വിദേശ ക്ലബിനെതിരെ ബംഗളൂരു എഫ്.സിക്ക് ചരിത്രജയം
എ.എഫ്.സി കപ്പ് യോഗ്യതയില്‍ ഭൂട്ടാന്‍ ക്ലബ്ബായ പാറൊ എഫ്.സിയെ 9-1നാണ് ബംഗളൂരു എഫ്.സി തകര്‍ത്തുകളഞ്ഞത്...

എ.എഫ്.സി കപ്പ് യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ ബംഗളൂരു എഫ്.സിക്ക് ചരിത്ര ജയം. ഭൂട്ടാന്‍ ക്ലബ്ബായ പാറൊ എഫ്.സിയെ ഒന്നിനെതിരെ ഒന്‍പത് ഗോളിനാണ് ബംഗളൂരു തോല്‍പ്പിച്ചത്. ഇരുപാദങ്ങളിലുമായി 10-1ന്റെ വിജയമാണ് ബംഗളൂരു സ്വന്തമാക്കിയത്.
വിജയികള്‍ക്കായി സെംപോയ് ഹോകിപ് നാല് ഗോളും ജമൈക്കന്‍ സ്‌ട്രൈക്കര്‍ ഡെഷോണ്‍ ബ്രൗണ്‍ ഹാട്രിക്കും നേടി. പ്രതിരോധക്കാരന്‍ യുനാന്‍ ഗോണ്‍സാല്‍വസും നിലി പെര്‍ഡോമോയുമാണ് ബാക്കിയുള്ള ഗോളുകള്‍ നേടിയത്. പാറൊയുടെ ആശ്വാസഗോള്‍ 16ആം മിനുറ്റില്‍ ചെന്‍ചോ നേടി.
നേരത്തെ ഭൂട്ടാനിലെ തിംപുവില്‍ നടന്ന ആദ്യ പാദത്തില്‍ ഒരു ഗോളിന് ജയിച്ച ബംഗളൂരു എഫ്.സി സ്വന്തം തട്ടകത്ത് നടന്ന രണ്ടാം പാദത്തില്‍ ഭൂട്ടാന്‍ ടീമിനെ അപമാനിക്കുന്ന പ്രകടനമാണ് നടത്തിയത്. ഗോളിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു എഫ്.സി തങ്ങളുടെ ഏറ്റവും വലിയ വിജയമാണ് പാറൊ എഫ്.സിക്കെതിരെ നേടിയത്. മസില്‍ ഇഞ്ചുറിയെ തുടര്‍ന്ന് ബംഗളൂരുവിന്റെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി കളിച്ചിരുന്നില്ല.
ജയത്തോടെ ബംഗളൂരു എഫ്.സി അടുത്ത റൗണ്ടില്‍ മാലദ്വീപ് ക്ലബായ മാസിയ സ്‌പോര്‍ട്‌സ് ആന്റ് റിക്രിയേഷന്‍ ക്ലബിനെ നേരിടും. ഇരുപാദങ്ങളിലുമായി നടക്കുന്ന മത്സരത്തിന്റെ ആദ്യപാദം മാലദ്വീപില്‍ ഫെബ്രുവരി 19ന് നടക്കും. ബംഗളൂരുവില്‍ ഫെബ്രുവരി 26നാണ് രണ്ടാം പാദ മത്സരം.
Adjust Story Font
16

