Quantcast

ബാഴ്‌സയെ തകര്‍ത്ത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയല്‍ 

എല്‍ക്ലാസികോയില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് തോല്‍പിച്ചത്...

MediaOne Logo

Web Desk

  • Published:

    2 March 2020 7:37 AM IST

ബാഴ്‌സയെ തകര്‍ത്ത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയല്‍ 
X

സീസണിലെ ആദ്യപാദ എല്‍ക്ലാസികോ പോലെ ഗോളില്ലാ സമനിലയിലാകുമോ രണ്ടാം മത്സരവുമെന്ന തോന്നല്‍ ശക്തമായിരുന്നു ആദ്യ എഴുപതു മിനുറ്റുകളില്‍. എന്നാല്‍ അവസാനത്തെ ഇരുപത് മിനുറ്റില്‍ കളി റയല്‍മാഡ്രിഡ് തങ്ങള്‍ക്കനകൂലമാക്കി. റയലിന്റെ യുവ സ്‌ട്രൈക്കര്‍മാരായ വിനീഷ്യസ് ജൂനിയറും(71') മാരിയാനോയുമാണ്(90+2') ഗോളുകള്‍ നേടിയത്. നിര്‍ണ്ണായക ജയത്തോടെ റയല്‍ ലാലിഗ പോയിന്റ് നിലയിലും ബാഴ്‌സലോണയെ മറികടന്ന് ഒന്നാമതെത്തുകയും ചെയ്തു.

45 വര്‍ഷത്തിനിടെ ആദ്യമായാണ് റയല്‍ മാഡ്രിഡിനെതിരെ ഒരു ഗോള്‍ പോലും നേടാനാവാതെ ബാഴ്‌സലോണ സീസണ്‍ അവസാനിപ്പിക്കുന്നത്. മെസി അടക്കമുള്ള ബാഴ്‌സ താരങ്ങളെ പൂട്ടിയ റയല്‍ പ്രതിരോധത്തിനാണ് ഇതിന്റെ ഫുള്‍മാര്‍ക്ക്.

71ആം മിനുറ്റിലായിരുന്നു വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ മുന്നിലെത്തിയത്. മെസിക്ക് ശേഷം എല്‍ ക്ലാസിക്കോയില്‍ ഗോള്‍ നേടുന്ന ആദ്യ കൗമാരക്കാരനാണ് 19കാരനായ വിനീഷ്യസ്.

അവസാന നിമിഷങ്ങളില്‍ മാരിയാനോയുടെ വരവാണ് റയല്‍ ജയം ഗംഭീരമാക്കിയത്. പകരക്കാരനായിറങ്ങി 50 സെക്കന്റുകള്‍ എണ്ണിതീരും മുമ്പേ മാരിയാനോ ബാഴ്‌സക്കെതിരെ ഗോള്‍ നേടി. 26കാരനായ മാരിയാനോയുടെ സീസണിലെ ആദ്യ മത്സരവും ആദ്യത്തെ ഗോളിലേക്കുള്ള ഷോട്ടുമായിരുന്നു അത്.

ലാലിഗയില്‍ തുടര്‍ച്ചയായ അഞ്ചാം ജയം പ്രതീക്ഷിച്ചിറങ്ങിയ ബാഴ്‌സലോണയെ ഒന്നാം സ്ഥാനത്തു നിന്നും ഇറക്കിയാണ് റയല്‍ കളി അവസാനിപ്പിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും ലാലിഗയിലെ മുന്‍ മത്സരത്തില്‍ ലെവന്റെയോടും തോറ്റ റയലിന് പുതു വേഗം പകരുന്നതാണ് എല്‍ ക്ലാസികോയിലെ വിജയം. ഒന്നാം സ്ഥാനത്തുള്ള റയലിന് 26 കളികളില്‍ നിന്നും 56ഉം രണ്ടാമതുള്ള ബാഴ്‌സലോണക്ക് അത്രതന്നെ കളികളില്‍ നിന്നും 55 പോയിന്റുമാണുള്ളത്.

TAGS :

Next Story