Quantcast

റയല്‍ മാഡ്രിഡിന് 118ാം പിറന്നാള്‍

13 ലാലിഗ, രണ്ട് യൂറോപ്പ കപ്പ്, 4 യുവേഫ സൂപ്പര്‍ കപ്പ്, 4 ക്ലബ് ലോകകപ്പ്, 19 കോപ്പ ഡെല്‍ റേ കിരീടങ്ങള്‍ ഇത്രയും സമ്പന്നമായ ഷെല്‍ഫ് മറ്റൊരു ഫുട്‌ബോള്‍ ക്ലബിനും അവകാശപ്പെടാനില്ല.

MediaOne Logo

Web Desk

  • Published:

    6 March 2020 11:04 AM IST

റയല്‍ മാഡ്രിഡിന് 118ാം പിറന്നാള്‍
X

ലോക ക്ലബ് ഫുട്‌ബോളിലെ രാജാക്കന്‍മാരാണ് റയല്‍ മാഡ്രിഡ്. സ്പാനിഷ് ഫുട്‌ബോളിലേക്ക് റയല്‍ ചുവടുവെച്ചിട്ട് 118 വര്‍ഷം തികയുകയാണ്. 1902 മാര്‍ച്ച് ആറിനായിരുന്നു ക്ലബ്ബിന്റെ പിറവി. ഇതിഹാസങ്ങളെ സൃഷ്ടിച്ച് ഫുട്‌ബോള്‍ ലോകം കീഴടക്കിയ റയലിന് ഇനി നേടാന്‍ ഒരു കിരീടവും ബാക്കിയില്ല.

ക്ലബ് ഫുട്‌ബോളില്‍ ഒരു ക്ലബിനെ കീഴടക്കാവുന്ന കൊടുമുടികളെല്ലാം കയറിയിട്ടുണ്ട് റയല്‍ മാഡ്രിഡ്. സ്പാനിഷ് ലീഗിന് തുടക്കമിട്ട ക്ലബുകളിലൊന്ന്. 1932 ലായിരുന്നു ആദ്യ കിരീട നേട്ടം. ഇതുവരെ 33 തവണ ആ കിരീടം സാന്റിയാഗോ ബെര്‍ണബ്യുവിലെ ഷെല്‍ഫിലെത്തി. ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയതിന്റെ പകിട്ടും റയലിന് തന്നെ.

സ്‌പെയിനിന് പുറത്തും റയല്‍ എതിരാളികളുടെ പേടി സ്വപ്നമായി മാറി. യൂറോപ്പിന്റെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന ചാമ്പ്യന്‍സ് ലീഗിലും കിരീടങ്ങളുടെ റെക്കോര്‍ഡ് റയലിനാണ്, 13 തവണ. രണ്ട് യൂറോപ്പ കപ്പ്, 4 യുവേഫ സൂപ്പര്‍ കപ്പ്, 4 ക്ലബ് ലോകകപ്പ്, 19 കോപ്പ ഡെല്‍ റേ കിരീടങ്ങള്‍ ഇത്രയും സമ്പന്നമായ ഷെല്‍ഫ് മറ്റൊരു ഫുട്‌ബോള്‍ ക്ലബിനും അവകാശപ്പെടാനില്ല.

ഡി സ്റ്റെഫാനോ

റയലിന്റെ നേട്ടങ്ങളില്‍ പ്രാദേശിക വൈരത്തിന്റെ ചേരുവകള്‍ കൂടിയുണ്ട്. എല്‍ക്ലാസികോ എന്ന പേരില്‍ അറിയപ്പെടുന്ന റയല്‍ മാഡ്രിഡ് ബാഴ്‌സലോണ പോര് നെഞ്ചിടിപ്പ് കൂട്ടാത്ത ഒരു ഫുട്‌ബോള്‍ പ്രേമിയും ഉണ്ടാവില്ല, അത്‌ലറ്റികോ മാഡ്രിഡുമായുള്ള മാഡ്രിഡ് ഡെര്‍ബിക്കും ആരാധകര്‍ ഏറെ.

ഡി സ്റ്റെഫാനോ, ഫ്രാങ്ക് പുഷ്‌കാസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സിനദിന്‍ സിദാന്‍, റൊണാള്‍ഡോ, ഫിഗോ, ബെക്കാം, കാര്‍ലോസ്, കസീയസ്... തൂവെള്ളയില്‍ വിസ്മയം കാട്ടിയ ഇതിഹാസങ്ങള്‍ അനവധി. മാഡ്രിഡിലെ ഒരുകൂട്ടം ആരാധകര്‍ ചേര്‍ന്ന് 1902ലാണ് മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബ്ബിന് രൂപം നല്‍കിയത്. പിന്നീട് ഇത് റയല്‍ മാഡ്രിഡ് എന്നറിയപ്പെട്ടു. 1920ല്‍ അല്‍ഫോണ്‍സോ എട്ടാമന്‍ രാജാവാണ് റയല്‍ മാഡ്രിഡ് എന്ന പേര് നിര്‍ദേശിച്ചത്.

സാന്റിയാഗോ ബെര്‍ണബ്യൂ ഡി യെസ്റ്റയുടെ നേതൃത്വമാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ റയലിന് രാജകീയ പദവി നേടിക്കൊടുത്തത്. 1912-27 വരെ ക്ലബ്ബിനായി കളിച്ച ബെര്‍ണബ്യൂ 1943-78 വരെ റയലിന്റെ പ്രസിഡന്റായിരുന്നു. ഡി സ്റ്റെഫാനോ, പുഷ്‌കാസ് തുടങ്ങിയ മഹാരഥന്മാരെ ക്ലബിലെത്തിച്ചത് അദ്ദേഹമാണ്. റയലിനായി സ്വന്തം മൈതാനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. അദ്ദേഹത്തോടുള്ള ആദരസൂചകമായി സാന്റിയാഗോ ബെര്‍ണബ്യൂ എന്ന പേരില്‍ ആ മൈതാനം അറിയപ്പെട്ടു.

റെക്കോര്‍ഡുകളും കിരീടങ്ങളും മാത്രമല്ല, സമ്പത്തുകൊണ്ടും ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്ലബുകളിലൊന്നാണ് റയല്‍. ട്രാന്‍സ്ഫര്‍ വിപണിയുടെ വമ്പന്‍ കൈമാറ്റങ്ങളില്‍ മിക്കപ്പോഴും ഒരു ഭാഗത്ത് റയല്‍ ഇടം പിടിച്ചു

ഈ സീസണിലും റയല്‍ കുതിപ്പ് തുടരുകയാണ്. ഇടക്കാലത്ത് ബാഴ്‌സലോണയ്ക്ക് മുന്നില്‍ കൈവിട്ട സ്‌പെയിനിന്റെ ചാമ്പ്യന്‍പട്ടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സിദാനും സംഘവും.

TAGS :

Next Story