ഇന്ത്യന്‍ വനിതാ ലീഗ്; ചാമ്പ്യന്‍മാരെ തറപറ്റിച്ച് ഗോകുലം ഫൈനലിലേക്ക്
ഗോകുലം കേരള എഫ്.സി ഇന്ത്യന്‍ വനിതാ ലീഗില്‍ ഫൈനലില്‍ കടന്നു

ഇന്ത്യന്‍ വനിതാ ലീഗില്‍ കരുത്ത് തെളിയിച്ച് ഗോകുലം കേരള എഫ്.സിയുടെ തേരോട്ടം. ഗ്രൂപ്പ് തലത്തില്‍ ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ കേരള വനിത ടീം വനിതാ ലീഗിന്‍റെ ഫൈനലില്‍ പ്രവേശിച്ചു. കേരളത്തില്‍ നിന്നുള്ള ഒരു ക്ലബ് ആദ്യമായാണ് ഇന്ത്യന്‍ വനിതാ ലീഗിന്‍റെ ഫൈനലിലെത്തുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തമിഴ്നാട് ടീമായ സേതു എഫ്.സിയെ തകര്‍ത്തായിരുന്നു ഗോകുലത്തിന്‍റെ ഫൈനല്‍ പ്രവേശനം. നിലവിലെ ചാമ്പ്യന്‍മാരാണ് സേതു എഫ്.സി. 21ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ മനീഷയും 44ാം മിനിറ്റില്‍ സബിത്ര ബണ്ഡാരിയും നേടിയ ഗോളിലൂടെ ആദ്യ പകുതി ഗോകുലം സ്വന്തമാക്കി. രണ്ടാം പകുതിയിലും തകർത്തു കളിച്ച ഗോകുലം സബിത്രയുടെ ഗോളിലൂടെ ഫൈനലിലേക്ക് കടക്കുകയായിരുന്നു.
ഗ്രൂപ്പ് റൗണ്ടിലെ മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ഗോകുലം സെമിയിലെത്തിയത്. കഴിഞ്ഞ തവണ സേതു എഫ്.സിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച നേപ്പാള്‍ സ്ട്രൈക്കര്‍ സബിത്ര ബണ്ഡാരിയാണ് ഗോകുലത്തിന്‍റെ തുറുപ്പ് ചീട്ട്. ടൂര്‍ണമെന്‍റില്‍ ഇതുവരെ 15 ഗോളുകളാണ് സബിത്ര അടിച്ചെടുത്തത്. ടൂര്‍ണമെന്‍റില്‍ 31 ഗോളുകള്‍ ഗോകുലം നേടിയിട്ടുണ്ട്. ഫൈനലിൽ ഗോകുലം മണിപ്പൂർ ടീമായ ക്രിപ്സയെ നേരിടും. ഫെബ്രുവരി 14ന് ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനല്‍ മത്സരം.
Adjust Story Font
16

