Quantcast

നെയ്മറും എംബപെയും ഇല്ല, 0-3ന് പിന്നില്‍... പിന്നെ കണ്ടത് പി.എസ്.ജിയുടെ തിരിച്ചുവരവ്

മുഖ്യതാരങ്ങള്‍ ഇല്ലെങ്കിലും പി.എസ്.ജിയുടെ തിരിച്ചടിയെ കൗമാരക്കാര്‍ മുന്നില്‍ നിന്നു നയിക്കുന്ന കാഴ്ച്ചയാണ് രണ്ടാം പകുതിയില്‍ കണ്ടത്...

MediaOne Logo

Web Desk

  • Published:

    16 Feb 2020 5:56 AM GMT

നെയ്മറും എംബപെയും ഇല്ല, 0-3ന് പിന്നില്‍... പിന്നെ കണ്ടത് പി.എസ്.ജിയുടെ തിരിച്ചുവരവ്
X

എട്ടുഗോളുകള്‍ പിറന്ന ത്രില്ലര്‍ മത്സരത്തിനൊടുവില്‍ പി.എസ്.ജിയും അമീന്‍സ് എസ്.സിയും 4-4ന് സമനിലയില്‍ പിരിഞ്ഞു. ലീഗ് വണ്ണിലെ ഒന്നാം സ്ഥാനക്കാരായ പി.എസ്.ജിയെ ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു ആദ്യപകുതിയില്‍ 19ആം സ്ഥാനത്തുള്ള അമീന്‍സ് എസ്.സി നടത്തിയത്. മൂന്ന് ഗോളുകള്‍ക്ക് പിന്നില്‍ പോയശേഷം നാല് ഗോളുകള്‍ തിരിച്ചടിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയ പി.എസ്.ജിക്ക് അധികസമയത്ത് ഗോള്‍ വഴങ്ങിയതോടെയാണ് സമനിലയില്‍ കളി അവസാനിപ്പിക്കേണ്ടി വന്നത്.

അമീന്‍സ് എസ്.സിയുടെ മൂന്നാം ഗോള്‍ ആഘോഷിക്കുന്ന ഡയബേറ്റ്

നെയ്മറും എംബപെയും ഇല്ലാതെ ഇറങ്ങിയ പി.എസ്.ജിയെ ശരിക്കും പരീക്ഷിക്കുന്ന പ്രകടനമാണ് അമീന്‍സ് നടത്തിയത്. സെര്‍ഹൗ ഗുരാസെ(5') കാകുട്ട(29') ഡയബേറ്റ്(40') എന്നിവരുടെ ഗോളുകള്‍ കൊണ്ട് അമീന്‍സ് എസ്.സി 40 മിനുറ്റിന് മുമ്പേ 3-0ത്തിന്റെ ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കും മുമ്പ് ആന്‍ഡെര്‍ ഹെരേര നേടിയ ഗോളാണ് പി.എസ്.ജിക്കും പരിശീലകന്‍ തോമസ് തുച്ചെലിനും അല്‍പമെങ്കിലും ആശ്വാസമായത്.

മുഖ്യതാരങ്ങള്‍ ഇല്ലെങ്കിലും പി.എസ്.ജിയുടെ തിരിച്ചടിയെ കൗമാരക്കാര്‍ മുന്നില്‍ നിന്നു നയിക്കുന്ന കാഴ്ച്ചയാണ് രണ്ടാം പകുതിയില്‍ കണ്ടത്. 17കാരന്‍ ടാന്‍ഗ്വി കോസി(60', 65') അഞ്ച് മിനുറ്റിന്റെ ഇടവേളയില്‍ രണ്ട് ഗോളുകള്‍ നേടി പി.എസ്.ജിയുടെ സമ്മര്‍ദം കുറച്ചു. ഇക്കാര്‍ഡി 74ആം മിനുറ്റില്‍ പി.എസ്.ജിക്ക് ലീഡ് നേടിക്കൊടുത്തതോടെ ജയം സ്വപ്‌നം കണ്ടു. എന്നാല്‍ രണ്ടാം പകുതിയുടെ പരിക്കുസമയത്ത് ആദ്യ ഗോള്‍ നേടിയ ഗുരാസെ തന്നെ അമീന്‍സിന് സമനില നേടിക്കൊടുത്തു.

മൂന്നു ദിവസത്തിനകം ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോട്ട്മുണ്ടിനെ നേരിടാനിരിക്കുന്ന പി.എസ്.ജിയെ ആശങ്കപ്പെടുത്തുന്നതാണ് അമീന്‍സ് എസ്.സി നേടിയ നാല് ഗോളുകള്‍. ഫോമിലുള്ള ഡോട്ട്മുണ്ടിനെ പിടിച്ചുകെട്ടുക പി.എസ്.ജിക്ക് എളുപ്പമാകില്ല. അതേസമയം ഫ്രഞ്ച് ലീഗില്‍ 13 പോയിന്റ് മുന്‍തൂക്കമുള്ള പി.എസ്.ജിയുടെ ഒന്നാം സ്ഥാനത്തിന് ഈ സമനില പ്രത്യേകിച്ച് ഭീഷണിയൊന്നും ഉയര്‍ത്തുന്നുമില്ല.

TAGS :

Next Story