ഗോളടിയില്‍ CR7 റെക്കോഡിട്ട മത്സരത്തിലും യുവന്റസിന് അപ്രതീക്ഷിത തോല്‍വി
സീരി എയിലെ കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ 15 ഗോളുകളാണ് യുവന്റസിന്റെ ഗോളടിയന്ത്രം അടിച്ചുകൂട്ടിയത്. ഇതോടെ സീസണില്‍ ക്രിസ്റ്റ്യാനോക്ക് 20 ഗോളുകളായി...

ജിയാംപോലോ പാസിനിയുടെ 86ആം മിനുറ്റിലെ പെനല്‍റ്റി യുവന്റസിനെ 2-1ന് മറികടന്ന് ഹെല്ലാസ് വെറോണ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിയുടെ പേരില്‍ മറ്റൊരു റെക്കോഡു കൂടി സ്വന്തമാക്കിയ മത്സരത്തിലാണ് ഗോളില്‍ സീരി എയില്‍ ഒന്നാമതുള്ള യുവന്റസിന്റെ അപ്രതീക്ഷിത തോല്‍വി. ഇതോടെ ഇന്ന് നടക്കുന്ന ഇന്റര്‍മിലാന്‍ എ.സി മിലാന്‍ ഡര്‍ബിയില്‍ വിജയിച്ചാല്‍ ഇന്റര്‍മിലാന് പോയിന്റ് നിലയില്‍ യുവന്റസിന് ഒപ്പമെത്താനാകും.
ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗായ സീരി എയില്‍ പത്ത് മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടുന്നതിന്റെ റെക്കോഡാണ് 35കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയത്. സീരി എയിലെ കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ 15 ഗോളുകളാണ് യുവന്റസിന്റെ ഗോളടിയന്ത്രം അടിച്ചുകൂട്ടിയത്. ഇതോടെ സീസണില്‍ ക്രിസ്റ്റ്യാനോക്ക് 20 ഗോളുകളായി.
യുവന്റസിനെ തോല്‍പിച്ച വെറോണ താരങ്ങളുടെ ആഘോഷംരണ്ടാം പകുതിയില്‍ 65ആം മിനുറ്റിലായിരുന്നു ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്. സ്വന്തം പകുതിയില്‍ നിന്നായിരുന്നു ക്രിസ്റ്റ്യാനോ ഗോളിലേക്കുള്ള ഓട്ടം തുടങ്ങിയത്. മൈതാന വരക്കടുത്തു നിന്നും ഡിബാല നീട്ടി നല്‍കിയ പന്തിലേക്ക് റൊണാള്‍ഡോ പാഞ്ഞെത്തി. നൃത്തച്ചുവടുകള്‍ക്കൊടുവില്‍ ഗോളിലേക്കു തടസമായിരുന്ന പ്രതിരോധക്കാരനേയും ഗോളിയേയും കബളിപ്പിച്ച് റൊണാള്‍ഡോ വല കുലുക്കി.
നേരത്തെ ക്രിസ്റ്റ്യാനോയുടേയും ഡിയേഗോ കോസ്റ്റയുടേയും ഷോട്ടുകള്‍ ക്രോസ് ബാറില്‍ തട്ടി തെറിച്ചിരുന്നു. വെറോണയുടെ ഒരു ഗോള്‍ റഫറി വാര്‍ നോട്ടത്തിനൊടുവില്‍ ഓഫ് സൈഡും വിധിച്ചിരുന്നു. റൊണാള്‍ഡോ ഗോളടിച്ച് പതിനൊന്ന് മിനുറ്റിനുള്ളില്‍ ഫാബിയോ ബോറിനിയിലൂടെ വെറോണ ഒരു ഗോള്‍ മടക്കി. യുവന്റസ് പ്രതിരോധത്തിലെ പാളിച്ചയായിരുന്നു ഗോളിലേക്ക് നയിച്ചത്. ബോക്‌സിനുള്ളില്‍ വെച്ച് 86ആം മിനുറ്റില്‍ യുവന്റസ് താരത്തിന്റെ കയ്യില്‍ പന്ത് കൊണ്ടതിന് പെനല്‍റ്റി അനുവദിച്ചു. പാസിനി പിഴക്കാതെ യുവന്റസ് വല കുലുക്കിയതോടെ വെറോണ 2-1ന് ജയിച്ചു.
സീരി ബിയില്‍ പ്ലേ ഓഫ് കളിച്ച് കഴിഞ്ഞ സീസണില്‍ സീരി എയിലെത്തിയ വെറോണയുടെ നാട്ടുകാര്‍ക്ക് മുന്നിലെ യുവന്റസിനെതിരായ വിജയം വന്‍ ആവേശമാണ് തീര്‍ത്തത്. ഫൈനല്‍ വിസില്‍ വന്നതോടെ സ്‌റ്റേഡിയം ആര്‍ത്തിരമ്പുകയായിരുന്നു. ഇതോടെ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്കെത്താനും വെറോണക്കായി.
Adjust Story Font
16

