ഗോളില്ലാതൊരു കളിയില്ല, 1000 മത്സരം പൂര്‍ത്തിയാക്കിയ റൊണാള്‍ഡോ പുതിയ ഗോളടി റെക്കോഡിനൊപ്പം
സീരി എയില്‍ തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ ഗോള്‍ നേടിയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പുതു ചരിത്രം രചിക്കുന്നത്...

കളിച്ച ആയിരാമത് ഔദ്യോഗിക ഫുട്‌ബോള്‍ മത്സരത്തിലും ഗോളടിയില്‍ റെക്കോഡിട്ട് ആശ്ചര്യപ്പെടുത്തുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സീരി എയില്‍ യുവന്റസ് 2-1ന് സ്പാളിനെ തോല്‍പിച്ച മത്സരത്തിലും ഉണ്ടായിരുന്നു ക്രിസ്റ്റിയാനോയുടെ വക ഒരു ഗോള്‍. തുടര്‍ച്ചയായി 11 സീരി എ മത്സരങ്ങളില്‍ ഗോള്‍ നേടിയിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ.
1994-95 സീസണില്‍ അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട സീരി എയില്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ പത്തിന് എ.സി മിലാനെതിരായ മത്സരത്തിലായിരുന്നു അവസാനമായി ക്രിസ്റ്റ്യാനോ ഗോളടിക്കാതിരുന്നത്. സജീവ ഫുട്‌ബോളിലുള്ള കളിക്കാരില്‍ ജിയാന്‍ലൂജി ബഫണ്‍(1088) മാത്രമാണ് റൊണാള്‍ഡോയേക്കാള്‍ കൂടുതല്‍ മത്സരങ്ങളില്‍ കളിച്ചിട്ടുള്ളത്. ബഫണും യുവന്റസ് താരമാണ്.
ക്രിസ്റ്റ്യാനോ റൊണാള്ഡോഅതേസമയം റൊണാള്‍ഡോയുടെ 1000 മത്സരങ്ങളില്‍ 2002-03 സീസണിലെ സ്‌പോര്‍ട്ടിംങ് സി.പി ബി ടീമിന് വേണ്ടി കളിച്ച രണ്ട് കളികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഉള്‍പ്പെടുത്താനാവില്ലെന്ന വാദവുമുണ്ട്. അത് കണക്കിലെടുത്താല്‍ പോലും ആയിരം കളികള്‍ പൂര്‍ത്തിയാക്കുക റൊണാള്‍ഡോക്ക് ഒരു വിഷയമേ ആകില്ല.
35കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്‌പോര്‍ട്ടിംങ് സി.പിയിലാണ് കരിയര്‍ ആരംഭിക്കുന്നത്. ബി ടീമിലെ രണ്ട് കളികള്‍ക്ക് ശേഷം 31 കളികള്‍ അദ്ദേഹം സ്‌പോര്‍ട്ടിംങ് സി.പിക്ക് വേണ്ടി കളിച്ചു. 2003ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ റൊണാള്‍ഡോ 292 കളികള്‍ അവിടെ കളിച്ചു. റൊണാള്‍ഡോയുടെ റയലിലെ പ്രതാപകാലം 2009ലാണ് ആരംഭിച്ചത്. 438 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റൊണാള്‍ഡോ 2018ല്‍ യുവന്റസിലേക്ക് കൂടുമാറിയത്. യുവന്റസിലെത്തിയ ശേഷം 73 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ പോര്‍ച്ചുഗീസ് ദേശീയ ടീമിന് വേണ്ടി 164കളികളിലും ഇറങ്ങിയിട്ടുണ്ട്.
Adjust Story Font
16

