മാനെ മിന്നി, 25 പോയിന്റ് മുന്‍തൂക്കവുമായി ലിവര്‍പൂള്‍
പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 17 മത്സരം വിജയിച്ച ലിവര്‍പൂള്‍ അഞ്ച് കളി കൂടി ജയിച്ചാല്‍ കിരീടവും സ്വന്തമാക്കും...

സീസണിലെ അപരാജിത റെക്കോഡ് 26ആം മത്സരത്തിലേക്ക് ലിവര്‍പൂള്‍ നീട്ടി. സാദിയോ മാനെയുടെ ഗോളില്‍ നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തിയ ലിവര്‍പൂളിന് രണ്ടാം സ്ഥാനക്കാരേക്കാള്‍ 25 പോയിന്റിന്റെ മുന്‍തൂക്കമായി. പകരക്കാരനായിറങ്ങി നിര്‍ണ്ണായക ഗോള്‍ നേടിയ മാനെയാണ് ലിവര്‍പൂളിനെ ജൈത്രയാത്ര തുടരാന്‍ സഹായിച്ചത്.
പ്രീമിയര്‍ ലീഗിലെ നൂറാം ഗോളാണ് നേടിയതെന്ന് മാനെ അറിഞ്ഞത് റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞപ്പോഴായിരുന്നു.
ഡെന്നിസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറിയ കാലാവസ്ഥയില്‍ കളിയുടെ ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ താരങ്ങള്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കറിന്റെ പ്രകടനമാണ് പലപ്പോഴും അവര്‍ക്ക് തുണയായത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും ലിവര്‍പൂള്‍ അവസരങ്ങള്‍ പാഴാക്കിയതോടെ ക്ലോപ് മാനെയെ കളത്തിലിറക്കി. ഇതോടെ ലിവര്‍പൂള്‍ താളം കണ്ടെത്തി. 78ആം മിനുറ്റിലാണ് അവര്‍ കാത്തിരുന്ന ഗോളെത്തിയത്. ഹെന്‍ഡേഴ്‌സണില്‍ നിന്നും ഹൈബോള്‍ ബോക്സില്‍ വെച്ച് സ്വീകരിച്ച മാനെ പന്ത് ഗോളിലേക്ക് പായിച്ചു. വാര്‍ പരിശോധനക്കൊടുവില്‍ മാനെയുടെ പ്രീമിയര്‍ ലീഗിലെ നൂറാം ഗോള്‍ റഫറി അംഗീകരിച്ചു.
ലിവര്‍പൂളിന്റെ ജൈത്രയാത്ര പരിശീലകന്‍ ക്ലോപിനെ പോലും അത്ഭുതപ്പെടുത്തുന്നതാണ്.
ഇതോടെ പരാജയമറിയാതെ 43 മത്സരങ്ങള്‍ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ പൂര്‍ത്തിയാക്കി. ഈ സീസണില്‍ കളിച്ച 26ല്‍ 25ഉം ജയിച്ചാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. അഞ്ച് മത്സരം കൂടി ജയിച്ചാല്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാകും. അതും ഏഴ് മത്സരങ്ങള്‍ ബാക്കി നില്‍ക്കേ!
Adjust Story Font
16

