Quantcast

ബാഴ്‌സലോണയുടെ ‘രഹസ്യ സന്ദേശങ്ങള്‍’ വായിച്ച ഹാക്കര്‍മാര്‍ പറയുന്നു, നെയ്മര്‍ വരും

സൈബര്‍ സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് തങ്ങള്‍ ഹാക്കിംങ് നടത്തുന്നതെന്നാണ് Ourmine എന്ന ഹാക്കര്‍മാരുടെ അവകാശവാദം...

MediaOne Logo

Web Desk

  • Published:

    16 Feb 2020 10:41 AM IST

ബാഴ്‌സലോണയുടെ ‘രഹസ്യ സന്ദേശങ്ങള്‍’ വായിച്ച ഹാക്കര്‍മാര്‍ പറയുന്നു, നെയ്മര്‍ വരും
X

ഹാക്കര്‍മാരുടെ സംഘമായ Ourmine നേരത്തെയും ഫുട്‌ബോള്‍ ലോകത്ത് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം തങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കുകയല്ലെന്നും ആധുനിക കാലത്ത് സൈബര്‍ സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണെന്നുമാണ് Ourmineന്റെ വാദം. ഇത്തവണ ബാഴ്‌സലോണയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്താണ് അവര്‍ വരവറിയിച്ചത്.

15 ദശലക്ഷം ഫോളോവേഴ്‌സുള്ള ബാഴ്‌സലോണയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു ഹാക്കര്‍മാരുടെ കളി. രണ്ടാം തവണയാണ് ഈ ഹാക്കര്‍മാര്‍ ബാഴ്‌സലോണയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടിലേക്ക് ആക്രമണം നടത്തുന്നത്. കഴിഞ്ഞ തവണത്തേക്കാളും സുരക്ഷ കൂടിയിട്ടുണ്ടെന്നും എന്നാല്‍ സൈബര്‍ ആക്രമണം തടയാന്‍ മാത്രം ശേഷിയില്ലെന്നുമായിരുന്നു ഹാക്കര്‍മാരുടെ ആദ്യ സന്ദേശം. പ്രശ്‌നം പരിഹരിക്കാന്‍ തങ്ങളെ ബന്ധപ്പെടാമെന്ന നിര്‍ദേശവും അവര്‍ മുന്നോട്ടുവെച്ചു.

ഇതിന് പിന്നാലെയാണ് നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്ന് അവര്‍ ബാഴ്‌സലോണ ട്വിറ്റര്‍ പേജിലൂടെ തന്നെ വ്യക്തമാക്കിയത്. ചില സ്വകാര്യ സന്ദേശങ്ങള്‍ വായിച്ചതില്‍ നിന്നും നെയ്മര്‍ തിരിച്ചെത്തുമെന്ന് ഉറപ്പിക്കാമെന്നായിരുന്നു ബാഴ്സലോണയെ ട്രോളിക്കൊണ്ട് Ourmineന്റെ ട്വീറ്റ്. അറബി ഭാഷയിലുള്ളത് അടക്കമുള്ള ബാഴ്‌സലോണയുടെ വ്യത്യസ്ത ട്വിറ്റര്‍ പേജുകളിലും സമാനസന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

ബാഴ്‌സലോണക്ക് പുറമേ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയുടെ(ഐ.ഒ.സി) അക്കൗണ്ടിലും ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി. ഒരു മണിക്കൂറിനകം ഹാക്കിംങ് പ്രശ്‌നം പരിഹരിച്ച് പൂര്‍വ്വസ്ഥിതിയിലെത്താന്‍ ബാഴ്‌സലോണയുടെ അക്കൗണ്ടുകള്‍ക്ക് സാധിച്ചു.

TAGS :

Next Story