റയലിനെ തോല്‍പിച്ച് സിറ്റിയുടെ തന്ത്രങ്ങള്‍, ലിയോണ്‍ യുവന്റസിനെ പൂട്ടി
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ജെസൂസിന്റേയും(78’) ഡിബ്രൂയിന്റേയും(82’) ഗോളുകളാണ് സിറ്റിയെ(2-1) ജയിപ്പിച്ചത്. ലൂക്കസ് ടോസാര്‍ട്ടിന്റെ(31’) ഏക ഗോളിലായിരുന്നു ലിയോണിന്റെ ജയം...

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിനെ 2-1ന് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പിച്ചു. ഫ്രാന്‍സില്‍ നടന്ന മത്സരത്തില്‍ ലിയോണ്‍ യുവന്റസിനെ ഒരു ഗോളിന് ഞെട്ടിച്ചു. ജെസൂസിന്റേയും(78') ഡിബ്രൂയിന്റേയും(82') ഗോളുകളാണ് സിറ്റിയെ ജയിപ്പിച്ചത്. 32മത്സരങ്ങള്‍ക്ക് ശേഷം യുവന്റസിനെ ഗോളടിപ്പിക്കാതിരുന്ന ലിയോണ്‍ ലൂക്കസ് ടോസാര്‍ട്ടിന്റെ(31') ഗോളില്‍ ജയിച്ചു കയറുകയും ചെയ്തു.
റഹീം സ്റ്റെര്‍ലിംങ്, സെര്‍ജിയോ അഗ്യൂറോ തുടങ്ങി വന്‍ താരങ്ങള്‍ ബെഞ്ചിലിരുത്തിയായിരുന്നു പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയെ ഇറക്കിയത്. 73ആം മിനുറ്റില്‍ സ്‌റ്റെര്‍ലിംങ് ഇറങ്ങിയതോടെ കളി സിറ്റിക്ക് അനുകൂലമായി മാറുകയും ചെയ്തു. ഒന്നാം ഗോളിന് ജെസൂസിന് വഴിയൊരുക്കിയവരില്‍ സ്‌റ്റെര്‍ലിംങും ഉണ്ടായിരുന്നു. മത്സരത്തിലെ നിര്‍ണ്ണായകമായ പെനല്‍റ്റി ഡിബ്രൂയിന് നേടിക്കൊടുത്ത് സ്റ്റെര്‍ലിംങ് അവിടെയും താരമായി.
സാന്റിയാഗോ ബെര്‍ണബൂവില്‍ ആദ്യം ഗോളടിച്ചത് ഇസ്‌കോയിലൂടെ റയല്‍ മാഡ്രിഡായിരുന്നുവെങ്കിലും വിജയിച്ച് പെപ് ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങളായിരുന്നു. സിറ്റി ലീഡെടുത്തതിന് പിന്നാലെ 86ആം മിനുറ്റില്‍ റാമോസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതും സിദാന്റെ സംഘത്തിന്റെ തോല്‍വി ഭാരം കൂട്ടി. സ്വന്തം മൈതാനത്ത് മാര്‍ച്ച് 17ന് രണ്ടാം പാദ മത്സരത്തിനിറങ്ങുമ്പോള്‍ സിറ്റിയുടെ അനുകൂല ഘടകങ്ങള്‍ നിരവധിയാണ്.
ഫ്രഞ്ച് ലീഗില്‍ ഏഴാം സ്ഥാനത്തുള്ള ലിയോണ്‍ പ്രതിരോധ പൂട്ടിലൂടെയാണ് യുവന്റസിനെ ആദ്യ പാദത്തില്‍ തോല്‍പിച്ചത്. 14 തവണ യുവന്റസ് താരങ്ങള്‍ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിയില്ല. കഴിഞ്ഞ സെപ്തംബറില്‍ ഫ്‌ളോറന്റിനക്കെതിരായ മത്സരത്തിലായിരുന്നു അവസാനമായി യുവന്റസിന് ഗോളടിക്കാന്‍ കഴിയാതിരുന്നത്. രണ്ടാം പാദം നടക്കുന്നത് യുവന്റസിന്റെ മൈതാനത്തിലാണ്. ക്വാര്‍ട്ടര്‍ ഉറപ്പിക്കണമെങ്കില്‍ യുവന്റസിന് രണ്ടാം പാദത്തില്‍ രണ്ട് ഗോള്‍ വ്യത്യാസത്തിലുള്ള ജയം തന്നെ വേണം.
Adjust Story Font
16

