്‍ തന്നെയെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു വോള്‍വ്‌സിന്റേത്. ആദ്യപകുതി തീര്‍ന്നപ്പോള്‍ സൗത്താംപ്ടണ്‍ 2-0ത്തിന് മുന്നിലായിരുന്നു. എന്നാല്‍ മത്സരത്തിന്റെ ഫൈനല്‍ വിസിലൂതിയപ്പോള്‍ വോള്‍വ്‌സ് 3-2ന് ജയിക്കുകയും ചെയ്തു.
മറ്റ് ഫലങ്ങള്‍: നോര്‍വിച്ച് സിറ്റി 1-0 ബേണ്‍മൗത്ത്, വെസ്റ്റ്ഹാം 1-1 എവര്‍ട്ടണ്‍, ബ്രിങ്ടണ്‍ 1-1 അസ്റ്റണ്‍ വില്ല. വാറ്റ്‌ഫോര്‍ഡ് 0-0 ടോട്ടന്നം.
Adjust Story Font
16

