Quantcast

എട്ട് ഗോള്‍ പോരാട്ടത്തില്‍ അവസാനനിമിഷം ബ്ലാസ്റ്റേഴ്‌സിന് സമനില

ഒരു ഹാട്രിക്, മൂന്ന് പെനല്‍റ്റി, ഒരു സെല്‍ഫ് ഗോള്‍, ആകെ എട്ട് ഗോളുകള്‍... സീസണിലെ അവസാന മത്സരത്തില്‍ ഒടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആവേശ സമനില സ്വന്തമാക്കി...

MediaOne Logo

Web Desk

  • Published:

    23 Feb 2020 9:51 PM IST

എട്ട് ഗോള്‍ പോരാട്ടത്തില്‍ അവസാനനിമിഷം ബ്ലാസ്റ്റേഴ്‌സിന്  സമനില
X

സീസണിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആവേശകരമായ സമനില. അവസാന നിമിഷങ്ങളില്‍ സമനിലയും തോല്‍വിയും വഴങ്ങുന്നവരെന്ന ചീത്തപ്പേര് അവസാന മത്സരത്തിലെങ്കിലും മഞ്ഞപ്പട കഴുകി കളഞ്ഞിരിക്കുന്നു. ഒഡീഷയെ 4-4നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സമനിലയില്‍ പിടിച്ചത്.

രണ്ടാം പകുതിയിലെ പരിക്ക് സമയത്താണ്(90+4') ബ്ലാസ്റ്റേഴ്‌സിന്റെ ഗോളടിയന്ത്രം ബെര്‍ത്തലോമു ഒഗ്‌ബെച്ചെ പെനല്‍റ്റിയിലൂടെ സമനില ഗോള്‍ നേടിയത്. മത്സരത്തിലെ ഒഗ്‌ബെച്ചയുടെ രണ്ടാം ഗോളായിരുന്നു അത്. നേരത്തെ 82ആം മിനുറ്റിലും പെനല്‍റ്റി ഒഗ്‌ബെച്ചെ ഗോളാക്കി മാറ്റിയിരുന്നു. ആകെ 13 ഗോളുകളാണ് ഒഗ്‌ബെച്ചെ കേരള ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി ഈ സീസണില്‍ നേടിയത്.

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഗോള്‍ ആഘോഷം

ആദ്യ മിനുറ്റില്‍ തന്നെ ഒഡീഷക്കുവേണ്ടി ഗോള്‍ നേടിയ മാന്വല്‍ ഒന്‍മു 36, 51 മിനുറ്റുകളില്‍ കൂടി ഗോള്‍ നേടി ഹാട്രിക് പൂര്‍ത്തിയാക്കി. നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളിലൂടെ ആറാം മിനുറ്റില്‍ സമനില പിടിക്കുകയും 28ആം മിനുറ്റില്‍ മെസി ബൗളിയുടെ ഉജ്വല ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തുകയും ചെയ്തു. ഒന്‍മുവിന്റെ രണ്ടാം ഗോളിന് പിന്നാലെ മാര്‍ട്ടിന്‍ പെരസ് 44ാം മിനുറ്റില്‍ ഒഡീഷക്ക് ലഭിച്ച പെനല്‍റ്റി ഗോളാക്കിയതോടെ ആദ്യ പകുതി 3-2ന് അവസാനിച്ചു.

രണ്ടാം പകുതി തുടങ്ങി ആറ് മിനുറ്റിനുള്ളില്‍ ഒന്‍മു ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഇതോടെ 4-2ന് ഒഡീഷ സ്വന്തം മൈതാനത്ത് മുന്നില്‍. പ്രതീക്ഷകളുടെ ഭാരമില്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങള്‍ 82ആം മിനുറ്റിലും അവസാന നിമിഷം 94ാം മിനുറ്റിലും പെനല്‍റ്റി നേടി. ഈ പെനല്‍റ്റികള്‍ ഗോളാക്കി മാറ്റി ഒഗ്‌ബെച്ചെ വീണ്ടും ഹീറോയായതോടെ തലയുയര്‍ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചു.

ജയിച്ചാലും തോറ്റാലും ഏഴാം സ്ഥാനം എന്ന് ഉറപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങിയത്. തോറ്റെങ്കിലും ഒഡീഷ ആറാംസ്ഥാനം നിലനിര്‍ത്തി. 18 മത്സരങ്ങളില്‍ നിന്നും 19 പോയിന്റുമായാണ് ബ്ലാസ്‌റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചത്. തുടര്‍ച്ചയായി മൂന്നാം സീസണാണ് പ്ലേ ഓഫ് കളിക്കാതെ ബ്ലാസ്റ്റേഴ്‌സ് പിന്‍വാങ്ങുന്നത്.

എഫ്.സി ഗോവ, എടികെ എഫ്.സി, ബംഗളൂരു എഫ്.സി, ചെന്നൈയിന്‍ എഫ്.സി എന്നീ ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടിയിരിക്കുന്നത്. ഐ.എസ്.എല്‍ ഫൈനല്‍ ഗോവയിലായിരിക്കും നടക്കുക. മാര്‍ച്ച് 14ന് ഫത്തോര്‍ദ സ്‌റ്റേഡിയത്തിലാണ് കലാശപോരാട്ടം നടക്കുക.

TAGS :

Next Story