നിമിഷങ്ങള്‍ക്കകം ഗോള്‍വഴങ്ങിയിട്ടും ജയിച്ചു കയറി അഴ്‌സണല്‍, യുണൈറ്റഡിനും വോള്‍വ്‌സിനും മൂന്നുഗോള്‍ ജയം
കളി തുടങ്ങി നിമിഷങ്ങള്‍ക്കകം മുന്നിലെത്തിയ എവര്‍ട്ടണെ രണ്ടാം പകുതി തുടങ്ങി 23 സെക്കന്റിനകം 3-2ന് പിന്നിലാക്കിയാണ് ഗണ്ണേഴ്‌സ് ജയിച്ചത്...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും വോള്‍വര്‍ഹാംടണ്‍ വാന്‍ഡറേഴ്‌സും 3-0ത്തിന്റെ വിജയങ്ങളോടെ വരും സീസണിലെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കി. ആദ്യ മിനുറ്റില്‍ തന്നെ ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു അഴ്‌സണലിന്റെ തിരിച്ചുവരവും എവര്‍ട്ടണെതിരായ 3-2ന്റെ ഗംഭീര ജയവും.
പ്രീമിയര്‍ ലീഗിലെ ഞായറാഴ്ച്ചത്തെ മത്സരഫലങ്ങള്‍
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-0 വാറ്റ്‌ഫോഡ്
വോള്‍വ്‌സ് 3-0 നോര്‍വിച്ച് സിറ്റി
അഴ്‌സണല്‍ 3-2 എവര്‍ട്ടണ്‍
ഇരട്ടഗോളുകളുമായി ഒബെയാങ് പോരാട്ടം നയിച്ചപ്പോള്‍ എവര്‍ട്ടണെതിരെ അഴ്‌സണല്‍ 3-2ന്റെ ജയം പൊരുതി നേടി. ഇതോടെ ലെസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡിക്കൊപ്പം പതിനേഴ് ഗോളുകളുമായി ലീഗിലെ ടോപ് സ്‌കോറര്‍ പട്ടം ഒബെയാങ് പങ്കിടുന്ന നിലയിലെത്തി. സീസണില്‍ 11 മത്സരങ്ങള്‍ ബാക്കിയുള്ളപ്പോള്‍ 16 ഗോളുകളുമായി സിറ്റിയുടെ അഗ്യൂറോ തൊട്ടുപിന്നിലുണ്ട്.
കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ മാനെക്കും സലാഹിനുമൊപ്പം ഗോള്‍ഡന്‍ ബൂട്ട് ഗണ്ണേഴ്‌സ് താരം ഒബാമെയാങ് പങ്കിട്ടിരുന്നു. രണ്ടാം സീസണില്‍ തുടര്‍ച്ചയായി ടോപ് സ്‌കോററാകാനുള്ള കുതിപ്പിലാണ് ആഫ്രിക്കന്‍ രാജ്യമായ ഗാബൊണില്‍ നിന്നുള്ള ഒബാമെയാങ്. അവസാന എട്ട് കളികളില്‍ ആറ് ഗോളുകള്‍ ഒബാമെയാങ് നേടിയിട്ടുണ്ട്. ഇംഗ്ലീഷുകാരന്‍ ജാമി വാര്‍ഡിയാകട്ടെ തുടക്കത്തിലെ കുതിപ്പിന് ശേഷം ഗോളടിക്കാനാകാതെ കിതക്കുകയാണ്. അവസാന എട്ട് മത്സരങ്ങളില്‍ ജാമിക്ക് ഗോള്‍ നേടാനായിട്ടില്ല. ഈ വര്‍ഷം ഇതുവരെ നേടിയതാകട്ടെ ഒരു ഗോളും
അഴ്‌സണ്‍ തട്ടകമായ ഹൈബെറിയില്‍ നീണ്ട ഇടവേളക്കു ശേഷം ജയിക്കുമെന്ന പ്രതീക്ഷകള്‍ കത്തിച്ചായിരുന്നു എവര്‍ട്ടണ്‍ ആദ്യ മിനുറ്റില്‍ ഗോള്‍ നേടിയത്. എന്നാല്‍ ഒബാമെയാങിന്റേയും കെറ്റിയയുടേയും ഗോളുകള്‍ക്കൊടുവില്‍ രണ്ടാംപകുതി തുടങ്ങി നിമിഷങ്ങള്‍ക്കകം അഴ്‌സണല്‍ 3-2ന് മുന്നിലെത്തി.
ആധികാരിക ജയങ്ങളോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും വോള്‍വ്‌സും ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി. തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള വാറ്റ്‌ഫോര്‍ഡിനെ തോല്‍പ്പിച്ചതോടെ ടോട്ടന്നത്തേയും ഷെഫീല്‍ഡിനേയും മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയരാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവേഫ സസ്‌പെന്‍ഷന്‍ നടപ്പായാല്‍ യുണൈറ്റഡിന് ഈ അഞ്ചാം സ്ഥാനം മതിയാകും ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്ക്.
അവസാന സ്ഥാനത്തുള്ള നോര്‍വിച്ച് സിറ്റിയുടെ പെട്ടിയില്‍ ഒരു ആണി കൂടി അടിക്കുന്നതായിരുന്നു വോള്‍വ്‌സിന്റെ പ്രകടനം. ജോട്ട വോള്‍വ്സിനായി ഇരട്ടഗോളുകള്‍ നേടി. 27 മത്സരങ്ങളില്‍ നിന്നും 18 പോയിന്റ് മാത്രമുള്ള നോര്‍വിച്ച് സിറ്റി തരംതാഴ്ത്തലിന്റെ വക്കിലാണ്. ജയത്തോടെ 39 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് വോള്‍വ്‌സ് എത്തി.
Adjust Story Font
16

