Quantcast

നാടകാന്ത്യം... ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്

അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ അവസാന 25 മിനുറ്റിനുള്ളില്‍ മൂന്ന് ഗോള്‍ അടിച്ചായിരുന്നു അത്‌ലറ്റികോ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ പുറത്താക്കിയത്...

MediaOne Logo

Web Desk

  • Published:

    12 March 2020 3:20 AM GMT

നാടകാന്ത്യം... ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്
X

നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്. നീണ്ട ആവേശകരമായ മത്സരത്തിനൊടുവില്‍ അധികസമയത്ത് അത്‌ലറ്റികോ മാഡ്രിഡ് അടിച്ചുകൂട്ടിയ മൂന്ന് ഗോളുകളാണ് ലിവര്‍പൂളിനെ പുറത്താക്കിയത്. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോട്ട്മുണ്ടിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പിച്ച്(ഇരുപാദങ്ങളിലുമായി 3-2) പി.എസ്.ജി ക്വാര്‍ട്ടറിലെത്തി.

പ്രീമിയര്‍ ലീഗ് വമ്പന്മാരും നിലവിലെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന്റെ സൂക്ഷിപ്പുകാരുമായ ലിവര്‍പൂളിനെ സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡാണ് പുറത്താക്കിയത്. ഇരുപാദങ്ങളിലുമായി 4-2നാണ് അത്‌ലറ്റികോ മാഡ്രിഡ് ജയിച്ചത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനാണ് സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ശ്രമിച്ചത്. മറുവശത്ത് കളിയുടെ വേഗത പരമാവധി കുറച്ചായിരുന്നു അത്‌ലറ്റികോ മാഡ്രിഡ് തന്ത്രങ്ങള്‍ മെനഞ്ഞത്.

43ആം മിനുറ്റില്‍ ജോര്‍ജീനിയോ വൈനാള്‍ഡം നേടിയ തകര്‍പ്പന്‍ ഹെഡര്‍ ഗോളിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. പിന്നീട് നിശ്ചിത സമയം അവസാനിക്കുന്നതുവരെ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. നേരത്തെ ആദ്യ പാദത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 1-0ത്തിന് ജയിച്ചിരുന്നു. അതോടെ ഇരുപാദങ്ങളിലുമായി ടീമുകള്‍ 1-1ന്റെ സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് കടന്നു.

94ആം മിനുറ്റില്‍ റോബര്‍ട്ടോ ഫിര്‍മീനോ ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടരിലെത്തുമെന്ന പ്രതീക്ഷ വര്‍ധിച്ചു. പിന്നീടായിരുന്നു അത്‌ലറ്റികോ മാഡ്രിഡ് തനിസ്വരൂപം പുറത്തെടുത്തത്. 97, 105+1' മിനുറ്റുകളില്‍ മാര്‍ക്കസ് ലോറെന്റെയും സമയത്ത് അല്‍വാരോ മൊറാറ്റയും(120+1') അത്‌ലറ്റികോ മാഡ്രിഡിനായി ഗോളുകള്‍ നേടി. രണ്ട് മണിക്കൂറിലേറെ നീണ്ട മത്സരത്തിന്റെ അവസാന വിസില്‍ വന്നപ്പോള്‍ ലിവര്‍പൂളിനെ 3-2ന്(ഇരുപാദങ്ങളിലുമായി 4-2) തോല്‍പിച്ച് അത്‌ലറ്റികോ മാഡ്രിഡ് ക്വാര്‍ട്ടറില്‍.

TAGS :

Next Story