ഫുട്ബോള്‍ പ്രേമികളെ ത്രസിപ്പിച്ചിരുന്ന ധനരാജിന് ഗോകുലം കേരള എഫ്.സിയുടെ വിജയസമ്മാനം
ടീമിന്‍റെ ക്ഷണം സ്വീകരിച്ച് വന്ന 21,346 ആരാധകരെയും ഗോകുലം നിരാശപ്പെടുത്തിയില്ല

ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ ഗോകുലം കേരള എഫ്.സിക്ക് എതിരില്ലാത്ത ഏകഗോളിന്റെ വിജയം. കാലുകളില്‍ ആരാധകരെ ത്രസിപ്പിച്ച് അകാലത്തില്‍ പൊലിഞ്ഞ ധനരാജിന്റെ കുടുംബത്തിനായി ഗോകുലം കേരള എഫ്‌സിയുടെ സമ്മാനമാണ് ഈ വിജയം. ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരെയുള്ള മത്സരത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കുടുംബത്തിന് നല്‍കുമെന്നും എല്ലാവരും കാണാന്‍ വരണമെന്നും ടീം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ടീമിന്‍റെ ക്ഷണം സ്വീകരിച്ചെത്തിയ 21,346 ആരാധകരെയും ഗോകുലം നിരാശപ്പെടുത്തിയില്ല.
മികച്ച മുന്നേറ്റങ്ങള്‍ക്കാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ 38ാം മിനിറ്റിലായിരുന്നു മാര്‍ക്കസ് ജോസഫിന്റെ വിജയഗോള്‍. നല്ല അവസരങ്ങള്‍ സൃഷ്ടിക്കാനും ടീമിനായി. 86ാം മിനിറ്റില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ റദാന്‍ഫാഹ് അബൂബക്കര്‍ റെഡ് കാര്‍ഡ് വാങ്ങി പുറത്തായതോടെ മത്സരം ഗോകുലം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
അഞ്ച് ലക്ഷത്തി അറുപതിനായിരത്തി മുന്നൂറ്റമ്പത് രൂപ ധനരാജിന്റെ കുടുബത്തിന് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ നല്‍കിയിരിക്കുകയാണ്. വിജയത്തോടെ ഗോകുലം കേരള എഫ്.സി 13 പോയന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറി.
Adjust Story Font
16

