സ്വന്തം മൈതാനത്ത് നാണംകെട്ട് യുണൈറ്റഡ്, ടോട്ടന്നത്തിനും ലെസ്റ്ററിനും ജയം
ഓള്‍ഡ് ട്രാഫോര്‍ഡില്‍ ചരിത്രത്തിലാദ്യമായി ബേണ്‍ലിയോട് തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കൂക്കുവിളികളോടെയാണ് ആരാധകര്‍ എതിരേറ്റത്...

സ്വന്തം മൈതാനത്ത് സ്വന്തം കാണികളില്‍ നിന്നും അപമാനമേറ്റാണ് ബേണ്‍ലിക്കെതിരായ കളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 0-2ന് അവസാനിപിപ്പിച്ചത്. ഈവര്‍ഷത്തെ ആദ്യ പ്രീമിയര്‍ ലീഗ് വിജയവുമായി ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ നിര്‍ണ്ണായകമായ മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കി. വെസ്റ്റ്ഹാം യുണൈറ്റഡിനെ 4-1ന് തോല്‍പിച്ച് ലെസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
39ആം മിനുറ്റില്‍ വുഡിലൂടെ ബേണ്‍ലി ലീഡെടുത്തതോടെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്വന്തം കാണികളില്‍ നിന്ന് കൂക്കുവിളികള്‍ സഹിച്ചാണ് യുണൈറ്റഡ് ആദ്യ പകുതി അവസാനിപ്പിച്ചത്. ജേ റോഡ്രിഗസ് ബേണ്‍ലിയുടെ ലീഡ് 56ആം മിനുറ്റില്‍ 2-0 ആക്കിയതോടെ ആരാധക പ്രതിഷേധം വീണ്ടും കൂടി. മിനുറ്റുകള്‍ കഴിയും തോറും ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്നും മാഞ്ചസ്റ്റര്‍ ആരാധകരുടെ എണ്ണം കുറഞ്ഞുവന്നു.
ഇത് തുടര്‍ച്ചയായി മൂന്നാം സീസണിലാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ബേണ്‍ലി 2-0ത്തിന്റെ ലീഡെടുക്കുന്നത്. എന്നാല്‍ അതേ സ്‌കോറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പിക്കാന്‍ അവര്‍ക്ക് സാധിച്ചത് ചരിത്രത്തിലാദ്യം. പരിക്കേറ്റ സ്‌ട്രൈക്കര്‍ റാഷ്‌ഫോര്‍ഡ് ഇല്ലാതെയായിരുന്നു യുണൈറ്റഡ് കളിക്കാനിറങ്ങിയത്. വിലപ്പെട്ട മൂന്ന് പോയിന്റ് നഷ്ടമായതോടെ സോള്‍ഷ്യറിന്റെ സംഘത്തിന് ആദ്യ നാലിലെത്തുക കടുപ്പമായി. നാലാമതുള്ള ചെല്‍സിക്ക് 40 പോയിന്റും അഞ്ചാമതുള്ള യുണൈറ്റഡിന് 34 പോയിന്റുമാണുള്ളത്.
നോര്‍വിച്ച് സിറ്റിക്കെതിരായ 2-1ന്റെ വിജയത്തോടെ ടോട്ടന്നവും 34 പോയിന്റിലെത്തിയിട്ടുണ്ട്. ഇതോടെ മൗറീന്യോയുടെ സംഘവും ആദ്യ നാലിലെത്താനുള്ള പ്രതീക്ഷകള്‍ സജീവമാക്കി. ഹാരി കെയ്‌ന് പരിക്കേറ്റതോടെ കഴിഞ്ഞ മൂന്ന് കളികളില്‍ ഗോള്‍ കണ്ടെത്താന്‍ ടോട്ടന്നം വിഷമിച്ചിരുന്നു. എന്നാല്‍ ഇക്കുറി ഡേല അലിയും(38') സണ്‍ യോങ് മിന്നും(79') ചേര്‍ന്ന് ആ പരാതി തീര്‍ത്തുകൊടുത്തു. എഴുപതാം മിനുറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു നോര്‍വിച്ച് സിറ്റിയുടെ ആശ്വാസഗോള്‍.
വെസ്റ്റ് ഹാം യുണൈറ്റഡിനെ 4-1ന് തകര്‍ത്ത മത്സരത്തിലും ലെസ്റ്റര്‍ സിറ്റിയുടെ ആശങ്ക ജാമി വാര്‍ഡിയുടെ പരിക്കാണ്. സീസണില്‍ 17 ഗോളുകളുമായി ടോപ് സ്‌കോററാണ് ജാമി വാര്‍ഡി. ആദ്യ പകുതിയിലായിരുന്നു വാര്‍ഡി പരിക്കേറ്റ് പിന്മാറിയത്. 33കാരന്റെ പരിക്ക് സാരമുള്ളതല്ലെന്ന് പിന്നീട് പരിശീലകന്‍ ബ്രണ്ടന്‍ റോജര്‍ അറിയിച്ചു. ചെല്‍സിയുമായുള്ള അടുത്ത പ്രീമിയര്‍ ലീഗ് മത്സരത്തിന് പത്ത് ദിവസത്തെ സമയമുണ്ടെന്നതും ലെസ്റ്ററിന് ആശ്വാസകരമാണ്.
Adjust Story Font
16

