ലിവര്‍പൂളിന്റെ കരുത്ത് കൂടുന്നു
പരിക്കേറ്റ് പുറത്തായിരുന്ന സാദിയോ മാനെയും ജെയിംസ് മില്‍നറും തിരിച്ചെത്തി...

സൂപ്പര്‍ താരം സാദിയോ മാനെ പരിക്കു മാറി തിരിച്ചെത്തുന്നതോടെ ലിവര്‍പൂളിന്റെ വീര്യം വര്‍ധിക്കുന്നു. സീസണില്‍ 25 കളികളില്‍ 24 ജയവും ഒരു സമനിലയുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എതിരാളികളികളെ ബഹുദൂരം പിന്നിലാക്കി കിരീടത്തിലേക്ക് കുതിക്കുകയാണ് ലിവര്‍പൂള്‍. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 22 പോയിന്റിന്റെ മുന്‍തൂക്കമാണ് ലിവര്‍പൂളിനുള്ളത്.
കഴിഞ്ഞ ജനുവരി 23ന് വോള്‍വ്‌സിനെതിരായ മത്സരത്തിനിടെയാണ് ലിവര്‍പൂള്‍ താരം സാദിയോ മാനെക്ക് പരിക്കേറ്റത്. മത്സരത്തില്‍ ലിവര്‍പൂള്‍ 2-1ന് വിജയിച്ചിരുന്നു. പിന്‍ തുട ഞരമ്പിന് പരിക്കേറ്റ മാനെക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിക്കുകയും ചെയ്തു. അതോടെ വെസ്റ്റ്ഹാമിനും സൗത്താംപ്ടണും എതിരായ പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും ഷ്രൂസ്ബറി ടൗണിനെതിരായ എഫ്.എ കപ്പ് മത്സരത്തിലും ലിവര്‍പൂളിന് വേണ്ടി ഇറങ്ങാന്‍ മാനെക്ക് കഴിഞ്ഞില്ല.
മഞ്ഞുകാല അവധിക്ക് ശേഷം വീണ്ടും സജീവമായ ലിവര്‍പൂള്‍ സംഘത്തിനൊപ്പം മാനെയും മില്‍നറും പരിശീലനത്തിനിറങ്ങി. ശനിയാഴ്ച്ച നോര്‍വിച്ചിനെതിരെ ഇരുവരും കളിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല.
2019ലെ ആഫ്രിക്കന്‍ ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ട സാദിയോ മാനെ ലിവര്‍പൂളിന് വേണ്ടിയും സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. 22 കളികളില്‍ നിന്നും മാനെ 11 ഗോളുകളും ആറ് അസിസ്റ്റുകളും നേടി. മാനെയും മില്‍നറും കൂടിവരുന്നതോടെ ലിവര്‍പൂള്‍ വര്‍ധിതവീര്യമുള്ളവരാകുമെന്നു തന്നെ പ്രതീക്ഷിക്കാം.
Adjust Story Font
16

