ബൈസിക്കിള്‍ കിക്ക്, പെനല്‍റ്റി, ഗോള്‍... വീണ്ടും റൊണാള്‍ഡോ മാജിക്കില്‍ യുവന്റസ് രക്ഷപ്പെട്ടു
2020ല്‍ റൊണാള്‍ഡോ കളിച്ച എല്ലാ കളികളിലും അദ്ദേഹം ഗോളടിച്ചിട്ടുണ്ട്. അവസാന 35 മത്സരങ്ങളില്‍ ഈ 35കാരന്‍ അടിച്ചുകൂട്ടിയത് 35 ഗോളുകള്‍!...

കോപ ഇറ്റാലിയ ആദ്യ പാദ സെമി ഫൈനലില്‍ എ.സി മിലാനെതിരെ അവസാന മിനുറ്റില്‍ പെനല്‍റ്റി ഗോളിലൂടെ സമനില(1-1) പിടിച്ചുവാങ്ങി യുവന്റസ്. നിര്‍ണ്ണായക ഗോള്‍ നേടിയതാവട്ടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇതോടെ തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനായി ഗോള്‍ നേടി കഴിഞ്ഞു.
സ്വന്തം മൈതാനമായ സാന്‍സിറോയില്‍ കളിയുടെ 87ആം മിനുറ്റുവരെ എ.സി മിലാന്‍ തന്നെയായിരുന്നു ഒരു ഗോളിന് മുന്നിട്ടു നിന്നത്. പിന്നെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രകടനം. മിലാന്‍ ബോക്‌സില്‍ ബൈസിക്കിള്‍ കിക്കിനുള്ള ക്രിസ്റ്റ്യാനോയുടെ ശ്രമം മിലാന്‍ താരമായ കാലെബ്രിയയുടെ കയ്യില്‍ തട്ടിയാണ് അവസാനിച്ചത്. വാര്‍ പരിശോധനക്കുള്ളില്‍ റഫറി പെനല്‍റ്റി വിധിച്ചു.
പെനല്‍റ്റിയെടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പിഴക്കാതെ ഗോളും സമനിലയും നേടി. പത്തുപേരിലേക്ക് ചുരുങ്ങിയിരുന്ന മിലാന് തിരിച്ചുവരവ് പിന്നീട് അസാധ്യമായിരുന്നു.
ഈവര്‍ഷം കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിച്ചിട്ടുണ്ട് ക്രിസ്റ്റ്യാനോ. അവസാനമായി ക്ലബിനും രാജ്യത്തിനുമായി കളിച്ച 35 കളികളില‍്‍ നിന്നും ഈ 35കാരന്‍ നേടിയത് 35 ഗോളുകള്‍. ഈ വര്‍ഷം ബാഴ്സലോണ ആകെ നേടിയ ഗോളുകള്‍ റൊണാള്‍ഡോ ഒറ്റക്ക് യുവന്റസിന് വേണ്ടി നേടി.
കോപ ഇറ്റാലിയ ആദ്യ പാദ സെമിയില്‍ ക്രിസ്റ്റ്യാനോയുടെ സഹായത്തില്‍ യുവന്റസ് വിലപ്പെട്ട സമനില സ്വന്തമാക്കി. ഇതോടെ സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാം പാദത്തില്‍ ഗോള്‍ രഹിത സമനില നേടിയാല്‍ പോലും യുവന്റസിന് കോപ ഇറ്റാലിയ ഫൈനലിലെത്താനാകും.
Adjust Story Font
16

