വലന്‍സിയയെ കൊണ്ട് വലഞ്ഞ് ബാഴ്‌സ
തോല്‍വിയോടെ ലാ ലിഗയിലെ ബാഴ്‌സലോണയുടെ ഒന്നാം സ്ഥാനവും ഭീഷണിയിലായി...

പുതിയ പരിശീലകന്‍ സെറ്റിയന് കീഴില്‍ കളിക്കാനിറങ്ങിയ നാലാം മത്സരത്തില്‍ ബാഴ്‌സലോണക്ക് തോല്‍വി. ലാ ലിഗയില്‍ വലന്‍സിയയാണ് ബാഴ്‌സലോണയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചത്. വലന്‍സിയക്ക് ലഭിച്ച പെനല്‍റ്റി ബാഴ്‌സ ഗോളി തടയുകയും അവസാന മിനുറ്റുകളിലെ കോര്‍ണര്‍ ഗോള്‍ വാര്‍ തിരുത്തുകയും ചെയ്തില്ലായിരുന്നെങ്കില്‍ ബാഴ്‌സലോണയുടെ തോല്‍വി ഭാരം വീണ്ടും കൂടിയേനെ.
നിറം മങ്ങിയ പ്രകടനമായിരുന്നു ബാഴ്‌സലോണ വലന്‍സിയക്കെതിരെ നടത്തിയത്. ബാറിന് കീഴില്‍ മാര്‍ക് ആന്ദ്രേ ടെര്‍ സ്‌റ്റെഗാന്റെ മികച്ച പ്രകടനമില്ലായിരുന്നെങ്കില്‍ ബാഴ്‌സലോണയുടെ വലയില്‍ കൂടുതല്‍ ഗോളെത്തുമായിരുന്നു. ആദ്യ 31 മിനുറ്റിനിടെ പെനല്‍റ്റിയടക്കം അഞ്ച് ഗോള്‍ ശ്രമങ്ങളാണ് സ്‌റ്റെഗാന്‍ തടഞ്ഞിട്ടത്. ഇതില്‍ 12ആം മിനുറ്റില്‍ മാക്‌സി ഗോമസ് എടുത്ത പെനല്‍റ്റിയായിരുന്നു ഏറ്റവും മികച്ച സ്‌റ്റെഗാന്‍ സേവ്.
പെനല്‍റ്റി ഗോളാക്കാന്‍ സാധിക്കാതിരുന്നതിന്റെ പ്രായ്ശ്ചിത്തം മാക്‌സി ഗോമസ് 77ആം മിനുറ്റില്‍ ഗോള്‍ നേടിക്കൊണ്ട് ചെയ്യുകയും ചെയ്തു. കളിയുടെ 48ആം മിനുറ്റിലായിരുന്നു ജോര്‍ഡി ആല്‍ബ സെല്‍ഫ് ഗോള്‍ വഴങ്ങിയത്.
തോല്‍വിയോടെ ബാഴ്‌സലോണയുടെ ലാ ലിഗയിലെ ഒന്നാം സ്ഥാനത്തിന് ഭീഷണി ഉയര്‍ന്നു. അടുത്ത മത്സരത്തില്‍ റയല്‍ മാഡ്രിഡ് തോല്‍ക്കാതിരുന്നാല്‍ അവര്‍ക്ക് ബാഴ്‌സലോയെ മറികടക്കാനാകും. മൂന്ന് വര്‍ഷത്തിന് ശേഷമുള്ള ബാഴ്‌സക്കെതിരായ വിജയത്തോടെ 34 പോയിന്റുമായി വലന്‍സിയ അഞ്ചാം സ്ഥാനത്തേക്കെത്തി.
Adjust Story Font
16

